‘സൂറത്തുല്‍ ഹുജ്റാത്ത്’: ഉപചാര സംസ്കാരം പഠിപ്പിക്കുന്ന അധ്യായം

വൈയക്തികവും കൗടുംബികവും സാമൂഹ്യവുമായ ഒട്ടേറെ നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ചിട്ടുള്ള ഹൃസ്വമെങ്കിലും ബൃഹ്ത്തായ, ഖുര്‍ആനിലെ 49 ാംമത്തെ അധ്യായമാണ് ‘സൂറത്ത് ഹുജ്റാത്ത്. ‘കിടപ്പറ’ എന്ന് അര്‍ത്ഥം വരുന്ന ഈ അധ്യായത്തില്‍ പതിനെട്ട് സൂക്തങ്ങളാണുള്ളത്. ഈ അധ്യായതിന് മുമ്പുള്ള ‘സുറത്ത് ഫതഹ്’ അവസാനിക്കുന്നത് പ്രവാചകന്‍റെ അനുയായികള്‍ക്കുണ്ടായിരിക്കേണ്ട സവിശേഷമായ ഗുണങ്ങള്‍ പറഞ്ഞുകൊണ്ടാണ്. അതിന്‍റെ തുടര്‍ച്ച എന്നോണം നേതാക്കള്‍ക്കും നീതര്‍ക്കും ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് സൂറത്ത് ഹുജ്റാത്തിലെ മുഖ്യ പ്രമേയം.
ഉപചാരമാണ് ഏതൊരു സംസ്കാരത്തിന്‍റെയും രത്നകല്ല്. ഉപചാരങ്ങളില്ലാത്ത പെരുമാറ്റം മനുഷ്യനെ മൃഗതുല്യനാക്കി മാറ്റുന്നു. അത്തരം പ്രകൃതത്തെ പരിവര്‍ത്തിപ്പിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് സൂറത്ത് ഹുജ്റാത്തിന്‍റെ ഉള്ളടക്കം. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ആയത്തുകള്‍ സ്രഷ്ടാവായ അല്ലാഹുവിനോടും അവന്‍റെ തിരുദൂതനോടും പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിച്ചു തരുന്നു. ഗ്രാമീണ ബദ് വികള്‍ക്ക് അത്തരം ഉപചാരങ്ങള്‍ തീര്‍ത്തും അന്യമായിരുന്നു.
പ്രവാചകനെ മുന്‍നിര്‍ത്തിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെങ്കിലും, അദ്ദേഹത്തിന്‍റെ കാലശേഷം സമുന്നതരായ നമ്മുടെ നേതാക്കളോടും വ്യക്തിത്വങ്ങളോടും ബഹുമാനാദരവുകളോടെയാണ് പെരുമാറേണ്ടതെന്ന് അനുക്തസിദ്ധമാണ്. അനുയായികളും നേതാക്കളും തമ്മില്‍ മികച്ച ബന്ധമുണ്ടാവാന്‍ അത് സഹായിക്കുന്നു. ഏതൊരു പ്രസ്ഥാനത്തിലേക്കും പൊതുജനങ്ങളെ ആഘര്‍ഷിക്കുന്ന ഘടകം ആ കൂട്ടായ്മയിലെ അണികളാണ്. അവരുടെ പെരുമാറ്റവും വിനയവും ലാളിത്യവുമാണ് സാധാരണക്കാരെ ആഘര്‍ഷിക്കുന്നത്.
മക്കയില്‍ നിന്നും നബി (സ) യും അനുചരന്മാരും മദീനയിലത്തെിയപ്പോള്‍ നിരവധി സാമൂഹ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അവക്കുള്ള പരിഹാരമെന്ന നിലയിലാണ് ഈ സൂറത്ത് അവതീര്‍ണ്ണമായത്. അതില്‍ പ്രധാനപ്പെട്ട കാര്യമാണ് വ്യക്തികള്‍ തമ്മിലുള്ള സംസാരം. സഹജീവികളെ വേദനിപ്പിക്കാനും ആശ്വസിപ്പിക്കാനും സംസാരത്തിന് സാധിക്കുമാല്ലോ? സംസാരത്തിലും മറ്റു പല മേഖലകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ സൂറത്തില്‍ കാണാം.
പരിശീലിപ്പിക്കുന്നതിനനുസരിച്ച്, അപരനെ തല്ലുകയും തലോടുകയും ചെയ്യാവുന്ന അവയവമാണ് നമ്മുടെ നാവ്. അതിനെ പരിശീലിപ്പിക്കാനുള്ള ഒമ്പത് നിര്‍ദ്ദേശങ്ങള്‍ സൂറത്ത് ഹുജ്റാതില്‍ വിവരിക്കുന്നുണ്ട്. കാര്യങ്ങള്‍ വ്യക്തമായി അന്വേഷിച്ചറിയാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, പരിഹസിക്കരുത്, ആക്ഷേപിക്കരുത്, ഊഹപോഹങ്ങള്‍ പാടില്ല, പരസ്പരം അതിക്രമം ചെയ്യരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അവയില്‍ ചിലതാണ്. അത് പാലിച്ചുകൊണ്ട് സംസാരിക്കുന്നത് അപരനെ തലോടുന്നതിന് തുല്യമാണ്. ഏതൊരു അനുയായികള്‍ക്കുമുണ്ടാവേണ്ട ഗുണങ്ങളാണിത്.
മനുഷ്യരെല്ലാം സര്‍വ്വലോക രക്ഷിതാവിന്‍റെ സൃഷ്ടികളാണെന്നും നിങ്ങള്‍ക്കിടയില്‍ കാണുന്ന വൈവിധ്യം വംശീയ മേല്‍കോയ്മ സ്ഥാപിക്കാനുള്ളതല്ലെന്നും നിങ്ങളുടെ ഉല്‍കൃഷ്ടതയുടെ മാനദണ്ഡം ദൈവഭക്തിയാണെന്നും ഈ അധ്യായത്തിലെ 13 ാം സൂക്തത്തില്‍ വ്യക്തമാക്കുന്നുണ്ട്. വംശീയ ഉഛനീചത്വം പ്രകടമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ വിശ്വമാനവിക സന്ദേശത്തിന്‍റെ പ്രസക്തി പ്രകടമാണ്.
ഏതൊരു കൂട്ടായ്മക്കും മൂന്ന് ഘടകങ്ങളുണ്ട്. നേതാവും നീതരും അവര്‍ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യവും. പലതരം കൂട്ടായ്മകളും അതില്‍ തന്നെ പലതരം അനുയായികളുള്ള കാലമാണിത്. ഇസ്ലാമിക കൂട്ടായ്മകളിലെ അനുയായികള്‍ക്കുണ്ടായിരിക്കേണ്ട അനുസരണം, സാമൂഹ്യ ഐക്യം, സമത്വം, നീതി, വിശ്വാസം, തര്‍ക്ക പരിഹാരം തുടങ്ങിയ പല ഗുണങ്ങളും ഈ അധ്യായത്തില്‍ പ്രതിപാതിക്കുന്നുണ്ട്. മുസ്ലിംങ്ങള്‍ മാത്രമല്ല, ആര്‍ക്കും ഈ ഉപചാരങ്ങള്‍ സ്വീകരിച്ചാല്‍, കാര്യക്ഷമരായ അനുയായികളാവാം (Effective Followers). അവരായിരിക്കും ഭാവിയിലെ നേതാക്കളും. കാരണം നല്ല നീതരാണ് നല്ല നേതാക്കളാവുന്നത്.