ഖുര്‍ആനും റമദാനും പൂരകമാവുന്ന സുദിനങ്ങള്‍

മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തെരെഞ്ഞെടുത്ത മാസമാണ് റമദാന്‍ (ഖുര്‍ആന്‍ 2:185). പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ നാല്‍പതാം വയസ്സിലായിരുന്നു ഖുര്‍ആന്‍ ആദ്യമായി ദിവ്യവെളിപാടായി അവതീര്‍ണ്ണമായത്. വായിക്കാനുള്ള ആഹ്വാനമായിരുന്നു ഖുര്‍ആനിന്‍റെ ആദ്യ കല്‍പന. പിന്നീട് 23 വര്‍ഷത്തിനുള്ളില്‍ 114 അധ്യായങ്ങളിലായി 6236 വചനങ്ങള്‍ അവതരിച്ചു ഖുര്‍ആന്‍ പൂര്‍ത്തീകരിച്ചു.
ഓരോ റമദാന്‍ മാസം വരുമ്പോഴും ഖുര്‍ആന്‍ ആവര്‍ത്തിച്ച് ജിബ്രീല്‍ മുഹമ്മദ് നബിക്കും തിരിച്ചും പരസ്പരം കേള്‍പ്പിക്കുമായിരുന്നു. ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായ ലൈലതുല്‍ ഖദ്റിലാണ് ഖുര്‍ആന്‍ അവതരിച്ചത്. മുസ്ലിംങ്ങള്‍ക്ക് ഖുര്‍ആനിനെ ഒഴിച്ചു നിര്‍ത്തി റമദാനൊ റമദാനിനെ ഒഴിച്ചു നിര്‍ത്തി ഖുര്‍ആനൊ ചിന്തിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ റമദാനില്‍ ഖുര്‍ആന്‍ ഒരു ആവര്‍ത്തി എങ്കിലും പാരായണം ചെയ്യാത്ത മുസ്ലിംങ്ങള്‍ അപൂര്‍വ്വമായിരിക്കും.
ഇമാം ശാഫി ഉള്‍പ്പടെയുള്ള പണ്ഡിതന്മാര്‍, മൂന്ന് ദിവസംകൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും പാരായണം ചെയ്ത് തീര്‍ക്കാറുണ്ടായിരുന്നു. റമദാന്‍ മാസങ്ങളില്‍ വിശേഷിച്ചും. ഇതിനെ മാതൃകയാക്കി, നമ്മില്‍ ചിലര്‍ ഇപ്പോഴും, ഖുര്‍ആന്‍ പലപ്രാവിശ്യം പാരായണം ചെയ്യാറുണ്ട്. ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാന്‍ കഴിയാത്ത അനേകം സവിശേഷതകളില്‍ ഒന്നാണ് ഈ ‘പാരായണ വേഗത’. ഖുര്‍ആനുമായി ആത്മബന്ധം പുലര്‍ത്താനുള്ള അവരുടെ ത്വരയാണ് ഇത് വ്യക്തമാക്കുന്നത്.
ഒരു നബി വചനം ഇങ്ങനെ: നോമ്പും ഖുര്‍ആനും അല്ലാഹുവിന്‍റെ അടിമക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്. നോമ്പ് പറയുന്നു: രക്ഷിതാവേ! പകല്‍ സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ നിന്നും ദേഹേഛയില്‍ നിന്നും ഞാന്‍ അവനെ തടഞ്ഞു, അതിനാല്‍ അവനുവേണ്ടിയുള്ള എന്‍റെ ശുപാര്‍ശ സ്വീകരിച്ചാലും. ഖുര്‍ആന്‍ പറയുന്നു: ഞാന്‍ അവനെ രാത്രി ഉറങ്ങുന്നതില്‍ നിന്ന് തടഞ്ഞു, അതിനാല്‍ അവനുവേണ്ടിയുള്ള എന്‍റെ ശുപാര്‍ശ സ്വീകരിച്ചാലും. അതിനാല്‍ അവ രണ്ടും ശുപാര്‍ശ ചെയ്യന്നു.
അല്ലാഹുവിന്‍റെ മുമ്പില്‍ ശുപാര്‍ശക്കുള്ള അര്‍ഹത നേടാനുള്ള രണ്ട് കാര്യങ്ങളാണ്, നോമ്പും ഖുര്‍ആന്‍ പാരായണവും, റമദാനിലൂടെ നമുക്ക് കരഗതമായിട്ടുള്ളത്. രാത്രിയിലെ തറാവീഹ് നമസ്കാരമാണല്ലോ റമദാനിലെ സുപ്രധാന ഐഛിക ആരാധന. ഇതിലെ പ്രധാന കര്‍ത്തവ്യം ദീര്‍ഘ നേരം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള നമസ്കാരമാണ്. നബി പറഞ്ഞു: ഈമാനോടും ആത്മവിചാരണയോടും കൂടി ആരെങ്കിലും നമസ്കാരിച്ചാല്‍, അയാള്‍ ചെയ്ത എല്ലാ പാപങ്ങളും പൊറുക്കുന്നതാണ്.
റമദാനിലെ എല്ലാ രാത്രികളിലും ജിബ്രീല്‍ പ്രവാചകനോടൊപ്പം ഖുര്‍ആന്‍ പാരായണം ചെയ്യറുണ്ടായിരുന്നു. അബ്ദുല്‍ റാസിഖ് പറഞ്ഞു: “റമദാന്‍ സമാഗതമാവുമ്പോള്‍, സുഫ്യാനു സൗരി എല്ലാ (ഐഛികമായ) ആരാധനകളും ഉപേക്ഷിച്ച് ഖുര്‍ആന്‍ പാരായണത്തില്‍ സ്വയം അര്‍പ്പിക്കുമായിരുന്നു.”
ഖുര്‍ആന്‍ പാരായണത്തിന് നമുക്ക് ചില രീതികള്‍ സ്വീകരിക്കാം. അതില്‍ ഒന്ന് കഴിയുന്നത്ര ഖുര്‍ആന്‍ പൂര്‍ണ്ണമായി ഓതി തീര്‍ക്കലാണത് (ഖതം തീര്‍ക്കല്‍). ഖുര്‍ആനിലെ ആശയങ്ങള്‍ മനസ്സിലാക്കുകയും അത് ജീവിതത്തില്‍ നടപ്പാക്കലാണ് രണ്ടാമത്തെ രീതി. ചിലപ്പോള്‍ കുറഞ്ഞ പേജുകള്‍ മാത്രമെ അത്തരക്കാര്‍ക്ക് പാരായണം ചെയ്യാന്‍ കഴിഞ്ഞു എന്ന് വരാം. മുന്നാമത്തെ രീതി ഖുര്‍ആന്‍ മന:പ്പാഠമാക്കലും അത് പുനരവലോകനം ചെയ്യലുമണ്. മറന്ന് പോയ ഭാഗങ്ങള്‍ ഓര്‍മ്മിക്കാന്‍ ഈ രീതി സഹായിക്കും. വലിയ പുണ്യം ലഭിക്കുകയും ചെയ്യും.
രോഗശമനത്തിന് ഫലപ്രദം
ഖുര്‍ആനും റമദാനും തമ്മിലുള്ള ബന്ധമാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍ ഖുര്‍ആനും നോമ്പും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. അവ രണ്ടും നമ്മുടെ രോഗശമനത്തിന് സഹായകമാണ്. സൂറത്ത് യൂനുസ് 57 ാം വചനം ഇങ്ങനെ: “മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നത്തെിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും.”
അമിതമായി സോഷ്യല്‍ മീഡിയകളില്‍ സമയം ചിലവഴിക്കുന്നതിനാല്‍, പലതരം ഉല്‍കണഠകളും ആധികളും മുതിര്‍ന്നവരേയും കുട്ടികളേയും ഒരുപോലെ പിടികൂടിയിരിക്കുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി ഖുര്‍ആനുമായി ബന്ധം സുദൃഡമാക്കുക എന്നതാണ്. കപ്പലിനെ നങ്കൂരമിട്ടുറപ്പിച്ച് നിര്‍ത്തുന്നത് പോലെ നമ്മുടെ മനസിന് ശാന്തിയും സമാധാനവും നല്‍കാന്‍ ഖുര്‍ആനിന് സാധിക്കും.
നോമ്പനുഷ്ടിക്കൂ, ആരോഗ്യവാനാകൂ എന്ന പ്രവാചക വചനം പ്രശസ്തമാണ്. നബി (സ) രോഗിയായിരുന്നപ്പോള്‍ ഖുര്‍ആനിലെ അവസാന മൂന്ന് അധ്യായങ്ങള്‍ പാരായണം ചെയ്ത് ശരീരത്തിലേക്ക് ഊതാറുണ്ടായിരുന്ന കാര്യം സുവിതിതമാണ്. കൂടാതെ ഉപവാസം നിരവധി രോഗങ്ങള്‍ക്ക് ശമനമാണെന്നും അത് ആരോഗ്യത്തിന് ഉത്തമമാണെന്നും വൈദ്യശാസ്ത്രം അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്.