സൂറത്ത് അന്നംല്: അഥവാ ഉറുമ്പ് നമ്മെ ഉണര്‍ത്തുന്ന കാര്യങ്ങള്‍

സൂറത്ത് അന്നംല്: അഥവാ ഉറുമ്പ് നമ്മെ ഉണര്‍ത്തുന്ന കാര്യങ്ങള്‍
  • നവംബർ 27, 2021
  • ഇബ്റാഹീം ശംനാട്

ചെറുജീവിയായയ ഉറുമ്പ് പരാമര്‍ശവിധേയമാവുകയും അതില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍ പ്രതിപാദിക്കുകയും ചെയ്ത ഖുര്‍ആനിലെ ഒരേഒരു അധ്യായമാണ്  സൂറത്ത് അന്നംല് അഥവാ ഉറുമ്പ് എന്നര്‍ത്ഥം. ആധുനിക ശാസ്ത്രം മൃഗങ്ങളില്‍ നിന്നും പലതും  പഠിക്കുന്നു. പക്ഷികളെ നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞന്മാര്‍ക്ക് വിമാനം കണ്ട്പിടിക്കാന്‍ പ്രചോദനമുണ്ടായതെന്നും വവ്വാലുകളെ നിരീക്ഷിച്ചാണ് അവര്‍ റഡാര്‍ സംവിധാനം വികസിപ്പിച്ചതെന്നും വിലയിരുത്താറുണ്ട്. മനുഷ്യര്‍ നിരീക്ഷണസ്വഭാവമുള്ളവരാകണമെന്നും അതില്‍ നിന്നും പാഠമുള്‍കൊള്ളണമെന്നും ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നു. ഈ അധ്യായത്തില്‍ ഉറുമ്പിനെ പരാമര്‍ശിക്കാനുണ്ടായ കാരണവും മറ്റൊന്നല്ല.

മക്കയില്‍ അവതീര്‍ണ്ണമായ ഈ അധ്യായം ആരംഭിക്കുന്നത്, ഖുര്‍ആനിനെ കുറിച്ച ഹൃസ്വമായ വിവരണത്തോടെയാണ്. തുടര്‍ന്ന് മൂസാനബിയുടെ മദ്യനിലെ  വാസത്തിന് ശേഷം അദ്ദേഹവും കുടുംബവും തൂര്‍ പര്‍വത പ്രദേശത്ത് എത്തിച്ചേര്‍ന്നപ്പോഴുണ്ടായ അല്‍ഭുത കാര്യങ്ങള്‍ വിവരിക്കുന്നു. കൊടുംക്രൂരനായ  ഫിര്‍ഒൗനിന്‍്റെ കൊട്ടാരത്തിലേക്ക് മൂസയെ അയക്കുന്നതിന് മുമ്പ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ഒമ്പത് ദിവ്യദൃഷ്ടാന്തങ്ങളില്‍ വടി പാമ്പാകുന്നതും കൈ മാര്‍വസ്ത്രത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തിളക്കമുള്ളതാവുന്നതുമായ രണ്ട് ദൃഷ്ടാന്തങ്ങള്‍ നല്‍കിയത് ഈ സൂറത്തില്‍ പരാമര്‍ശിക്കുന്നുണ്ട്്.

തുടര്‍ന്ന് നബിമാരായ ദാവൂദിനേയും സുലൈമാനേയും കുറിച്ച ചെറിയ വിവരണം. ഉറുമ്പുകളുടെ ഭാഷ അറിയുന്ന സുലൈമാന്‍ നബി അവയുടെ സംസാരം കേട്ടു. ഖുര്‍ആന്‍ അത് ഇങ്ങനെ ഉദ്ധരിക്കുന്നു: (ഒരിക്കല്‍ അദ്ദഹേം സൈന്യസമേതം സഞ്ചരിച്ചുകൊണ്ടിരിക്കെ) അവര്‍ ഉറുമ്പുകളുടെ താഴ്വരയിലത്തെിച്ചര്‍േന്നു. അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ‘അല്ലയോ ഉറുമ്പുകളേ, സ്വന്തം മാളങ്ങളില്‍ പോയൊളിച്ചുകൊള്ളുവിന്‍. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചവിട്ടിയരക്കാനിടയാവാതിരിക്കട്ടെ.’  27:18  

ഉറുമ്പ് അതിന്‍്റെ സഹജീവികള്‍ക്ക് നല്‍കുന്ന ജീവന്‍ രക്ഷാ നിര്‍ദ്ദേശം ഖുര്‍ആന്‍ ഉദ്ധരിച്ചതില്‍ മനുഷ്യര്‍ക്ക് വലിയ പാഠങ്ങളുണ്ട്. സഹജീവികളെ കുറിച്ച കരുതല്‍ നമുക്കും ഉണ്ടാവണമെന്ന് ഉറുമ്പിലൂടെ അല്ലാഹു ഉണര്‍ത്തുന്നു. ഉറുമ്പിനെ പോലെ പരജീവി സ്നേഹം ഉള്ളവരാകുകയും സഹജീവികളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്യെണ്ടതുണ്ട്. മറ്റുള്ളവരെ കുറിച്ച ഉറുമ്പിന്‍്റെ സദ്വിചാരത്തില്‍ സുലൈമാന്‍ നബി ചിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.  

സൂലൈമാന്‍ നബിയെ പോലെ, തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിനോട് നന്ദിയുള്ളവരാകാനും അധികാരം അവന്‍്റെ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്താനും ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. ഉറുമ്പുകളുടെ ഭാഷ മസസ്സിലാക്കാനുള്ള കഴിവില്‍ നന്ദിസൂചകമായി സൂലൈമാന്‍ നബിയുടെ പ്രാര്‍ത്ഥനയും ഖുര്‍ആന്‍ ഉദ്ധരിച്ചത് നമുക്ക് മറ്റൊരു പാഠമാണ്. (സൂക്തം19)   ഉറുമ്പില്‍ നിന്ന് വേറെയും ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ട്. മികവോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുക, കൂട്ടായ ജീവിതം നയിക്കുക, നിരന്തരമായ പരിശ്രമം, ഏകാഗ്രത, സഹ ഉറുമ്പുകളോടുള്ള സൗമ്യത,പ്രതിബദ്ധത, ഉത്തരവാദിത്വ നിര്‍വ്വഹണം,തടസ്സങ്ങളെ വകഞ്ഞ്മാറ്റി ലക്ഷ്യത്തിലേക്ക് കുതിക്കല്‍  തുടങ്ങിയവ അവയില്‍ ചിലതാണ്.

സുലൈമാന്‍ നബിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ സംഭവമാണ് യമനിലെ ബല്‍ഖീസ് രാജ്ഞിയും പരിവാരങ്ങളും ബഹുദൈവവിശ്വാസികളാണെന്നറിഞ്ഞപ്പോള്‍ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ച്് കത്തെഴുതി. വേണമെങ്കില്‍, സുലൈമാന്‍ നബിക്ക് യുദ്ധത്തിലൂടെ ബല്‍ഖീസ് രാജ്ഞിയെ അനായസേന കീഴ്പ്പെടുത്താമായിരുന്നു. പകരം രാജ്ഞിയെ കുറിച്ച് വിവരം നല്‍കിയ മരംകൊത്തി പക്ഷിയിലൂടെ അവര്‍ക്ക് കത്തയച്ചു. രാജ്ഞിയാകട്ടെ അതിനെകുറിച്ച് തന്‍്റെ മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷം രക്തം ചീന്തലും യുദ്ധവും ഒഴിവാക്കിയുള്ള പരിഹാരം തെരെഞ്ഞെടുത്തു.

സുലൈമാന്‍ നബിയുടെ കല്‍പനക്ക് കാത്ത്നില്‍ക്കാതെ, ഫലസ്തീനില്‍ നിന്ന് യമനിലേക്ക് പറന്ന് സ്വയം മുന്‍കൈയ്യൈടുത്ത് രാജ്ഞിയെ കുറിച്ച വിവരം നല്‍കിയ മരംകൊത്തി പക്ഷിയും നമുക്ക് പാഠമാണ്. സൂലൈമാന്‍ നബിയുടെ സംഘടനാ പാഠവത്തിന്‍്റെ മികവാണ് പക്ഷിയുടെ സേവനം ഉപയോഗപ്പെടുത്തിയതിലൂടെ സൂചിപ്പിക്കുന്നത്. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചപ്പോള്‍, സന്നിഹിതനല്ലാതിരുന്ന മരംകൊത്തി പക്ഷിക്ക് അദ്ദേഹം മാപ്പ് നല്‍കി. ഉറുമ്പും പക്ഷിയും നല്‍കിയ വിവരങ്ങള്‍ അദ്ദേഹം സ്വീകരിച്ചു.  തുറന്ന മനസുണ്ടായിരുന്ന രാജാവ്. പ്രജകളുടെ വാക്കുകള്‍ക്ക് ചെവികൊടുത്തു. അങ്ങനെ രാജ്ഞിയും ജനതയും ഇസ്ലാം സ്വീകരിച്ചു.  

മനുഷ്യ ഭാവനക്കതീതമായ കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിക്കുക എന്ന് അല്‍ഭുതംകൂറുന്നവരുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹുവിന് അതെല്ലാം, ഉണ്ടാവൂ എന്ന് കല്‍പിക്കുന്നതോടെ സംഭവിക്കുന്നതാണ് എത്ര വലിയ കാര്യവും. അതിന് ശേഷം വിവരിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ സംഭവിപ്പിക്കാന്‍ സാധിക്കുന്ന അല്ലാഹുവിന് സൂലൈമാന്‍ നബിയുടെ അമാനുഷികമായ കാര്യങ്ങളും അനായസം നിര്‍വ്വഹിക്കാന്‍ കഴിയുന്നതേയുള്ളൂ. ഏത് കാര്യത്തിന് മുതിരുമ്പോഴും അല്ലാഹുവിന്‍്റെ തിരുനാമത്തില്‍ ആരംഭിക്കേണ്ടതിന്‍്റെ ആവശ്യകതയും ഈ സൂറത് ബോധ്യപ്പെടുത്തുന്നു.

തുടര്‍ന്ന് സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട സാലിഹ് നബിയുടെയും ലൂത് ജനതയിലേക്ക് നിയോഗിക്കപ്പെട്ട ലൂത് നബിയുടെയും ചരിത്രം സംക്ഷിപ്തമായി വിവരിക്കുന്നു. അവരുടെ ധിക്കാരത്തിന്ന്  പ്രകൃതിക്ഷോഭത്തിലൂടെ ശിക്ഷനല്‍കിയത്, അത് യാദൃശ്ചികമായി സംഭവിക്കുന്നതല്ളെന്ന പാഠം നല്‍കുന്നു. (സൂക്തങ്ങള്‍ 52,53). പ്രകൃതി വിപത്തുക്കള്‍ ഉണ്ടാവുമ്പോള്‍, അവയില്‍ നിന്നും  പാഠങ്ങള്‍  പഠിച്ച് ജീവിതത്തില്‍ മാറ്റംവരുത്തുക അനിവാര്യമാണ്.

അല്ലാഹുവിന്‍്റെ ആസ്തിക്യത്തിലേക്കുള്ള നിരവധി തെളിവുകള്‍ ചോദ്യരൂപേണ സമര്‍പ്പിക്കുകയാണ് ഈ അധ്യായത്തിന്‍്റെ അവസാന ഭാഗം. ആകാശഭൂമികളെ സൃഷ്ടിച്ചത് ആരാണ്? വെള്ളം ഇറക്കിതരുന്നത് ആരാണ്? ഭൂമിയെ മനുഷ്യവാസത്തിന് തയ്യാറാക്കിയതും നദികളും പര്‍വ്വതങ്ങളുണ്ടാക്കിയതും ആരാണ്?   പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍തിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്‍പം മാത്രമേ മനുഷ്യര്‍ ചിന്തിക്കുന്നുള്ളൂ.  

ഹിജ്റക്ക് മുമ്പ് അവതരിച്ച മറ്റ് അധ്യായങ്ങളെ പോലെ, ഈ അധ്യായത്തിലും ഇസ്ലാമിക വിശ്വാസത്തിന്‍്റെ അടിസ്ഥാനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കാതിരിക്കല്‍, ദിവ്യബോധനത്തിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, ശക്തിയും അധികാരവും അല്ലഹുവിന്‍്റെ ഹസ്തത്തിലാണെന്ന വിശ്വാസം, അന്ത്യദിനത്തിലെ പ്രകൃതിയുടെയും മനുഷ്യരുടെയും അവസ്ഥ  തുടങ്ങിയ നിരവധി വിഷയങ്ങളും ഈ സൂറത്തില്‍ വിവരിച്ചിട്ടുണ്ട്.