‘ഇസ്തിഗ്ഫാര്‍’ – സല്‍ഫലങ്ങള്‍ ലഭിക്കാനുള്ള ഒറ്റമൂലി

‘ഇസ്തിഗ്ഫാര്‍’ എന്ന അറബി വാക്കിന്‍റെ അര്‍ത്ഥം പാപമോചനത്തിനുള്ള അഭ്യര്‍ത്ഥന എന്നാണ്. ഇസ്ലാമില്‍ പുണ്യമുള്ളതും നിര്‍ബന്ധവുമായ കര്‍ത്തവ്യമാണിത്. പാപം ചെയ്യാത്തവരല്ല മനുഷ്യര്‍. മറിച്ച് പാപം ചെയ്യുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന പ്രകൃതക്കാരാണ് അവര്‍. പല കാരണങ്ങളാല്‍ മനുഷ്യന്‍ പാപം ചെയ്തേക്കാം. ചെയ്ത്പോയ പാപത്തെ ശുദ്ധീകരിക്കാനും ധാരാളം സല്‍ഫലങ്ങള്‍ ലഭിക്കാനുള്ള ഒറ്റമൂലിയാണ് ‘ഇസ്തിഗ്ഫാര്‍’.
ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനത്തിനായ് അര്‍ത്ഥിക്കുക. അവന്‍ മാപ്പരുളുന്നവനും ദയാപരനുമല്ലോ.” (അന്നിസാഉ്: 106 ). അറബികളുടെ സംസാരത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒരു ശൈലിയാണ് ‘പരിശുദ്ധനായ നാഥാ! നിന്നോട് ഞാനിതാ പാപമോചനാഭ്യര്‍ത്ഥന നടത്തുന്നു’ എന്ന വചനം. സംസാരത്തില്‍ തര്‍ക്കമാവുമ്പോള്‍, കോപമുണ്ടാവുമ്പോഴും അവര്‍ ഈ പദം രക്ഷാകവചം പോലെ ഉപയോഗിക്കുന്നു.
ഇസ്തിഗ്ഫാറിന്‍റെ മാസമാണ് റമദാന്‍. അതിലെ രണ്ടാമത്തെ· പത്ത് ഇസ്തിഗ്ഫാറിനായി നീക്കിവെക്കപ്പെട്ടിരിക്കുന്നു. ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്ത് പുണ്യങ്ങള്‍ ആര്‍ജ്ജിക്കുക. പ്രവാചകന്‍ (സ) ദിനേന 100 പ്രവിശ്യം ഇസ്തിഗ്ഫാര്‍ പറഞ്ഞിരുന്നതായി സ്വീകാര്യമായ ഹദീസുകളില്‍ കാണാം.
സല്‍ഫലങ്ങള്‍ ധാരാളം
ആരാധനകളുടെ പ്രയോജനങ്ങള്‍ വിവരിച്ച് അത് അനുഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് ഖുര്‍ആനും തിരുസുന്നത്തും സ്വീകരിച്ചിട്ടുള്ളത്. ഇസ്തിഗ്ഫാര്‍ അഥവാ പാപമോചന അഭ്യര്‍ത്ഥന ചെയ്യണമെന്ന കല്‍പനയും ഈ തത്വത്തില്‍ നിന്ന് മുക്തമല്ല. ഇസ്തിഗ്ഫാര്‍ ചെയ്യുന്നതിലൂടെ ലഭിക്കുന്ന സല്‍ഫലങ്ങള്‍ നിരവധിയാണ്.
ഇസ്തിഗ്ഫാര്‍ ചെയ്യുന്നതിലൂടെ മനുഷ്യന്‍ സദാ ഭയപ്പെടുന്ന ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും സമൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ കഴിയുമെന്നും ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു. സൂറത്ത് ഹൂദിന്‍റെ ആരംഭത്തിലുള്ള സൂക്തങ്ങള്‍ (11:3-4) കാണുക:
“നിങ്ങളുടെ റബ്ബിനോട് മപ്പ് തേടുവീന്‍. അവങ്കലേക്ക് പാശ്ചാതപിച്ച് മടങ്ങുവീന്‍. എങ്കില്‍ ഒരു നിശ്ചിത കാലയളവ് വരേ അവന്‍ നിങ്ങള്‍ക്ക് മെച്ചമായ ജീവിത വിഭവങ്ങള്‍ നല്‍കുന്നതാകുന്നു. ശ്രേഷ്ടതയുള്ളവര്‍ക്ക് അവരുടെ ശ്രേഷ്ടതയനുസരിച്ച് പ്രതിഫലം നല്‍കുന്നതാകുന്നു. എന്നാല്‍ പിന്തിരിയുകാണെങ്കിലൊ, ഞാന്‍ ഭീകരമായ ഒരു മഹാ ദിനത്തിലെ ശിക്ഷയെ ഭയപ്പെടുന്നു.”
ഖലീഫ ഉമര്‍ രാജ്യം ഭരിക്കുന്ന കാലം. ഒരു വര്‍ഷം വരള്‍ച്ച നേരിട്ടപ്പോള്‍ അദ്ദേഹം മഴയ്ക്കു വേണ്ടി പ്രാര്‍ഥിച്ചു. ആ പ്രര്‍ത്ഥനയില്‍ പാപമോചനാഭ്യര്‍ത്ഥന മാത്രമേ അദ്ദേഹം നിര്‍വ്വഹിച്ചുള്ളൂ. ആളുകള്‍ ഖലീഫയോട് ബോധിപ്പിച്ചു: ‘‘അങ്ങ് മഴയ്ക്കുവേണ്ടി പ്രാര്‍തഥിച്ചില്ലല്ലോ. അദ്ദേഹം പറഞ്ഞു: ‘‘ഞാന്‍ ആകാശത്തിന്‍റെ മഴ വര്‍ഷിക്കുന്ന വാതിലുകള്‍ മുട്ടിയിട്ടുണ്ട്.’’ അനന്തരം അദ്ദേഹം സൂറത്ത് നൂഹിലെ ഈ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു:
“നൂഹ് പറഞ്ഞു: ‘റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുവനാകുന്നു. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിതരും.’ 71:10-12
ഒരിക്കല്‍ ഹസന്‍ ബസ്വരി (റ) യുടെ വിജ്ഞാന സദസ്സില്‍ ഒരാള്‍ വരള്‍ച്ചയെക്കുറിച്ച് ആവലാതിപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘‘അല്ലാഹുവിനോട് മാപ്പു തേടുക’’. മറ്റൊരാള്‍ വന്ന് ദാരിദ്ര്യത്തെക്കുറിച്ച് ആവലാതിപ്പെട്ടു. മൂന്നാമതൊരാള്‍ മക്കളില്ലാത്തതിനെക്കുറിച്ചും പരാതിപ്പെട്ടു. തന്‍റെ വിള മോശമായതിനെക്കുറിച്ചായിരുന്നു നാലാമന്‍റെ പരാതി. എല്ലാവര്‍ക്കും അദ്ദേഹം നല്‍കിയ ഒറ്റമൂലി:
‘‘അല്ലാഹുവിനോട് മാപ്പിരക്കുക’’ എന്നായിരുന്നു. ആളുകള്‍ ചോദിച്ചു: ‘‘ഗുരു വര്യരേ! ഇതെന്താണിങ്ങനെ? അങ്ങ് വ്യത്യസ്തമായ പരാതികള്‍ക്ക് ഒരേ പരിഹാരമാണല്ലോ നിര്‍ദേശിക്കുന്നത്?’’ മറുപടിയായി സൂറത്ത് നൂഹിലെ മേല്‍ കൊടുത്ത സൂക്തങ്ങള്‍ കേള്‍പ്പിക്കുകയാണദ്ദേഹവും ചെയ്തത് (കശ്ശാഫ്).
ഇസ്തിഗ്ഫാര്‍ ചെയ്യുന്നതിലൂടെ ശക്തിപ്രാപിക്കാന്‍ കഴിയുമെന്ന് ഹൂദ് നബി തന്‍റെ ജനതയെ അറിയിച്ചതായി ഖുര്‍ആന്‍ പറയുന്നു. “എന്‍റെ ജനമേ, നിങ്ങളുടെ റബ്ബിനോട് മാപ്പു തേടുവിന്‍. അവങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുവിന്‍. അവന്‍ നിങ്ങള്‍ക്കു മീതെ ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുളള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തു തരികയും ചെയ്യും. ധിക്കാരികളായി പിന്തിരിയാതിരിക്കുവിന്‍.’ 11:52
പരീക്ഷണങ്ങളില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ ഇസ്തിഗ്ഫാര്‍ ചെയ്യുന്നതിലൂടെ കഴിയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: “നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കാന്‍ പോകുന്നില്ല. ജനം ഇസ്തിഗ്ഫാര്‍ അഥവാ പാപമോചന അഭ്യര്‍ത്ഥന നടത്തികൊണ്ടിരിക്കുമ്പോഴും അല്ലാഹു അവര്‍ക്ക് ശിക്ഷ നല്‍കുകയില്ല. 8:33
അല്ലാഹുവിങ്കല്‍ നിന്ന് ശിക്ഷ അയക്കാത്തതിന് രണ്ട് കാരണങ്ങളാണ് ഈ വചനത്തില്‍ വ്യക്തമാക്കീട്ടുള്ളത്. ഒരു നാട്ടില്‍ പ്രവാചകന്‍ പ്രബോധന ദൗത്യം നിര്‍വ്വഹിക്കുന്നേടുത്തോളം ദൈവിക ശിക്ഷ ഉണ്ടായിരിക്കുന്നതല്ല. മറ്റൊന്ന് തങ്ങളുടെ ഭൂതകാല ചെയ്തികളില്‍ മനംനൊന്ത് ഇസ്തിഗ്ഫാര്‍ അഥവാ പാപമോചന അഭ്യര്‍ത്ഥന നടത്തുകയാണെങ്കിലും ആ ജനതയെ അല്ലാഹു ശിക്ഷിക്കുകയില്ല.
ജീവിതത്തില്‍ വിജയം കൈവരിക്കുമ്പോഴും അല്ലാഹു പ്രവാചകനോട് കല്‍പിച്ചത് ഇസ്തിഗ്ഫാര്‍ അഥവാ പാപമോചന അഭ്യര്‍ത്ഥന നടത്താനായിരുന്നു. മക്ക വിജയ സന്ദര്‍ഭത്തില്‍ അവതരിച്ച അവസാന അധ്യായമായ സൂറത്ത് അന്നസ്റില്‍ പ്രവാചകനോട് അല്ലാഹു കല്‍പിക്കുന്നത് ഇസ്തിഗ്ഫാര്‍ ചെയ്യുവാനാണ്.
ഇസ്രായേല്യരോട് ഫലസ്തീനില്‍ പ്രവേശിപ്പിക്കുമ്പോള്‍ ‘ഹിത്തത്’ എന്ന് ഹീബ്രൂ ഭാഷയില്‍ പറയാനായിരുന്നു കല്‍പിക്കപ്പെട്ടിരുന്നത്. അത് കൊണ്ടുള്ള വിവിക്ഷയും ഇസ്തിഗ്ഫാര്‍ തന്നെയാണ്.ഖുര്‍ആന്‍ 2:58 തിന്മ ചെയ്ത് പോയാലും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗവും ഇസ്തിഗ്ഫാര്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. (3:135)
അറിഞ്ഞൊ അറിയാതെയൊ പരദൂഷണം പറയല്‍ ദുസ്വഭാവമാണ്. നബി (സ) പറഞ്ഞു: നീ ആരെകുറിച്ചെങ്കിലും പരദൂഷണം പറഞ്ഞിട്ടിണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്തം അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കാന്‍ അല്ലാഹുവിനോട് നീ പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. ചുരുക്കത്തില്‍ വളരെയധികം പ്രയോജനമുള്ള ഒറ്റമൂലിയാണ് ഇസ്തിഗ്ഫാര്‍. അത് തുടരെ തുടരെ ചെയ്ത്കൊണ്ടിരിക്കുന്നത് അല്ലാഹുവിന് ഏറെ പ്രിയപ്പെട്ട കാര്യമാണ്.