നോമ്പനുഷ്ടിക്കൂ…. ശക്തനാകൂ…..

ഓരോ ഇടവേളകള്‍ക്ക് ശേഷവും പോലീസിനേയും പട്ടാളത്തേയും പരിശീലനം നല്‍കി ശാക്തീകരിക്കുന്നത് സുരക്ഷാ സംവിധാനത്തില്‍ പതിവുള്ള കാര്യമാണ്. വര്‍ഷത്തിലൊരിക്കലുള്ള റമദാന്‍ മാസത്തിലെ വൃതാനുഷ്ടാനം മുസ്ലിംങ്ങള്‍ക്കുള്ള പരിശീലനവും അവരെ കരുത്തരുമാക്കുന്നു. അത് അവരെ ശാരീരികമായും ആത്മീയമായും മാനസികമായും ബൗദ്ധികമായും ശക്തരാക്കുന്ന പരിശീലന മാസമാണ് റമദാന്‍.
‘തഖ്വ’ ബോധം ആര്‍ജ്ജിക്കലാണ് ഇസ്ലാമിലെ എല്ലാ ആരാധനകളുടേയും ലക്ഷ്യമെങ്കില്‍, വൃതാനുഷ്ടാനത്തിന്‍െറ പരമ ലക്ഷ്യം തഖ്വ ബോധം സ്ഷ്ടിക്കലാണ്. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളെ! നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നു.നിങ്ങള്‍ ദൈവഭക്തിയുള്ളവരായേക്കാം (2:182). ബലൂണിന്‍്റെ അകത്ത് നിറക്കുന്ന രാസ പദാര്‍ത്ഥമാണല്ലോ അതിനെ ഉയരങ്ങളിലേക്ക് പറന്ന് പോകാന്‍ സഹായിക്കുന്നത്. ബലൂണിൻ്റെ വര്‍ണ്ണങ്ങള്‍ക്കോ ആകൃതിക്കോ അതില്‍ യാതൊരു സ്വാധീനവുമില്ല.
അത്പോലെ ഒരു വ്യക്തിയെ ഉന്നതിയിലേക്ക് നയിക്കുന്നതും ആദരണീയനാക്കുന്നതും ‘തഖ്വാ’ ബോധമാണെന്ന് ഖുര്‍ആന്‍ പറയുന്നു: ……..അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. 49:13 തഖ്വ ബോധമില്ലായ്മയാണ് പരാജയത്തിന് കാരണം.
തഖ്വ എന്താണെന്ന് വളരെ ലളിതമായ അലി (റ) വിവരിച്ചത് ഇങ്ങനെ: അല്ലാഹുവിനെ കുറിച്ച ഭയം ഉണ്ടാവുക. ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുക. കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് സംതൃപ്തനാവുക. അന്ത്യയാത്രക്കായി തയ്യാറെടുക്കുക. ശാരീരികവും ആത്മീയവും ബൗദ്ധികവും മാനസികവുമായ നാല് സുപ്രധാന ഘടകങ്ങളുടെ സമുച്ചയമാണ് മനുഷ്യന്‍. നമ്മെ ശാക്തീകരിക്കാന്‍ ഈ നാല് ഘടകങ്ങളും ശാക്തീകരിക്കേണ്ടതുണ്ട്.
ശാരീരിക ശാക്തീകരണം
ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിങ്കല്‍ ഉത്തമനും സ്വീകാര്യനുമെന്ന് പ്രവാചകന്‍ പറഞ്ഞു. നോമ്പ് നോക്കു ആരോഗ്യവാനാകൂ എന്നും യാത്ര ചെയ്യൂ നിങ്ങള്‍ ആരോഗ്യം നേടൂ എന്നും വിവാഹം കഴിക്കൂ ആരോഗ്യവാനാകൂ എന്നും പ്രവാചകന്‍ പറഞ്ഞു.
വൃതാനുഷ്ടാനത്തിലൂടെ ആരോഗ്യം പുഷ്ടിപ്പെടുമെന്ന് ആധുനിക വൈദ്യ ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. രക്തസഞ്ചാരം, ദഹനം, ഉദര സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം വൃതം ഉത്തമ ചികില്‍സയാണ് നോമ്പ്. പൊണ്ണത്തടിയും ശരീരത്തിലെ വിശാംഷങ്ങള്‍ ഇല്ലാതാക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അത് സഹായകമാണ്. ദഹനപ്രക്രിയക്ക് ആശ്വാസമാണ് നോമ്പ് നോല്‍ക്കല്‍. ശരീരത്തെ ദുര്‍ബലമാക്കുകയല്ല ശക്തിപ്പെടുത്തുകയാണ് വൃതാനുഷ്ടാനം.
ബൗദ്ധികമായ ശാക്തീകരണം
വിശ്വാസികളെ ബൗദ്ധികമായി ശാക്തീകരിക്കാന്‍ പര്യപ്തമാണ് റമദാനിലെ വൃതാനുഷ്ടാനം. അമിതമായ ഉപഭോഗത്വര മനുഷ്യനെ നിഷ്ക്രിയനാക്കുകയും ഉപവാസം ബുദ്ധിയെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. ബുദ്ധിയെ ശാക്തീകരിക്കാനുള്ള ഒൗഷധമാണ് വായന. റമദാനില്‍ അവതീര്‍ണ്ണമായ ഖുര്‍ആനിൻ്റെ ആദ്യ വചനം വായിക്കുക എന്നാണ്.
റമദാനില്‍ മുസ്ലിംങ്ങള്‍ ഖുര്‍ആന്‍ പല തവണ പരായണം ചെയ്യുന്നു. അതിനെ കുറിച്ച് ചിന്തിക്കുന്നത് ബൗദ്ധികമായ ഉണര്‍വ്വ് ഉണ്ടാക്കുന്നു. അനേകം നബി വചനങ്ങളും പരായണം ചെയ്ത്കൊണ്ടിരിക്കുന്ന സമയമാണ് റമദാന്‍. അന്നപാനീയങ്ങളോടും ലൈംഗികതയോടുമുള്ള നിയന്ത്രണമാകട്ടെ ചിന്താശക്തിയെ ശക്തിപ്പെടുത്തും.
മാനസികമായ ശാക്തീകരണം
ഇഛകളെ നിയന്ത്രിച്ച് മനസ്സിനെ ശരിയായ രൂപത്തില്‍ പരിശീലിപ്പിക്കാന്‍ വൃതാനുഷടാനം പോലെ മറ്റൊരു ആരാധനയും ഇല്ല. സഹാനുഭൂതി, ക്ഷമ,കാരുണ്യം, സ്നേഹം തുടങ്ങിയ അനേകം ഗുണങ്ങള്‍ ആര്‍ജ്ജിക്കുന്നതോടൊപ്പം കോപം, വിദ്വേശം,അസഭ്യം പറയല്‍ തുടങ്ങിയ അനേകം ദുര്‍ഗുണങ്ങളെ നോമ്പിലൂടെ വര്‍ജ്ജിക്കാന്‍ പരിശീലിപ്പിക്കുന്നു. വിഷപ്പും ദാഹവുമല്ലാതെ മറ്റൊന്നും ആര്‍ജ്ജിക്കാന്‍ കഴിയാത്ത എത്ര എത്ര നോമ്പുകാരണ് ഉള്ളത് എന്ന നബി (സ) പറഞ്ഞത് സദ്ഗുണങ്ങള്‍ ആര്‍ജ്ജിക്കാത്തവരെ കുറിച്ചാണ്.
ആത്മീയ ശാക്തീകരണം
ആത്മീയമായ ശക്തി ആര്‍ജ്ജിക്കാനുള്ള മാര്‍ഗം പൂര്‍വ്വ കാല തെറ്റുകള്‍ പൊറുത്തുതരുമെന്ന വിശ്വാസമാണ്. നോമ്പ് അത് സാധിച്ചുതരുമെന്ന് നബി (സ) പറഞ്ഞു: “വിശ്വാസത്തോടും സ്വയം വിചാരണയോടും കൂടി റമദാനില്‍ വൃതമനുഷ്ടിച്ചാല്‍ അയാളുടെ പൂര്‍വ്വകാല തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കും.” പൂര്‍വ്വ കാല പാപങ്ങള്‍ മായിച്ചുകളയാനും മനസ്സിലെ പാപക്കറ ഇല്ലാതാക്കാനും തീര്‍ച്ചയായും നോമ്പിന് സാധിക്കും.