ഹജജുന്‍ മബ്റൂര്‍ അഥവാ പുണ്യകരമായ ഹജജിന്‍റെ വിവക്ഷ

താങ്കളുടെ ഹജജ് പുണ്യകരമാവട്ടെ (ഹജജുന്‍ മബ്റൂര്‍) എന്ന് ഹാജിമാര്‍ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ മൊഴിയുന്നത് ഇസ്ലാമിക സംസ്കാരത്തില്‍പ്പെട്ടതും സാധാരണ നാം കേള്‍ക്കാറുള്ളതുമാണ്. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ലെന്ന നബി (സ) യുടെ വചനം വിശ്രുതമാണല്ലോ? അത്തരമൊരു ഹജജ് നിര്‍വ്വഹിക്കാന്‍ ഓരോ ഹാജിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ധാരാളം ക്ലേശവും ദുരിതവും സഹിച്ച് ഹജജ് ചെയ്യുന്നതിന്‍റെ പ്രതിഫലം പാഴായിപോവുന്നത് എത്ര നിരാശാജനകമാണ്.
ഒരിക്കല്‍ പ്രവാചകന്‍റെ അനുചരന്മാര്‍ ചോദിച്ചു: തിരുദൂതരെ! എന്താണ് ഹജജുന്‍ മബ്റൂര്‍ എന്ന് പറഞ്ഞു തന്നാലും, അദ്ദേഹം പറഞ്ഞു: ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, സലാം പ്രചരിപ്പിക്കുക. മറ്റൊരു നിവേദനത്തില്‍ നല്ല വാക്ക് പറയുക എന്ന് കൂടിയുണ്ട്. അവര്‍ വീണ്ടും ചോദിച്ചു: എന്താണ് അല്‍ബിര്‍റ്? തിരുമേനി പറഞ്ഞു: സല്‍സ്വഭാവമാണ് അല്‍ബിര്‍റ് (പുണ്യം). അഥവാ ജനങ്ങളോട് നല്ല നിലയില്‍ പെരുമാറലും ഇടപെടലുമാണത്.
അല്ലാഹുവിനെ ധാരളമായി സ്മരിക്കുന്നതും ഹജജുന്‍ മബ്റൂര്‍ ആവാന്‍ അനിവാര്യമാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്‍ബിര്‍റിനെ വിശദീകരിച്ചുകൊണ്ട് ഹാഫിദ് ഇബ്നു റജബ് പറഞ്ഞു: സൂറത്ത് ബഖറയിലെ 177 മാത്തെ ആയത്തില്‍ ആറുതരം ബിര്‍റിനെ (പുണ്യം) കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ആ ആറു കാര്യങ്ങളും ചെയ്തു നിര്‍വ്വഹിക്കുന്നതാണ് പുണ്യകരമായ ഹജജ്.
ആയത്തിന്‍റെ അര്‍ത്ഥം:
“നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും നല്‍കുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാല്‍ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധവേളയിലും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. സൂക്ഷ്മത പുലര്‍ത്തുന്നവരും അവര്‍ തന്നെ.”( 2:177 )
ആയത്തില്‍ പരാമര്‍ശിച്ച ആറ് തരം ബിര്‍റുകൾ
1. ഈമാന്‍ ഉണ്ടായിരിക്കുക
2. ഉറ്റ ബന്ധുക്കള്‍ക്കും യതീമിനും, മിസ്കീനിനും, വഴിപോക്കര്‍ക്കും, ചോദിക്കുന്നവര്‍ക്കും കൊടുക്കുക
3. നമസ്കാരം നിലനിര്‍ത്തുക
4. സകാത്ത് കൊടുക്കുക
5. കരാര്‍ പൂര്‍ത്തിയാക്കുക
6. ദുരിതവും പ്രയാസവും നേരിടുമ്പോള്‍ ക്ഷമ പാലിക്കുക
ഹാജിമാര്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മുറുകെപിടിച്ച് ജീവിക്കുമ്പോഴാണ് ഹജജുന്‍ മബ്റൂര്‍ ആവുകയും സ്വര്‍ഗ്ഗം അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നത്.