റമദാനില്‍ കൂടുതലായി ചെയ്യേണ്ട ഉത്തമ കര്‍മ്മങ്ങള്‍

റമദാനില്‍ കൂടുതലായി ചെയ്യേണ്ട ഉത്തമ കര്‍മ്മങ്ങള്‍
  • മാർച്ച്‌ 8, 2025
  • ഇബ്‌റാഹിം ശംനാട്

റമദാന്‍ മാസം പുണ്യങ്ങളുടെ പൂക്കാലവും അത് വിശ്വാസികളുടെ വസന്തവുമാണ്. ഈ പുണ്യ മാസത്തെ എപ്രകാരം ഉപയോഗപ്പെടുത്തുന്നവൊ അതിനനുസരിച്ചായിരിക്കും പ്രതിഫലം ലഭിക്കുക. റമദാന്‍ മാസത്തില്‍, നിര്‍ബന്ധമായ നമസ്കരങ്ങള്‍ കൂടാതെ, ഉപവാസമനുഷ്ടിക്കലാണ് ഏറ്റവും പ്രധാനം. ഖുര്‍ആന്‍ പറയുന്നു:

“സത്യവിശ്വാസികളെ! നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലത്തെന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.” 2:183 അകാരണമായി റമദാനില്‍ നോമ്പനുഷ്ടിക്കാതിരിക്കുന്നത് വന്‍ പാപമാണെന്ന് മാത്രമല്ല റമദാന്‍ മാസത്തിലെ വൃതാനുഷ്ടാനത്തിന് അത് പകരമാവുകയുമില്ല.

ധരാളമായി രാത്രി നമസ്കാരം നിര്‍വ്വഹിക്കുകയാണ് പുണ്യമാസമായ റമദാനില്‍ അനുഷ്ടിക്കാനുള്ള മറ്റൊരു പ്രധാന ഐഛിക കര്‍മ്മം. “വിശ്വാസത്തോടും സ്വയം വിചാരണയോടേയും റമദാനില്‍ രാത്രി നമസ്കാരം നിര്‍വ്വഹിച്ചാല്‍ അയാളുടെ പൂര്‍വ്വകാല തെറ്റുകള്‍ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന്” നബി (സ) അരുളീട്ടുണ്ട്. രാത്രിയിലുള്ള തറാവീഹ് നമസ്കാരമാണത്.

ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍, ഖുര്‍ആനുമായി ആത്മ ബന്ധം പുലര്‍ത്തുക. പാരായണത്തില്‍ മാത്രം ഒതുക്കാതെ ആശയം മനസ്സിലാക്കാനുള്ള ശ്രമവും നടത്തണം. പാരായണം ചെയ്യുന്നതൊടെ അവസാനിക്കുന്നതല്ലല്ലോ ഖുര്‍ആന്‍ പഠനം. അത് കൂടതല്‍ പഠനത്തിനും മനനത്തിനും വഴിതുറക്കേണ്ടതാണ്.

റമദാനിലെ നോമ്പ് സഹജീവികളോട് ആർദ്രതയും അലിവുമുള്ളവരാവാന്‍ നമ്മെ ഉണര്‍ത്തുന്നു. വിശപ്പ് അനുഭവിക്കുന്നതിലൂടെ വിശക്കുന്നവരെ സഹായിക്കണമെന്ന ബോധം സ്വമേധയാ ജനിക്കുന്നു. റമദാനില്‍ ആഞ്ഞടിക്കുന്ന കാറ്റിന്‍റെ വേഗതയില്‍ പ്രവാചകന്‍ ദാനധര്‍മ്മം ചെയ്യുമായിരുന്നുവെന്ന് ഹദീസിലുണ്ട്. ആ മാതൃക പിന്‍പറ്റി സമൂഹത്തിലെ ആർദ്രരേയും അശണരേയും സഹായിക്കാന്‍ മുന്നിട്ടിറങ്ങുക.

നോമ്പ് നോറ്റവരെ നോമ്പ് തുറപ്പിക്കലാണ് റമദാനില്‍ ചെയ്യേണ്ട മറ്റൊരു പുണ്യകര്‍മ്മം. അതിലൂടെ നോമ്പ് നോറ്റ ആളുടെ പുണ്യം നോമ്പ് തുറപ്പിക്കുന്നവര്‍ക്കും ലഭിക്കുന്നു. ഉദാഹരണത്തിന് ഒരാള്‍ പത്ത് പേരെ നോമ്പ് തുറപ്പിച്ചാല്‍ പത്ത് നോമ്പനുഷ്ടിച്ചതിന് തുല്യമായ പ്രതിഫലം എന്നര്‍ത്ഥം. വിവിധ സന്ദര്‍ഭങ്ങളിലെ പ്രാര്‍ത്ഥനകള്‍, ദിക്റുകള്‍, നോമ്പുതുറ, അത്താഴം തുടങ്ങി എല്ലാം പുണ്യങ്ങളാണ്.

ഐക്യത്തിന്‍റെ, ഒരുമയുടെ, സ്നേഹത്തിന്‍റെ മാസമാണ് റമദാന്‍. കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. ചെന്നായക്ക് ഒറ്റപ്പെട്ട ആടിന്‍ കുട്ടിയെ പിടിക്കാന്‍ എളുപ്പമാണല്ലോ? റമദാനില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ഏറെ പുണ്യകരമാണ്.

റമദാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ പള്ളികളില്‍ ‘ഇഅ്തികാഫ്’ ഇരിക്കുന്നതും ഉത്തമമായ ഇബാദത്താണ്. സര്‍വ്വോപരി റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രിയായ ‘ലൈലത്തുല്‍ ഖദ്റില്‍’ ചെയ്യുന്ന പുണ്യ കര്‍മ്മങ്ങള്‍ക്ക് ആയിരം മാസങ്ങള്‍ കൊണ്ട് നേടാന്‍ കഴിയുന്നതിനേക്കാള്‍ പ്രതിഫലം ഒരൊറ്റ രാത്രിയില്‍ തന്നെ നേടാന്‍ കഴിയുന്നു എന്നതും റമദാനിന്‍രെ പ്രത്യേകതയാണ്.

സാധ്യമാവുന്നവര്‍ റമദാനില്‍ ഉംറ ചെയ്യുന്നതും മദീനയിലെ മസ്ജിദ് നബവിയും മസ്ജിദ് അഖ്സയും സന്ദര്‍ശിക്കുന്നതും വലിയ പുണ്യമുള്ള കര്‍മ്മങ്ങളാണ്. ഒരു നബി വചനം ഇങ്ങനെ: എന്‍റെ പള്ളിയില്‍ (മസ്ജിദുന്നബവി) ഒരു നമസ്കാരം, മറ്റെതൊരു പള്ളിയിലും ആയിരം നമസ്കാരത്തേക്കാള്‍ ഉത്തമമാണ്. മസ്ജിദുല്‍ ഹറാം ഒഴികെ. മസ്ജിദുല്‍ ഹറാമിലെ ഒരു നമസ്കാരം മറ്റെതൊരു പള്ളിയിലും ഒരു ലക്ഷം നമസ്കാരത്തേക്കാള്‍ ഉത്തമമാണ്. ” (ഇബ്നു മാജ). റമദാനിലാവുമ്പോള്‍ പ്രതിഫലം വീണ്ടും വര്‍ധിക്കുന്നു.

മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ സല്‍കര്‍മ്മങ്ങള്‍ നമ്മുടെ സ്വഭാവത്തെ മെച്ചപ്പെടുത്താന്‍ സഹായകമാവണം. ആ ഫലം ലഭിക്കുന്നില്ലെങ്കില്‍, കര്‍മ്മങ്ങള്‍ പാഴായിപോവുമൊ എന്ന് ഭയപ്പെടേണ്ടതുണ്ട്. കാരണം, അനാവശ്യമായ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിട്ടു നില്‍ക്കുന്നില്ലെങ്കില്‍ അന്ന-പാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ലെന്ന് നബി (സ) വ്യക്തമാക്കിയതാണ്.