സൂറത് ഇഖ്ലാസ്: അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അധ്യായം

സൂറത് ഇഖ്ലാസ്: അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അധ്യായം
  • ജൂൺ 1, 2025
  • ഇബ്‌റാഹിം ശംനാട്

അല്ലാഹുവിനെ കുറിച്ച് ഏറ്റവും തെറ്റിദ്ധാരണജനകമായ കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ആ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കേണ്ടത് എല്ലാ വിശ്വാസികളുടേയും ബാധ്യതയാണ്. അല്ലാഹുവിനെ അവന്‍്റെ സവിശേഷ നാമങ്ങളിലൂടെയാണ് വിശുദ്ധ ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തിതരുന്നത്. അവന്‍ ഏകനാണെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. അവന്‍്റെ ഏകത്വ വിശ്വാസത്തില്‍ (തൗഹീദ്) നിലകൊള്ളുന്ന മതമാണ് ഇസ്ലാം.

ലോകത്ത് ആഗതരായ പവാചകന്മാരെല്ലാം പ്രബോധനം ചെയ്ത സുപ്രധാനമായ വിഷയമാണ് തൗഹീദ്. തൗഹീദ് മാത്രം പ്രതിപാദിക്കുന്ന ഖുര്‍ആനിലെ ഒരു അധ്യായമാണ് സുറത്തുല്‍ ഇഖ്ലാസ്. ഏകദൈവത്വത്തിന്‍്റെ ദിവ്യ പ്രകാശത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുകയും അവരെ അതില്‍ ഊട്ടിയുറപ്പിക്കുകയും ബഹുദൈവവിശ്വാസത്തിന്‍്റെ അന്ധകാരത്തില്‍ നിന്ന് അവരെ മോചിപ്പിക്കുകയുമാണ് ഈ സൂറത്തിന്‍്റെ ലക്ഷ്യം.

എല്ലാ മതങ്ങളുടേയും അടിസ്ഥാനം ഏകദൈവ വിശ്വാസമാണ്. പിന്നീട് കാലാന്തരത്തില്‍ പൗരോഹിത്യ കൈകടത്തലുകളിലൂടെ പൗരാണിക മതങ്ങള്‍ ബഹുദൈവ വിശ്വാസത്തിലേക്ക് വ്യതിചലിക്കുകയാണുണ്ടായത്. തങ്ങള്‍ ഏകദൈവവിശ്വാസത്തിന്‍്റെ വാക്താക്കളാണെന്ന് ഉദ്ഘോഷിക്കാന്‍ ഇന്ന് എല്ലാ മതങ്ങളും താല്‍പര്യം കാണിക്കാറുണ്ട്. കാരണം ഏകദൈവവിശ്വാസം യുക്തിഭദ്രവും മനസ്സിന് ശാന്തിയും സമാധാനവും നല്‍കുമ്പോള്‍, ബഹുദൈവ വിശ്വാസം യുക്തിക്ക് നിരക്കാത്തതും മനസ്സിന് അസ്വസ്ഥത സൃഷ്ടിക്കുന്നതുമാണ്.

ഒരേ ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ, മനുഷ്യ സമൂഹത്തെ ഏകോപിപ്പിക്കാന്‍ കഴിയുന്ന ഒരേ ഒരു സിദ്ധാന്തം തൗഹീദ് മാത്രമാണ്. ദൈവം ഏകനാണെന്ന് ഉദ്ഘോഷിക്കുന്ന കാഴ്ചപ്പാട്, മനുഷ്യ വര്‍ഗ്ഗവും ഒന്നാണെന്ന് ഉറക്കെ വിളംബരം ചെയ്യുന്നു. ഈ ദര്‍ശനത്തിന് മാത്രമെ മനുഷ്യനെ ഏകോദര സഹോദരന്മാരായി കാണാനും മനുഷ്യ സമൂഹത്തില്‍ സംഘര്‍ഷവും സംഘട്ടനവും ഇല്ലാതാക്കാനും സാധിക്കുകയുള്ളൂ.

മനുഷ്യന്‍്റെ ശുദ്ധപ്രകൃതി ഏകദൈവത്വത്തിലാണ് നിലകൊള്ളുന്നതെന്ന് ഖുര്‍ആന്‍ പറയുന്നു: “അതിനാല്‍ ശ്രദ്ധയോടെ നീ നിന്‍്റെ മുഖം (ഏകദൈവ വിശ്വാസത്തിലധിഷ്ടിതമായ) ഈ ജീവിതദര്‍ശനത്തിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് ഏതൊരു പ്രകൃതിയിലാണോ ആ പ്രകൃതിതന്നെയാണ് ഇത്. അല്ലാഹുവിന്‍്റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ഇതുതന്നെയാണ് ഏറ്റം ചൊവ്വായ മതം. പക്ഷേ; ജനങ്ങളിലേറെ പേരും അതറിയുന്നില്ല.” (30:30)

നബി (സ) പറഞ്ഞൂ: ഏതൊരു ശിശുവും പിറന്നുവീഴുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ മജൂസിയോ മറ്റോ ആക്കുന്നത്. അതിന്‍്റെ ഉദാഹരണം ഇപ്രകാരമാണ്: എല്ലാ കാലികളും തികച്ചും കുറ്റമറ്റ കാലികളത്തെന്നെ ജനിപ്പിക്കുന്നു. അവയില്‍ ഒറ്റയെണ്ണവും ചെവി മുറിക്കപ്പെട്ടതായി പിറക്കുന്നില്ല. പിന്നീട്, വിഗ്രഹാരാധകര്‍ തങ്ങളുടെ അന്ധവിശ്വാസങ്ങളുടെ ഫലമായി അവയുടെ ചെവി അറുക്കുന്നു.

തൗഹീദാണ് ഇസ്ലാമിന്‍്റെ കാമ്പും കാതലും. അത് ഹൃസ്വമായി, 4 സൂക്തങ്ങളിലും 15 വാക്കുകളിലുമായി, പരിചയപ്പെടുത്തുന്ന ഖുര്‍ആനിലെ 112 ാം അധ്യായമാണ് സൂറത് ഇഖ്ലാസ്. ഏകദൈവത്വ ദര്‍ശനത്തെ ഇത്രയും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞുവെച്ചത് ഖുര്‍ആനിന്‍്റെ അമാനുഷികതയുടെ തെളിവാണ്. ഈ അധ്യായത്തിന്‍്റെ ആശയം ഇങ്ങനെ പരിഭാഷപ്പെടുത്താം: “അല്ലാഹു ഏകനാണ്. അവന്‍ നിരാശ്രയനാണ്. അവന് പിതാവൊ പുത്രനൊ ഇല്ല. അവനു തുല്യമായി ആരുമില്ല.”

ഖുര്‍ആനില്‍ പല സൂക്തങ്ങളിലും അല്ലാഹുവിനെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും, അതെല്ലാം സൂറത്ത് ഇഖ്ലാസിന്‍്റെ വ്യാഖ്യാനമാണെന്ന് പറയാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും എല്ലാം അല്ലാഹുവിനെ അറിയാന്‍ സഹായിക്കുന്നതാണ് ഈ അധ്യായം. ഖുറൈശികള്‍ പ്രവാചകനോട് തന്‍്റെ ദൈവത്തെ കുറിച്ച് വിവരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവതരിച്ച സൂറത്താണിത്.

അതിന്‍്റെ അവതരണ സന്ദര്‍ഭം ഇങ്ങനെ: ഒരിക്കല്‍ യഹൂദര്‍ നബി (സ) യുടെ അടുക്കല്‍ വന്നു. കഅ്ബ് ഇബ്നു അഷ്റഫ് ഉള്‍പ്പടെയുള്ളവര്‍ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ചോദിച്ചു: ഹേ മുഹമ്മദ്: നിന്നെ നിയോഗിച്ച നിന്‍്റെ രക്ഷിതാവിനെ കുറിച്ച് വിവരിച്ച് തന്നാലും. അപ്പോള്‍ അവതരിച്ച അധ്യായമാണ് സൂറതുല്‍ ഇഖ്ലാസ്. ബഹുദൈവ വിശ്വാസത്തിന്‍്റെ കെടുതികള്‍ അനുഭവിക്കുന്ന എല്ലാ സമൂഹത്തിലും പ്രചരിപ്പിക്കേണ്ട ഒരു അധ്യായമാണിത്. മറ്റൊരു സന്ദര്‍ഭത്തില്‍, നബി (സ) യോട് ഒരു അനുചരന്‍ ഏറ്റവും മഹത്തായ സൂറത്ത് ഏതെന്ന ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു സൂറത് ഖുല്‍ ഹുവളളാഹു അഹദ്. കൂടാതെ വേറേയും ധാരാളം സവിശേഷതകളുള്ള അധ്യായമാണിത്.

1.ദിവസം പത്ത് പ്രാവശ്യം ഈ സൂറത്ത് ഓതിയാല്‍ സ്വര്‍ഗ്ഗത്തില്‍ അവന് വേണ്ടി കൊട്ടാരം പണിയുന്നതാണണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
2. ഈ സൂറത്ത് പരായണം ചെയ്യുന്നത് അല്ലാഹുവിന്‍്റെ പ്രീതിക്ക് നിമിത്തമാവുന്നു.
3. പിശാചിന്‍്റെ കുതന്ത്രത്തില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഈ സൂറത്ത് പാരായണം ചെയ്യുന്നത് ഉത്തമമാണ്.
4. നബി (സ) ഉറങ്ങുന്നതിന് മുമ്പായി, ദേഹത്ത് പതിവായി ഊതി ഓതാറുണ്ടായിരുന്ന സൂറത്താണിത്.
5. നമസ്കാരനന്തരവും വിത്ര്‍ നമസ്കാരത്തിലും ഈ സൂറത്ത് നബി (സ) ഓതാറുണ്ടായിരുന്നു.

ഏകദൈവത്വ വിശ്വാസം നിരാകരിക്കുന്നത് കടുത്ത നന്ദികേടും വന്‍പാപവും ധിക്കാരവുമായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്. നിരവധി സൂക്തങ്ങളിലായി ഖുര്‍ആന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്: “തന്നില്‍ ആരെയും പങ്കുചേര്‍ക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവയൊക്കെ താനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ വഴികേടില്‍ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു”.4:116