ഖുർആനും റമദാനും: സമാനതകളില്ലാത്ത സാദൃശ്യങ്ങൾ

ഖുർആനും റമദാനും: സമാനതകളില്ലാത്ത സാദൃശ്യങ്ങൾ
  • മാർച്ച്‌ 24, 2025
  • ഇബ്‌റാഹിം ശംനാട്

ഇസ്ലാം നിശ്ചയിച്ച നിർബന്ധിത ആരാധനാ കർമ്മങ്ങൾക്ക് ഖുർആനുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന കാര്യം നിസ്തർക്കമാണ്. എന്നാൽ ഖുർആനും റമദാനിലെ ഉപവാസവും തമ്മിൽ സമാനതകളില്ലാത്ത സാദൃശ്യങ്ങളാണുള്ളത്. അന്ത്യവേദ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ അവതീർണ്ണമായത് റമദാനിലാണ്. അതിനോടുള്ള നന്ദിസൂചകമായി നിർബന്ധമായ വൃതാനുഷ്ടാനം നിശ്ചയിച്ചതും റമദാനിലാണെന്നത് യാദൃശ്ചികമല്ല.

ഖുർആൻ എന്നതിെന്റ ഭാഷാർത്ഥം ധാരളമായി വായിക്കുന്നത് എന്നാണ്. റമദാൻ എന്നാൽ പാപങ്ങൾ ധാരാളമായി കരിച്ചുകളയുന്നത് എന്നും. ഈ രണ്ട് പദങ്ങളും അറബിയിൽ ആധിക്യത്തെ സൂചിപ്പിക്കുന്ന പാറ്റേണിലാണ് വന്നിരിക്കുന്നത് എന്നത് അതിെന്റ ഭാഷാപരമായ സാദൃശ്യത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ ജീവിതത്തെ അ​ഗാധമായി സ്വാധീനിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്ന രണ്ട് ഘടകങ്ങളാണ് ഖുർആനും റമദാനും.

ഏതാനും അജഗണങ്ങളെ പോലും മേയ്ക്കാൻ നേതൃപാഠവമില്ലാതിരുന്ന പ്രാകൃത ബദ്‍വിയായിരുന്ന, ഉമറിനെ ലോകത്തിന് മാതൃകയാക്കാവുന്ന ഒരു നേതാവാക്കി മാറ്റിയത് ഖുർആനാണ്. ഓരോ വർഷവും റമദാൻ സമാഗതമാവുമ്പോൾ മുസ്‍ലിം വ്യക്തി-സാമൂഹ്യ ജീവിതത്തിൽ അൽഭുതകരങ്ങളായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആ നിലക്ക് ഖുർആനും റമദാനും ജീവിതത്തെ മാറ്റിമറിക്കുന്ന (Life Changing Factors) ഘടകങ്ങളാണ്.

വിശുദ്ധ ഖുർആൻ അവതീർണ്ണമായതും റമദാനിൽ നിർബന്ധമായും നോമ്പനുഷ്ടിക്കണമെന്ന കൽപനയുണ്ടായതും ഒരേ സ്രോതസ്സായ അല്ലാഹുവിൽ നിന്നാണ്. ഖുർആനിേന്റയും നോമ്പിേന്റയും ആശയധാര ഒന്ന് തന്നെ. അഥവാ ദൈവഭയം (തഖ്‍വ) ആർജ്ജിക്കനാണ് നോമ്പനുഷ്ടിക്കുന്നതെങ്കിൽ, ദൈവഭക്തയുള്ളവർക്കുള്ള മാർഗദർശനമാണ് ഖുർആൻ. (അധ്യായം ബഖറ, 2, 183)

ഖുർആനും റമദാനും മനുഷ്യർക്ക് അപരിമേയമായ ആനന്ദവും സന്തോഷവും നൽകുന്നു: നബി (സ) പറഞ്ഞു: നോമ്പനുഷ്ടിക്കുന്നവന് ഇരട്ട സന്തോഷം ലഭിക്കുന്നു. ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും. ഇബ്നു ഖയ്യിം (റ) പറഞ്ഞു: “ഖുർആൻ പരായണം ചെയ്യുന്നതിനെക്കാൾ മനസ്സിനേയും ആത്മാവിനേയും സന്തോഷിപ്പിക്കുന്ന ഒരു കാര്യവും ഞാൻ കണ്ടിട്ടില്ല.” ഇത് രണ്ടുമായി അടുപ്പത്തിലാവുന്നതും സൗഹൃദത്തിലാവുന്നതും ശരീരത്തിൽ സന്തോഷത്തിെന്റ ഹോർമോൺ ഉൽപാദിപ്പിക്കാൻ സഹായകമാണ്.

ഖുർആനും റമദാനും നമ്മുടെ സ്വഭാവ നിർമ്മിതിയിൽ അനൽപമായ പങ്കാണ് വഹിക്കുന്നത്. നബി തിരുമേനിയുടെ സ്വഭാവത്തെ കുറിച്ച് സഹധർമ്മിണി ആയിഷ (റ) വിനോട് ആരാഞ്ഞപ്പോൾ അവർ പറഞ്ഞത്: അദ്ദേഹത്തിെന്റ സ്വഭാവം ഖുർആൻ എന്നായിരുന്നു. അനാവശ്യമായ വാക്കും പ്രവർത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ, അത്തരക്കാരുടെ നോമ്പ് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ലെന്ന് നബി (സ) അരുളുകയുണ്ടായി.

ഖുർആനും ഖുർആൻ അവതീർണ്ണമായ റമദാൻ മാസവും നമ്മെ വിജയത്തിെന്റെ സോപാനങ്ങളിലേക്കെത്തിക്കുന്നു. പ്രവാചകൻ (സ) പറഞ്ഞു: നിശ്ചയം, ഈ ഗ്രന്ഥം ചിലരെ ഉന്നതിയിലെത്തിക്കുകയും മറ്റു ചിലരെ അധ:പതിപ്പിക്കുകയും ചെയ്യുന്നു. ഈ നബി വചനത്തിന്റെ നിരവധി പ്രായോഗിക ഉദാഹരണങ്ങൾ ചരിത്രത്തിൽ കാണാം. മുസ്‍ലിം സമൂഹത്തിെന്റെ ജീവന്മരണ പോരാട്ടമായിരുന്ന ബദ്ർ യുദ്ധം വിജയിച്ചത് പ്രഥമ റമദാൻ മാസത്തിലായിരുന്നു.

അവിടന്നങ്ങോട്ട്, ചരിത്രത്തിലുണ്ടായ മിക്ക വിജയങ്ങളും, മക്ക വിജയം മുതൽ, കുരിശു യുദ്ധം വരേയും, സ്പെയിൻ വിജയം മുതൽ ഇസ്തംബൂൾ കീഴ്പ്പെടുത്തിയതു വരേയുമെല്ലാം റമദാനിലായിരുന്നു സംഭവിച്ചത്. ഇന്നും ചാന്ദ്രമാസത്തിലെ റമദാൻ സമാഗതമാവുന്നത് ശത്രുക്കളിൽ ഭീതി സൃഷ്ടിക്കുന്നതിെന്റെ കാരണവും മറ്റൊന്നല്ല. വിശിഷ്യ ഇസ്റായേലിനെ എക്കാലവും റമദാൻ മാസം ഉറക്കം കെടുത്തുന്നതും അത്കൊണ്ട് തന്നെ.

വിശുദ്ധ ഖുർആനും റമദാനിലെ നോമ്പും അന്ത്യദിനത്തിൽ അല്ലാഹുവിങ്കൽ ശിപാർശ ചെയ്യാൻ മുന്നോട്ട് വരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. നബി (സ) പറഞ്ഞു:
അബ്ദുല്ലാഹിബ്നു അംറ് നിവേദനം ചെയ്യുന്നു. നബി പറഞ്ഞു: നോമ്പും ഖുർആനും മനുഷ്യനുവേണ്ടി ശിപാർശചെയ്യും. നോമ്പ് പറയും: നാഥാ, ഭക്ഷണം, ലൈംഗികതൃഷ്ണ എന്നിവയിൽനിന്ന് പകൽമുഴുവൻ ഞാനവനെ തടഞ്ഞു. അതുകൊണ്ട് അവനുവേണ്ടി എൻറെ ശുപാർശ നീ സ്വീകരിക്കണേ. ഖുർആൻ പറയും: അവൻ രാത്രി ഉറങ്ങുന്നത് ഞാൻ തടഞ്ഞു. അതുകൊണ്ട് അവനുവേണ്ടി എൻറെ ശുപാർശ നീ സ്വീകരിക്കണേ. അപ്പോൾ ആ രണ്ടു ശുപാർശകളും സ്വീകരിക്കപ്പെടും. (അഹ്‌മദ്‌)

ഖുർആനും വൃതാനുഷ്ടാനവും നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ രോഗങ്ങൾക്ക് മികച്ച ചികിൽസയും ഔഷധവുമാണ്. ഉപവാസം പൗരാണിക കാലം മുതൽ തന്നെ ഒരു ചികിൽസാരുപമായി സ്വീകരിച്ചു വരുന്നുണ്ട്. നോമ്പനുഷ്ടിക്കൂ….. ആരോഗ്യവാനാകൂ എന്നും തിരുമേനി (സ) അരുളുകയുണ്ടായി. ഖുർആനെ കുറിച്ച് അല്ലാഹു അരുളുന്നത് ഇങ്ങനെ: ” ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.” (ഇസ്റാഅ് : 82)

റമദാനിെന്റ ആദ്യ ഭാഗം കാരുണ്യവും രണ്ടാം ഭാഗം പാപമോചനവും മൂന്നാം ഭാഗം നരക വിമുക്തിയുമാണെന്ന് നബി (സ) പറഞ്ഞു. ഖുർആനാകട്ടെ അതിെന്റെ ഉള്ളടക്കത്തിെന്റെ മൂന്നിലൊന്ന് കാരുണ്യമാണ് പ്രതിപാധിക്കുന്നതെന്ന് കണ്ടെത്താൻ പ്രയാസമില്ല. ഖുർആന് 30 ഭാഗങ്ങളാണുള്ളത്. റമദാൻ ശരാശരി 30 ദിവസമാണ് നോമ്പനുഷ്ടിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരു ദിവസം ഒരു ജുസ്അ് എന്ന നിലയിൽ ഖുർആൻ പരായണത്തിന് സൗകര്യം നൽകുന്നു.

ചുരുക്കത്തിൽ, റമദാൻ മാസം ഖുർആനിന്റെ പരിശീലന കാലം കൂടിയാണ്. പിന്നീട് പതിനൊന്ന് മാസത്തേക്കുള്ള ഖുർആനിന്റെ അറിവ് ശേഖരിക്കാനും അത് പ്രയോഗവൽക്കരിക്കാനുമുള്ള പരിശീലനത്തിന്റെ മാസം. ഇസ്‍ലാമിലെ മറ്റൊരു ആരാധനക്കും ഖുർആനുമായി ഇല്ലാത്ത ആത്മബന്ധം റമദാനുമായി ഉണ്ടാവാനുള്ള കാരണവും മറ്റൊന്നല്ല.