നിയ്യത്തും ഇഖ്‍ലാസും/ ഉദ്ദേശ്യവും ആത്മാർത്ഥതയും

മറ്റൊരു മതത്തിലുംസിദ്ധാന്തത്തിലും കാണാത്തത്രയും സമൃദ്ധമായ സാങ്കേതിക പദങ്ങൾ കൊണ്ട് സമ്പന്നമാണ് ഇസ്‍ലാം മതം. അത്തരത്തിൽപ്പെട്ട രണ്ട് പദങ്ങളാണ് നിയ്യതും ഇഖ്‍ലാസും. ഉദ്ദേശ്യവും ആത്മാർത്ഥതയും എന്നാണ് യഥാക്രമം അതിെന്റ വിവിക്ഷ. മുസ്‍ലിംങ്ങളുടെ ജീവിതവുമായും പ്രവർത്തനവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ രണ്ട് പദങ്ങളുമെന്ന കാര്യത്തിൽ സംശയമില്ല. വിത്തിൽ ബീജമടങ്ങീട്ടുള്ളത് പോലെ, നിയ്യതിൽ ഇഖ്‍ലാസും ഉൾചേരേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ അല്ലാഹുവിങ്കൽ സൽകർമ്മങ്ങൾ സ്വീകാര്യമാവില്ല. ചാപിള്ളയായി മാറും.
നിയ്യതും ഇഖ്‍ലാസും രണ്ടും ആഴത്തിൽ മനസ്സിലാക്കാതെയും വിശകലനം ചെയ്യാതെയുമാണ് പലരും പലർക്കും യഥേഷ്ടം സ്വർഗപ്രവേശം നൽകുന്നത്. മുസ്‍ലിമായി സൽകർമ്മം ചെയ്യുന്ന ഒരാൾക്ക് നിയ്യതും ഇഖ്‍ലാസും സുപ്രധാനമായ കാര്യമാണ്. നന്മ ചെയ്യുക എന്നത് മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. കാരണം മനുഷ്യരിൽ ജന്മനാ തന്നെ നന്മയോടു ആഭിമുഖ്യമുണ്ടെന്നാണ് ഇസ്‍ലാമിക കാഴ്ചപ്പാട്. “എന്നിട്ടവൻ അതിന് (മനുഷ്യ മനസിന്) ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കി.” ( 91:8 ) ആ നിലക്ക് മനുഷ്യർ നന്മയോടും ആഭിമുഖ്യമുള്ളവരാണ്.
മനുഷ്യർ നന്മ ചെയ്യുന്നു എന്നതല്ല അല്ലാഹുവിങ്കൽ പ്രധാനം. മറിച്ച്, അതിൽ, നിയ്യതും ഇഖ്‍ലാസും ഉൾചേർന്നിട്ടുണ്ടൊ എന്നതാണ് പ്രധാനം. ഒരു പ്രത്യേക കാര്യം ചെയ്യാനുള്ള ഉദ്ദേശ്യമോ ദൃഢനിശ്ചയമോ ആണ് നിയ്യത് (ഉദ്ദേശ്യം). ഒരു പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പാണ് ഉദ്ദേശ്യം ഉണ്ടാകുന്നത്. ആ പ്രവർത്തനം ആരാധനകളൊ മറ്റു ജീവിത വ്യവഹാരമൊ എന്തുമാകാം. അത് അല്ലാഹുവിെന്റ പ്രീതിക്കും പൊരുത്തതിനുമനുസരിച്ചാവുമ്പോഴാണ് അല്ലാഹു അതിന് പ്രതഫലം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒരു നബി വചനം ഇങ്ങനെ:
إنَّما الأعمالُ بالنِّيَّاتِ وإنَّما لِكلِّ امرئٍ ما نوى فمن كانت هجرتُهُ إلى اللَّهِ ورسولِهِ فَهجرتُهُ إلى اللَّهِ ورسولِهِ ومن كانت هجرتُهُ إلى دنيا يصيبُها أو امرأةٍ ينْكحُها فَهجرتُهُ إلى ما هاجرَ إليْهِ
“പ്രവൃത്തികൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്, ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് ലഭിക്കും. അതിനാൽ അല്ലാഹുവിനും അവന്റെ ദൂതനും വേണ്ടി ആരെങ്കിലും ഹിജ്‌റ പോയാൽ, അവന്റെ ഹിജ്‌റ അല്ലാഹുവിനും അവന്റെ ദൂതനും വേണ്ടിയായിരിക്കും. ആരെങ്കിലും ലൗകിക നേട്ടത്തിനോ അല്ലെങ്കിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ച്, ഹിജ്റ ചെയ്താൽ, അയാൾ എന്തിനാെണാ ഹിജ്റ ചെയ്യുന്നത് അതിനുവേണ്ടിയാണ്.”
നിയ്യതുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന കാര്യമാണ് ഇഖ്‍ലാസ്. കപടതയും ആളുകളുടെ പ്രശംസ തേടുന്നതിന്റെയും യാതൊരു മാലിന്യവുമില്ലാതെ, സർവ്വശക്തനായ അല്ലാഹുവിന് വേണ്ടി മാത്രം പ്രവൃത്തിക്കുക എന്നതാണ് ഇഖ്‍ലാസ് അഥവാ ആത്മാർത്ഥതകൊണ്ട് അർത്ഥമാക്കുന്നത്. ഒരു സൽകർമ്മം ചെയ്യുമ്പോൾ ആത്മാർത്ഥത കാണിക്കുന്നതിെന്റ കാരണം, വ്യക്തി തന്റെ പ്രവൃത്തി പൂർണ്ണമായും അല്ലാഹുവിന് വേണ്ടി ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ്.
നിയ്യത് വെക്കാത്ത പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കാത്തത് പോലെ, ഇഖ്‍ലാസ് ഇല്ലാത്ത പ്രവർത്തനങ്ങളും സ്വീകര്യമല്ല. കാരണം ഖുർആൻ ഇങ്ങനെ വ്യക്തമാക്കയിരിക്കുന്നു:
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ
വിധേയത്വം അല്ലാഹുവിനു മാത്രമാക്കി അവനെ മാത്രം വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവരോട് കല്‍പിച്ചിട്ടില്ല. ഒപ്പം നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും സകാത്ത് നല്‍കാനും. അതാണ് ചൊവ്വായ ജീവിതക്രമം. ( 98:5 )
നിയ്യത് അഥവാ ഉദ്ദേശ്യം, പ്രവർത്തനത്തിന്റെ പ്രാരംഭ ലക്ഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഒരു പ്രവൃത്തി ദൈവം സ്വീകരിക്കുന്നതിനുള്ള ഉപാധിയാണ് ഇഖ്‍ലാസ് അഥവാ ആത്മാർത്ഥത. ചുരുക്കത്തിൽ, ഉദ്ദേശ്യം, നിയ്യത്, ഒരു തുടക്കമാണ്. എന്നാൽ, ഇഖ്‍ലാസ്, ആത്മാർത്ഥത, അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കത്തക്കവിധം പ്രവൃത്തിയെ ശുദ്ധീകരിക്കലാണത്. സഹല്‍ ബിന്‍ സഅദിനോട് ഏറ്റവും പ്രയാസകരമായ കാര്യം ഏതാണെന്ന് ആരാഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ‘ഇഖ്ലാസ്’ എന്നായിരുന്നു.
സ്രഷ്ടാവിനെ മാത്രം കാണുകയും സൃഷ്ടിയെ കാണാതിരിക്കലുമാണ് ഇഖ്ലാസ്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, വാട്ട്സപ് നോക്കുമ്പോൾ പോലും, നിയ്യതും ഇഖ്‍ലാസുമുണ്ടെങ്കിൽ, തിന്മയിലേക്ക് വഴുതി വീഴുന്നത് തടയുമെന്ന് മാത്രമല്ല, അല്ലാഹുവിങ്കേൽ പ്രതിഫലാർഹവുമാണ്.
ഏതൊരു പ്രവര്‍ത്തനത്തിന്‍റെയും തുടക്കം കുറിക്കുന്നതിന്‍റെ പ്രേരകം ഉദ്ദേശ്യമാണ്. ആ ഉദ്ദേശ്യം കൃത്യമായല്‍ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ഉദ്ദേശ്യത്തോടെ പഠിക്കുന്നവരുടേയും യാതൊരു ഉദ്ദേശ്യവുമില്ലാതെ പഠിക്കുന്നവരുടേയും അനുഭവം നമ്മുടെ മുമ്പിലുണ്ട്. മനുഷ്യരെ ഞാൻ വഴിപിഴപ്പിക്കുമെന്ന്, പിശാച് അല്ലാഹുവിനോട് സത്യം ചെയ്തുകൊണ്ട് പറയുന്നുണ്ടെങ്കിലും അവരിലെ ആത്മാർത്ഥതയുള്ള അടിമകളെ വഴിപിഴപ്പിക്കാൻ സാധ്യമല്ലെന്ന് ഇബ്‍ലീസ് സശിരകബം സമ്മതിക്കുന്നുണ്ട്. (ഖുർആൻ അധ്യായം 38:83)
നബിമാരായ യൂസഫും മൂസയും അല്ലാഹുവിെന്റ നിസ്വാർത്ഥരും ആത്മാർത്ഥതയുള്ള അടിമകളായിരുന്നുവെന്ന് ഖുർആൻ വ്യക്തമാക്കീട്ടുണ്ട്. അല്ലാഹുവിന് വേണ്ടി മാത്രം സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ അവന്‍ പ്രതിഫലം നല്‍കേണ്ട കാര്യമില്ല. ഇസ്‍ലാമിെന്റ മാനവികത ഉയർത്താനെന്ന വ്യാജേന, ഈ മഹത്തായ രണ്ട് മുല്യങ്ങളെ, അവഗണിച്ചുകൊണ്ട്, സുകൃതം ചെയ്താൽ മതി എന്ന് വിശ്വസിക്കുന്നവരോട് സഹതപിക്കുകയെ നിർവ്വാഹമുള്ളൂ. കാരണം, അല്ലാഹുവിൽ പങ്ക്ചേർക്കലാണത് (സൂറത് അനിസാഅ് 142).