റമദാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും

കാരുണ്യത്തിന്‍റെയും സഹാനുഭൂതിയുടെയും മാസമാണ് റമദാന്‍. ലോകത്ത് ഏറ്റവും കുടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടക്കുന്ന മാസം കൂടിയാണ് റമദാന്‍. ആത്മീയവും സ്വഭാവപരവും മാനസികവുമായ നിരവധി മാനങ്ങളുള്ള വൃതാനുഷ്ടാന മാസത്തില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സുപ്രധാനമായ ആരാധനയാണ്. അല്ലാഹുവിനെ ആരാധിക്കുന്നത് പോലെ തന്നെ ജനങ്ങള്‍ക്ക് നന്മ ചെയ്യുക എന്നതും ഇസ്ലാമില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ? സൂറത്ത് ഹജ്ജില്‍ ഇക്കാര്യം അല്ലാഹു വ്യക്തമാക്കുന്നത് ഇങ്ങനെ: വിശ്വസിച്ചവരേ, നിങ്ങള്‍ നമിക്കുക. സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ നാഥന്ന് വഴിപ്പെടുക. (ജനങ്ങള്‍ക്ക്) നന്മ ചെയ്യക. നിങ്ങള്‍ വിജയംവരിച്ചക്കോം.22:77
ദിനേനയുള്ള നമസ്കാരങ്ങള്‍, പ്രാര്‍ത്ഥനകള്‍, ഖുര്‍ആന്‍ പരായണം, ദാനധര്‍മ്മങ്ങള്‍, ദികുറുകള്‍ തുടങ്ങിയ അല്ലാഹുവുമായി ബന്ധപ്പെട്ട ആരാധനകളോടൊപ്പം, റമദാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ഇതൊന്നുമില്ലാതെ, കേവലം പട്ടിണി കിടന്നത് കൊണ്ട് ഉദ്ദിഷ്ട ഫലം ഇഹലോകത്തൊ പരലോകത്തൊ ലഭിക്കുകയില്ല. സദ്കര്‍മ്മങ്ങള്‍ക്ക് ഇരട്ടിക്കിരട്ടി പ്രതിഫലം നല്‍കപ്പെടുന്ന മാസമായ റമദാനില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധാരാളമായി ചെയ്യാനുള്ള അവസരമാണ്. നബി (സ) തിരുമേനി റമദാനില്‍ ശക്തമായി അടിച്ച് വീശുന്ന കാറ്റിനേക്കാള്‍ ഉദാരനായിരുന്നുവെന്ന് ഹദീസുകളില്‍ പറഞ്ഞിട്ടുണ്ട്.
ഏറ്റവും ശ്രേഷ്ടമായ ദാനം റമദാനിലെ ദാനമാണെന്ന് നബി (സ) പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം മാത്രമാണ് ദാനം ചെയ്യല്‍. ഇത് കൂടാതെ, മനുഷ്യര്‍ക്ക് പ്രയോജനം ചെയ്യുന്ന നിരവധി സല്‍കര്‍മ്മങ്ങളുണ്ട്. ഒരാളുടെ ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ഒരു കൈതാങ്ങവലാണത്. വീട് നിര്‍മ്മാണമൊ, വിദ്യാഭ്യാസ, വിവാഹം, ചികില്‍സ തുടങ്ങിയവ എല്ലാം അതില്‍ ഉള്‍പ്പെടും. ഏത് പ്രവര്‍ത്തനമാണ് ഏറ്റവും നല്ല പ്രവര്‍ത്തനം എന്ന് പ്രവാചകനോട് ചോദിച്ചപ്പോള്‍ അവിടന്ന് അരുളിയ മുറപടി ഭക്ഷിപ്പിക്കുക എന്നായിരുന്നു. നോമ്പ് തുറപ്പിക്കുന്നവന് നോമ്പനുഷ്ടിച്ചവന്‍റെ പ്രതിഫലത്തില്‍ നിന്ന് ഒട്ടും കുറയാതെ അതേ പ്രതിഫലം ലഭിക്കുമെന്ന് നബി തിരുമേനി അരുളുകയുണ്ടായി.
മക്കയിലേയും മദീനയിലേയും ഇരു ഹറമുകളിലും റമദാനില്‍ മാത്രം വിതരണം ചെയ്യുന്ന ഭക്ഷണകിറ്റുകള്‍ക്ക് കയ്യും കണക്കുമില്ല. ലോകത്തുടനീളമുള്ള മസ്ജിദുകളിലും ഈ മാതൃക പിന്തുടര്‍ന്ന് അനേക ലക്ഷം ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്ന കാഴ്ച ചേതോഹരമാണ്. റമദാനില്ലാത്തെ ഒരു ഇസ്ലാമിനെ നമുക്ക് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല. അതിനെ സജീവമാക്കുന്നത് ആ മാസത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. അതില്ലാത്ത റമദാനും നമുക്ക് ഊഹിക്കാന്‍ സാധ്യമല്ല.
ലോകത്താകമാനം ഇത്രയേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന, മുസ്ലിംങ്ങള്‍ക്ക് ലഭിച്ചത് പോലുള്ള ഒരു മാസം, മറ്റാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം സന്തോഷത്തിന്‍റെ മാസമാണ് റമദാന്‍. കൊടുക്കുന്നവര്‍ക്ക് കൊടുക്കുന്നതിന്‍റെയും വാങ്ങുന്നവര്‍ക്ക് വാങ്ങുന്നതിന്‍റെയും സന്തോഷം പകരുന്ന മാസം. സഹജീവിളോടുള്ള ആദ്രതയും കാരുണ്യവും മനുഷ്യരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതോടൊപ്പം, അത് നമ്മുടെ ശരീരത്തില്‍ സന്തോഷത്തിന്‍റെ ഹോര്‍മോണ്‍ കൂടി ഉല്‍പാദിപ്പിക്കുന്നു.
സന്തോഷത്തിനും സമാധാനത്തിനും വേണ്ടി മയക്കുമരുന്നില്‍ അഭയം തേടുന്ന യുവാക്കളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്ന പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. പാഠ്യപദ്ധതികളില്‍ ജനസേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചു. അതിലൂടെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതാവസ്ഥയുടെ ആഴം കുട്ടികള്‍ക്ക് ബോധ്യപ്പെടാനുള്ള അവസരം ലഭിക്കുന്നു. ഇസ്ലാമിക മദ്രസകളെങ്കിലും ഇതിന് ഒരു മാതൃക കാണിച്ചാല്‍, പല നേട്ടങ്ങളാണ് കൈവരിക്കാന്‍ സാധിക്കുക.
ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ ആദ്യം ആരംഭിക്കേണ്ടത് സ്വന്തം വീടകങ്ങളില്‍ നിന്നാണ്. രക്ഷിതാക്കള്‍ക്ക് മക്കളും ദമ്പതിമാര്‍ക്ക് ഇണയും പരസ്പരം താങ്ങും തണലായി നിലകൊള്ളുക. ഗാര്‍ഹിക ജോലികളില്‍ സ്ത്രീ പുരുഷ വിത്യാസമില്ലാതെ സഹകരണം ഉറപ്പ് വരുത്തുക. സ്ത്രീകളോട് ഉദാരമായി പെരുമാറുക. അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ അനുഭവിച്ചറിയാനുള്ള മനസുണ്ടാവുക.
ഈ കാഴ്ചകള്‍ ചുറ്റുവട്ടത്തും പ്രസരിപ്പിക്കുന്ന നറുനിലാവിന്‍റെ വെട്ടം ഘോരമായ ഇരുട്ടിനെ പ്രകാശപൂരിതമാക്കും. അപ്പോള്‍ റമദാന്‍ കേവലം പട്ടിണികിടക്കുന്നതിന്‍റെ പേരല്ലെന്നും, അത് ഉദാത്തമായ മനുഷ്യനെ സൃഷ്ടിക്കാനുള്ള പരശീലനമാണെന്നും ആര്‍ക്കും ബോധ്യമാവുന്നതാണ്.