റമദാന്‍ മാസത്തില്‍ ചെയ്യേണ്ട ആസൂത്രണങ്ങള്‍

ആത്മീയവും ഭൗതികവുമായ എല്ലാ കാര്യങ്ങളും നമുക്ക് രണ്ട് രൂപേണ ചെയ്യാം. ഒന്ന് വ്യക്തമായ ആസൂത്രണത്തോടെയും, മറ്റൊന്ന് യാതൊരു ആസൂത്രണവുമില്ലാതെ, അപ്പപ്പോള്‍ തോന്നുന്നത് പോലെ ചെയ്യുക. കാര്യങ്ങള്‍ ആസൂത്രണമില്ലാതെ ചെയ്താല്‍ ചിലതെല്ലാം വിജയിച്ചേക്കാമെങ്കിലും, അധികവും പരാജയപ്പെടുകയാണ് ചെയ്യുക. ആസൂത്രണം ചെയ്താല്‍ വിജയ സാധ്യത വര്‍ധിക്കുകയും പരാജയപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യാം. പരാജയപ്പെട്ടാല്‍ പോലും അത് നല്‍കുന്ന പഠങ്ങള്‍ അനര്‍ഘമാണ്.
ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു യവന തത്വശാസ്ത്രജ്ഞനായ ഹിപ്പോഡമസ് Hippodamus നെയാണ് ആദ്യ നഗര ആസൂത്രകനായി കണക്കാക്കുന്നത്. അരിസ്റ്റോട്ടില്‍ അദ്ദേഹത്തെ നഗര ആസൂത്രണത്തിന്‍്റെ പിതാവ് എന്ന്് വിളിച്ചു. ഫ്രഞ്ച് പദമായ Plan നില്‍ നിന്നാണ് ഡ്രോയിംഗ്, ഡയഗ്രം എന്നീ അര്‍ത്ഥങ്ങളില്‍ ഇംഗ്ളീഷിലേക്കും Plan എന്ന പദം കടന്ന്വന്നത്. എന്ത്, എങ്ങനെ, എപ്പോള്‍, ആര്, എവിടെ എന്നെല്ലാം മുന്‍കൂട്ടി നിശ്ചയിക്കലാണ് പ്ളാനിംഗ് അഥവാ ആസൂത്രണം എന്ന് പറയുന്നത്. കൃത്യമായ ലക്ഷ്യം നിര്‍ണ്ണയിക്കലാണ് ആസൂത്രണത്തിലെ ആദ്യചുവട്.
പ്രവാചക കാലം മുതല്‍ തന്നെ വലിയൊരു വിഭാഗം മുസ്ലിംങ്ങള്‍ ആസൂത്രണത്തോടും അതിലേറെ ഒരുക്കങ്ങളോടെയുമായിരുന്നു റമദാനിനെ സ്വീകരിച്ചിരുന്നത്. എന്നാല്‍ മറ്റൊരു ചെറുവിഭാഗമാകട്ടെ യാതൊരു ആസൂത്രണവുമില്ലാതെയായിരുന്നു റമദാനിനെ വരവേല്‍ക്കാറുണ്ടായിരുന്നുത്. കാര്യക്ഷമമായ ജീവിതം നയിക്കാനും പരലോകത്ത് പ്രതിഫലം നേടിഎടുക്കാനും റമദാനില്‍ ആസൂത്രണം അനിവാര്യമാണ്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങള്‍ മാത്രമാണല്ളൊ അതുള്ളത്.
പൂര്‍വ്വസൂരികളായ പണ്ഡിതശിരോമണികള്‍ ആറു മാസം മുമ്പ് തന്നെ റമദാനിനെ സ്വീകരിക്കാന്‍ തയ്യാറാകുമായിരുന്നു. വളരെ ചുരുങ്ങിയത് രണ്ട് മാസം മുമ്പ് ഇന്നും മുസ്ലിം ഉമ്മത്ത് റമദാനിനെ സ്വീകരിക്കുന്നത് പതിവാണ്. റജബ്, ശഅ്ബാന്‍ മാസങ്ങളില്‍ അനുഗ്രഹത്തിനായും റമദാനിനെ ഞങ്ങള്‍ക്ക് എത്തിച്ചുതരുവാനും മുസ്ലിംങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതുമെല്ലാം റമദാനിനെ ആസൂത്രണത്തോടെ സ്വീകരിക്കുന്നതിന്‍്റെ ഭാഗമാണെന്ന കാര്യത്തില്‍ സംശയമില്ല.
മന:സാനിധ്യത്തോടെയുള്ള നോമ്പനുഷ്ടിക്കാനുള്ള തയ്യാറെടുപ്പാണ് ആദ്യം ഉണ്ടാവേണ്ടത്. പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കപ്പെടുക നിയ്യത്തിന്‍്റെ അടിസ്ഥാനത്തിലാണ് എന്ന നബി തിരുമേനിയുടെ വചനമാണ് ഇതിന് അടിസ്ഥാനം. റമദാനില്‍ നമ്മുടെ ജീവിതം അടിമുടി മാറുകയാണ്. ഉറക്ക് മുതല്‍ ഭക്ഷണം വരേയും തൊഴില്‍ മുതല്‍ വ്യായാമം വരേയും എല്ലാം പൂര്‍ണ്ണമായും മാറ്റത്തിന് വിധേയമാക്കപ്പെടുന്നു. ജീവിത പരിവര്‍ത്തനത്തിന്‍്റെ ഒരു മാസമാണ് മുമ്പിലുള്ളതെന്ന ബോധ്യത്തോടെ അതിനെ സ്വീകരിക്കുക.
ചിന്തകളാണ് സ്വഭാവത്തേയും വാക്കുകളേയും പ്രവൃത്തികളേയും നിയന്ത്രിക്കുന്ന കടിഞ്ഞാന്‍. ദേഷ്യപ്പെടുന്ന സ്വഭാവമുള്ള ആളുകള്‍ റമദാനില്‍ കൂടുതല്‍ കോപിഷ്ടനാവുക സ്വാഭാവികമാണ്. അത്തരക്കാര്‍ തങ്ങളുടെ സ്വഭാവത്തെ നിരന്തരമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്.. ഒരു നബി വചനം ഇങ്ങനെ: അനാവശ്യ വര്‍ത്തമാനങ്ങളും അതുമൂലമുള്ള പ്രവര്‍ത്തികളും വര്‍ജ്ജിക്കുന്നില്ളെങ്കില്‍, അയാള്‍ ഭക്ഷണം ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ല.
ഖുര്‍ആന്‍ അവതരിച്ച് മാസമെന്ന നിലയില്‍ ഖുര്‍ആന്‍ പാരായണത്തിനും മനനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട സമയമാണത്. റമദാനില്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി എങ്കിലും വായിക്കാന്‍ ആസൂത്രണം ചെയ്യാത്തവര്‍ വളരെ വിരളമായിരിക്കും. പക്ഷെ ആശയം മനസ്സിലാക്കി പാരായണം ചെയ്യുന്നവരാകട്ടെ തുലോം കുറവുമാണ്. ഖുര്‍ആന്‍ പഠനത്തിന് എല്ലാ സൗകര്യങ്ങളും ലഭ്യമായ ഇക്കാലത്ത്, ഏതാനും അധ്യായങ്ങളെങ്കിലും അര്‍ത്ഥമറിഞ്ഞ്, മനസ്സിലാക്കി പാരായണം ചെയ്യാന്‍ ആസൂത്രണം ചെയ്യുന്നത് ഉത്തമമാണ്.
റമദാനിലെ ആസൂത്രണത്തിന്‍്റെ ഭാഗമായി നബി (സ) ആ മാസത്തെ മൂന്നായി വിഭജിച്ചിരുന്നു. ആദ്യ പത്ത് ദിനങ്ങളില്‍ നബി (സ) കാരുണ്യത്തിനായി ധാരാളം പ്രാര്‍ത്ഥിച്ചു. രണ്ടാമത്തെ പത്തില്‍ ധാരാളമായി പാപമോചനത്തിനും മൂന്നാമത്തെ പത്തില്‍ നരഗ വിമുക്തിക്കുമായി അവിടുന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
രാത്രി നമസ്കാരം, ദാനധര്‍മ്മം ചെയ്യല്‍, ഇഅ്തികാഫ്, നോമ്പ് തുറപ്പിക്കല്‍, ജനസേവന പ്രവര്‍ത്തനങ്ങള്‍, ഉംറ ചെയ്യല്‍, സൗഹൃദ ബന്ധങ്ങള്‍, തസ്ബീഹ്, തഹ്ലീല്‍, തഹ്മീദ് എല്ലാം റമദാനിലെ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍ പരമാവധി ഉല്‍സാഹിക്കുന്നത് നബിയുടെ മാതൃകയും വലിയ പുണ്യം ലഭിക്കുന്ന കാര്യവുമാണ്.
ആയിരം മാസത്തെക്കാള്‍ ഉത്തമമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച, റമദാനിലെ അവസാനത്തെ പത്തില്‍, ലൈലത്തുല്‍ ഖദ്റിനെ സ്വീകരിക്കാന്‍ പ്രത്യേകം തയ്യാറെടുക്കുന്നത് വലിയ പുണ്യമുള്ള കാര്യമാണല്ളൊ? അങ്ങനെ മറ്റു മാസങ്ങള്‍ക്കില്ലാത്ത പദവിയും ആദരവും നല്‍കി റമദാനിനെ പരിഗണിക്കാന്‍ ഇപ്പോള്‍ തന്നെ നമുക്ക് തയ്യാറാവാം.