വൃതാനുഷ്ടാനം വിശ്വാസികളെ ശാക്തീകരിക്കുന്നത് എങ്ങനെ? 

വൃതാനുഷ്ടാനം വിശ്വാസികളെ ശാക്തീകരിക്കുന്നത് എങ്ങനെ? 
  • ഓഗസ്റ്റ്‌ 31, 2021
  • ഇബ്റാഹീം ശംനാട്

ലോക രാഷ്ട്രങ്ങളെല്ലാം തങ്ങളുടെ സൈനിക വ്യൂഹത്തിന് ഓരൊ ഇടവേളക്ക് ശേഷവും പ്രത്യേകം പരിശീലനം നല്‍കി അവരെ ശാക്തീകരിക്കുന്നത്  സൈനിക വിദ്യാഭ്യാസത്തിന്‍്റെ പതിവ് നടപടി ക്രമങ്ങളുടെ ഭാഗമാണ്. മുസ്ലിംങ്ങളെ സംബന്ധിച്ചേടത്തോളം റമദാന്‍ മാസത്തിലെ വൃതാനുഷ്ടാനവും അതുപോലെയാണ്.  ശാരീരികമായും ആത്മീയമായും  ബൗദ്ധികമായും മാനസികമായും കരുത്തരാക്കുന്ന പരിശീലന മാസമാണ് റമദാന്‍.  വിശ്വാസികളെ എല്ലാ തലത്തിലും ശാക്തീകരിക്കാനുള്ള തീവ്രമായ പരശീലനമാണ് റമദാനില്‍ നടക്കുന്നത്. കുതിരയെ പരിശീലിപ്പിക്കുന്നതിനാണ് അറബിയില്‍ സൗമ് എന്ന വാക്ക് ഉപയോഗിക്കുന്നത്. അതെ വാക്ക് വൃതത്തിനും ഉപയോഗിച്ചിരിക്കുന്നതില്‍ നിന്ന് അക്കാര്യം വ്യക്തമാണ്.  

ആത്മീയവും ശാരീരികവും ബൗദ്ധികവും മാനസികവുമായ നാല് ശക്തമായ ഘടകങ്ങള്‍ ചേര്‍ന്നാണ് മനുഷ്യന്‍്റെ അസ്തിത്വം രൂപപ്പെടുന്നത്. പ്രസ്തുത നാല് ഘടകങ്ങളേയും സന്തുലിതമായി ശാക്തീകരിക്കുമ്പോഴാണ് ശരിയായ ശാക്തീകരണം കൈവരിക്കാന്‍ കഴിയുക. വൃതാനുഷ്ടാനം വിശ്വാസികളെ എങ്ങനെ ശാക്തീകരിക്കുന്നു എന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്‍്റെ ലക്ഷ്യം.

1. ആത്മീയ ശാക്തീകരണം
ഒരു ബലൂണിന്‍്റെ അകത്ത് നിറക്കുന്ന രാസ പദാര്‍ത്ഥമാണല്ളൊ അതിനെ ഉയരങ്ങളിലേക്ക് കുതിക്കാന്‍ സഹായിക്കുന്നത്്. അത്പോലെയാണ് വ്യക്തിയെ ഉന്നതിയിലേക്ക് എത്തിക്കുന്നത് അവരുടെ അന്തരാളത്തിലുള്ള തഖ്വാ ബോധമാണ്.  ഖുര്‍ആന്‍ പറയുന്നു: ……..അല്ലാഹുവിന്‍്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. 49:13 ഹൃദയത്തിലേക്ക് ചൂണ്ടി, തഖ്വ ഇവിടെയാണെന്ന് നബി അരുളീട്ടുണ്ട്. മനുഷ്യനെ ഇഹ പര വിജയത്തിലേക്ക് എത്തിക്കുന്ന ഇന്ധനമാണ് തഖ്വ.

മനസ്സിലെ പാപത്തിന്‍്റെ കറ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ റമദാനിലെ വൃതാനുഷ്ടാനവും മറ്റു കര്‍മ്മങ്ങളും സഹായിക്കുമെന്ന് നബി (സ) അരുളുകയുണ്ടായി.  വിശ്വാസത്തോടും സ്വയം വിചാരണയോടും കൂടി റമദാനില്‍ വൃതമനുഷ്ടിച്ചാല്‍ അയാളുടെ പൂര്‍വ്വകാല തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കും.  രാത്രയിലെ നമസ്കാരത്തെ കുറിച്ച് നബി (സ) പറഞ്ഞു:  വിശ്വാസത്തോടും സ്വയം വിചാരണയോടും കൂടി റമദാനില്‍ രാത്രി നമസ്കാരം നിര്‍വ്വഹിച്ചാല്‍ അയാളുടെ പൂര്‍വ്വകാല തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കും.  

2. ശാരീരിക ശാക്തീകരണം
ശരീരത്തെ അവഗണിക്കുകയും ആത്മാവിനെ പോഷിപ്പിക്കുകയും ചെയ്യുന്ന കേവല ആത്മീയ സരണിയുടെ പേരല്ല ഇസ്ലാം. ശാരീരിക ശാക്തീകരണത്തിനും ഇസ്ലാം ഊന്നല്‍ നല്‍കീട്ടുണ്ട്. ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിങ്കല്‍ ഉത്തമനും സ്വീകാര്യനുമെന്ന് പ്രവാചകന്‍ അരുളുകയുണ്ടായി.  നോമ്പ് നോക്കു ആരോഗ്യവാനാകൂ എന്ന നബി വചനം വൃതാനുഷ്ടാനത്തിലൂടെ കരുത്തനാവാം എന്ന് ഉണര്‍ത്തുന്നു.  

വൃതാനുഷ്ടാനത്തിലൂടെ ആരോഗ്യം പുഷ്ടിപ്പെടുമെന്ന് ആധുനിക വൈദ്യ ശാസ്ത്രം സംശയമില്ലാത്ത വിധം തെളിയിച്ചിരിക്കുകയാണ്. രക്തസഞ്ചാരം, ദഹനം, ഉദര  സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം വൃതം ഉത്തമ ചികില്‍സാരീതിയാണ്. അക്കാര്യം ബോധ്യമായതിനാല്‍, സഹോദര സമുദായ അംഗങ്ങള്‍ പോലും വൃതമനുഷ്ടിക്കുന്ന പതിവ് ഇന്ന് മുമ്പെന്നത്തെക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്.കൂടാതെ വൃതം നമ്മുടെ ശരീരത്തിലെ വിശാംഷങ്ങള്‍ ഇല്ലാതാക്കി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുതോടപ്പം പൊണ്ണത്തടി കുറക്കുകയും ആമാശയത്തിന്‍്റെ ദഹനപ്രക്രിയ  ആയാസകരമാക്കുന്നു.

3. ബൗദ്ധികമായ ശാക്തീകരണം
വിശ്വാസികളെ ബൗദ്ധികമായി ശാക്തീകരിക്കാന്‍ പര്യപ്തമാണ് റമദാനിലെ വൃതാനുഷ്ടാനം. അമിതമായ ഉപഭോഗത്വര മനുഷ്യനെ നിഷ്ക്രിയനും നിരുല്‍സാഹിയുമാക്കുമ്പോള്‍, ഉപവാസം ബുദ്ധിയുടെ പ്രവര്‍ത്തനം ചടുലവും സജീവവുമാക്കുന്നു. മനുഷ്യ ബുദ്ധിയെ ശാക്തീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒൗഷധമാണ് വായന.  റമദാനില്‍ അവതീര്‍ണ്ണമായ ഖുര്‍ആന്‍െറ പ്രഥമ ആഹ്വാനം തന്നെ വായിക്കുക എന്നാണ്. ആ ആഹ്വാനം ചെവികൊണ്ട് പ്രവര്‍ത്തിച്ചതിന്‍െറ ഫലമായിരുന്നു മധ്യകാലത്തെ മുസ്ലിം സമൂഹം വൈജ്ഞാനിക പുരോഗതി കൈവരിച്ചത്.

റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ധാരാളമായി പരായണം ചെയ്യുകയും അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നത് വിജ്ഞാനത്തിന്‍്റെ അടിത്തറ പണിയാന്‍ സഹായകമാണ്. ഭദ്രമായ അടിത്തറയില്ലാതെ ഉന്നതിയിലേക്കത്തെുക അപ്രാപ്യം. ആ നഷ്ടപ്പെട്ട വൈജ്ഞാനിക അടിത്തറ പുന:സൃഷ്ടിക്കേണ്ട അവസരമാണ് റമദാന്‍.  ഖുര്‍ആനില്‍ നിന്നും അത് പ്രചോദിപ്പിക്കുന്ന വൈജ്ഞാനിക ശാഖകളില്‍ നിന്നും  അകന്നതാണ് നമ്മുടെ അധ:പതനത്തിന്‍്റെ കാരണം. റമദാനില്‍ ഖുര്‍ആന്‍ കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ ബൗദ്ധിക അടിത്തറ ശക്തിപ്പെടുന്നു.

4. മാനസികമായ ശാക്തീകരണം
മനസ്സിന് വലിയ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം.  മനസ്സുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ ഖുര്‍ആനിലും നബി വചനങ്ങളിലും കാണാം. നാവിനേയും ഇഛകളേയും നിയന്ത്രിച്ച് മനസ്സിനെ ശരിയായ രൂപത്തില്‍ പരിശീലിപ്പിക്കാന്‍ വൃതാനുഷടാനം ഫലപ്രദമാണ്. അനുവദനീയമായ കാര്യങ്ങള്‍ പോലും വൃതാനുഷ്ടിക്കുമ്പോള്‍ വിലക്കുന്നത് ആ പരിശീലനത്തിന്‍്റെ ഭാഗമാണ്. ഒരു കാര്യം തുടര്‍ച്ചയായി 21 ദിവസം ആവര്‍ത്തിച്ചാല്‍ അത് ഉപബോധമനസ്സില്‍ പതിയുകയും ജീവിതചര്യയുടെ ഭാഗമായിത്തീരുമെന്ന് മന:ശ്ശാസ്ത്രം പഠിപ്പിക്കുന്നു.

ഇങ്ങനെ എല്ലാ തലത്തിലും ശാക്തീകരണത്തിനുള്ള ഏറ്റവും ഉത്തമ ആരാധനയാണ് വൃതാനുഷ്ടാനം.  ജീവിതത്തില്‍ ഒരിക്കല്‍ കൂടി ലഭിച്ച ഈ അസുലഭ സന്ദര്‍ഭം ആസൂത്രണത്തോടെ ഉപയോഗപ്പെടുത്തുന്നതിലാണ് നമ്മുടെ വിജയം. സമയം പാഴാക്കിയും ആലസ്യത്തിലും ഭക്ഷണ വിഭവങ്ങളിലുമായി റമദാനിലെ അമൂല്യ സമയം പാഴാക്കിയാല്‍ ശാക്തീകരണം സാധ്യമല്ളെന്ന് മാത്രമല്ല, പരലോകത്തും വിജയിക്കാന്‍ കഴിയില്ല. മുകളില്‍ വിവരിച്ച ശാക്തീകരണത്തിന്‍്റെ നാല് ഘടകങ്ങളേയും സമന്വയിപ്പിച്ച് കൊണ്ടുള്ള കര്‍മ്മ പരിപാടികളുമായി നമുക്ക് മുന്നോട്ട് പോകാം.