ഇസ്ലാമിക പ്രബോധനം വ്യക്തി ബാധ്യത

ഇസ്ലാമിക പ്രബോധനം വ്യക്തി ബാധ്യതയൊ സാമൂഹ്യ ബാധ്യതയൊ എന്നതിനെ കുറിച്ച് വിത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാമെങ്കിലും, ഇന്നത്തെ സാഹചര്യത്തില്‍, അത് ഒരു വ്യക്തിഗത ബാധ്യതയായി പരിഗണിക്കുകയാണ് ഏറ്റവും അഭിഗാമ്യമായിട്ടുള്ളത്. ഏതൊരു ആശയത്തിനും സ്വീകാര്യതയും പ്രചാരണവും ലഭിക്കുന്നത് അതിന്‍റെ ശക്തവും ആസൂത്രിതവുമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയാണല്ലോ?
വാള്‍കൊണ്ടൊ നിര്‍ബന്ധിത മതമാറ്റംകൊണ്ടൊ പ്രചരിച്ച മതമല്ല ഇസ്ലാം. ഓരോ മുസ്ലിമും സംഘംചേര്‍ന്ന് നിര്‍വ്വഹിക്കേണ്ട നിര്‍ബന്ധ അനുഷ്ടാനമായ നമസ്കാരം, സകാത്, നോമ്പ്, ഹജ്ജ് എന്നി അടിസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഒരു കാര്യമാണ് സത്യസാക്ഷ്യ (ശഹാദത്തുല്‍ ഹഖ്) നിര്‍വ്വഹണവും. സ്വയം സത്യ സാക്ഷ്യം അംഗീകരിച്ച് ആരാധനകള്‍ അനുഷ്ടിച്ചാല്‍ മാത്രം മതിയാവുകയില്ല. ഇസ്ലാമിക പ്രബോധനവും ഓരോരുത്തരും നിര്‍വ്വഹിക്കേണ്ടതുണ്ട്.
ഖുര്‍ആന്‍ ചോദിക്കുന്നു: “അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ‘ഞാന്‍ മുസ്ലിംകളില്‍പെട്ടവനാണെ’ന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?” ( ഫുസ്സിലത്: 33 ).
മറ്റൊരു അധ്യായത്തില്‍ അക്കാര്യം ഉണര്‍ത്തുന്നതിങ്ങനെ: യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്‍റെ നാഥന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്‍റെ നാഥന്‍ തന്‍റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍.” ( അന്നഹ് ല്: 125).
സൂറത്ത് അശ്ശൂറയില്‍ ഇസ്ലാമിക പ്രബോധനം നര്‍വ്വഹിക്കാന്‍ കല്‍പിക്കുന്നത് ഇങ്ങനെ: അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. കല്‍പിക്കപ്പെട്ടപോലെ നേരാംവിധം നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്…………. 42:15 സൂറത്ത് ഹജജിലും (67) ഇതേ കാര്യം ഉണര്‍ത്തുന്നുണ്ട്.
ഇസ്ലാമിക പ്രബോധനം നര്‍വ്വഹിക്കേണ്ടതിന്‍റെ പ്രാധാന്യം ഇത്തരം നിരവധി സൂക്തങ്ങള്‍ കൂടാതെ, ധാരാളം നബി വചനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്: ഒരു സൂക്തമെങ്കിലും നിങ്ങള്‍ എന്നില്‍ നിന്നും എത്തിച്ചുകൊടുക്കുക എന്ന് അരുളിയ പ്രവാചകന്‍, നിങ്ങള്‍ മുഖാന്തരം ഒരാള്‍ ഇസ്ലാം സ്വീകരിക്കുന്നത്, ഈ ലോകത്തിലെ ഏറ്റവും വിലകൂടിയ വസ്തു നിങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ ഉത്തമമാണെന്നും ഓര്‍മ്മപ്പെടുത്തുകയുണ്ടായി.
പ്രവാചകന്‍ നിര്‍വ്വഹിച്ച പ്രബോധന പ്രവര്‍ത്തനഫലമായി സഹാബിമാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ഖദീജ, സൈദ്ബ്ന് ഹാരിസ് തുടങ്ങി ഇസ്ലാം സ്വീകരിച്ച സ്ത്രീ പുരുഷന്മാര്‍ നിരവധിയായിരുന്നു. മിസ്അബ് ബിന് ഉമൈറിനെ മദീനയിലും മുആദ് ഇബ്നു ജബലിനെ യമനിലേക്കും ഇസ്ലാം പഠിപ്പിക്കാന്‍ വേണ്ടി നിയോഗിച്ചത് നബിയുടെ ജീവിത കാലത്ത് തന്നെയായിരുന്നു. ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ എത്തിയവരോടും ഉകാദ് ചന്തയിലേക്കും കച്ചവടത്തിന് വന്നവരോടും നബി ഇസ്ലാമിനെ പരിചയപ്പെടുത്തുകയുണ്ടായി.
അല്ലാഹുവിന്‍റെ കല്‍പന, പ്രവാചകന്‍റെ നിര്‍ദ്ദേശവും മാതൃകയും, പുര്‍വ്വ പ്രവാചകന്മാരുടെ മാതൃക എല്ലാം ശക്തമായ പിന്‍ബലമുള്ള കാര്യമാണ് ഇസ്ലാമിക പ്രബോധന കര്‍ത്തവ്യം. മാനവ സമൂഹത്തിന് ദൈവിക സന്ദേശം ലഭ്യമാക്കാനുള്ള മാര്‍ഗ്ഗമാണ് ‘ദഅ് വത്’ അഥവാ ഇസ്ലാമിലേക്കുള്ള ക്ഷണം. ഏതൊരു നിര്‍ബന്ധ കര്‍ത്തവ്യത്തിന്‍റെയും സ്വഭാവം ഇതിനുമുണ്ട് എന്നല്ലേ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്? സാമൂഹികമായി നിര്‍വ്വഹിക്കാന്‍ പറ്റുമ്പോള്‍ അങ്ങനേയും അല്ലാതിരിക്കുമ്പോള്‍ വ്യക്തിപരമായും നിര്‍വ്വഹിക്കേണ്ടതാണ് ശഹാദതുല്‍ ഹഖ്.
വ്യക്തിതല പ്രബോധനതിന്‍റെ സവിഷേശതകള്‍
അല്ലാഹുവിന്‍റെ ഏകത്വത്തിലേക്കുള്ള ക്ഷണം അനായസമായി നിര്‍വ്വഹിക്കാവുന്നതും ഏറെ ഫലം ചെയ്യുന്നതും വളരെയധികം സ്വാധീനിക്കുന്നതുമായ ഒരു പ്രബോധന കര്‍തവ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതിലൂടെ ക്ഷണിക്കുന്ന വ്യക്തി ആത്മീയമായി ഏറെ സംസ്കരിക്കപ്പെടുന്നു എന്നതാണ് അതിന്‍റെ തിളക്കം. മറ്റ് ആരാധനകള്‍ ഒരു ചടങ്ങ് രൂപത്തില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുമെങ്കിലും, വിശ്വാസത്തിന്‍റെ ആന്തരിക ശോഭയില്ലാതെ, ഒരാള്‍ക്ക് ഇസ്ലാമിക ദഅ് വ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന വിതാനത്തിലേക്ക് ഉയരാന്‍ സാധ്യമല്ല. ഖുര്‍ആന്‍ അവരെയാണ് അല്ലാഹുവിന്‍റെ സഹായികളായി വിശേഷിപ്പിച്ചിട്ടുള്ളത്.
ആറ് വിശ്വാസ കാര്യങ്ങളും അഞ്ച് അനുഷ്ടാനങ്ങളും മാത്രമടങ്ങിയ, സരളമായ ഇസ്ലാമിക സന്ദേശത്തെ ഏതൊരാള്‍ക്കും പരിചയപ്പെടുത്താന്‍, ആദ്യമായി പ്രബോധിത വ്യക്തിയുമായി റാപ്പൊ ബില്‍ഡ് ചെയ്യുകയാണ് പ്രധാനം. ഏറ്റവും അടുപ്പത്തില്‍ പരിചയപ്പെടുക. ജനനം, ജീവിതം, മരണം എന്നിവയെ കുറിച്ച് അപര വ്യക്തിയെ ബോധവല്‍കരിക്കുകയും ഈ ജീവിതത്തിന്‍റെ നശ്വരത ബോധ്യപ്പെടുത്തുകയും ചെയ്യുക. വ്യക്തിഗതമായി ഒരാളെ ഇസ്ലാമിലേക്ക് ക്ഷണിക്കുമ്പോള്‍, സദ്പ്രവര്‍ത്തനങ്ങളെ നിഷ്ഫലമാക്കുന്ന, പ്രകടനാത്മകത ഇല്ലാതാവുന്നു. കൂടുതല്‍ സൗഹൃദം ഉണ്ടാവുന്നതിനാല്‍, നിങ്ങള്‍ക്കും അവരുടെ സഹായങ്ങള്‍ ലഭിക്കുന്നു. ശത്രുക്കളുടെ ഭീഷണിയെ നേരിടാന്‍ അവരും കൂടെ നില്‍ക്കുന്നു.
പ്രബോധന രീതി
ഇസ്ലാം സ്വീകരിക്കാന്‍ ആരേയും നിര്‍ബന്ധിക്കേണ്ട കാര്യമില്ല. നബി (സ) സ്വയം തന്നെ ക്ഷണിച്ചവരില്‍ ഒരു ചെറിയ ശതമാനം മാത്രമാണല്ലോ ഇസ്ലാം സ്വീകരിച്ചത്. നൂഹ് നബിയുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. അത് സ്വീകരിക്കാന്‍ അല്ലാഹുവിന്‍റെ ഉദവി കൂടി ഉണ്ടായിരിക്കണം. പക്ഷെ ക്ഷണിക്കുന്ന രീതി ഒൗചിത്യപൂര്‍വ്വവും സ്നേഹമസൃണവുമായിരിക്കണം. നിരന്തരമായ സന്ദര്‍ശനങ്ങള്‍, സഹിഷ്ണുത, സംശയങ്ങള്‍ ദുരീകരിക്കല്‍, ക്ഷമ, ഇടപാടുകളിലെ സൂക്ഷ്മത ഇതൊക്കെ പാലിച്ചു നിര്‍വ്വഹിക്കുന്ന ഇസ്ലാമിക പ്രബോധനം എക്കാലത്തും ഫലം ചെയ്യുന്നതാണ്.
എല്ലാ മുസ്ലിംങ്ങളും എപ്പോഴും ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ് ഇസ്ലാമിക സന്ദേശമത്തെിക്കല്‍. കുടുംബത്തില്‍ നിന്ന് തുടങ്ങി അയല്‍ക്കാരിലേക്കും തുടര്‍ന്ന് അയല്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കേണ്ട സല്‍കര്‍മ്മം. ഇസ്ലാമിലെ അനുഷ്ടാനങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം തിന്മകള്‍ ചെയ്യുന്നവരുണ്ട്. ആരാധനകള്‍ നിര്‍വ്വഹിക്കാത്തവരും അതില്‍ കൃത്യനിഷ്ടപുലര്‍ത്താത്തവരുണ്ട്. ഇസ്ലാം പച്ച മരുന്നാണൊ അങ്ങാടി മരുന്നാണൊ എന്നറിയാത്ത പരശ്ശതം ജനങ്ങള്‍ വേറേയും. ഇവരെ എല്ലാവരേയും ഒരുപോലെ അഡ്രസ്സ് ചെയ്യാനുള്ള മാര്‍ഗ്ഗമാണ് വ്യക്തിതല പ്രബോധന പ്രവര്‍ത്തനം.