വിശുദ്ധ ഖുര്‍ആന്‍ രോഗശമനമായിത്തീരാന്‍ ചെയ്യേണ്ടതെന്ത്?

വിശുദ്ധ ഖുര്‍ആന്‍ രോഗശമനമായിത്തീരാന്‍ ചെയ്യേണ്ടതെന്ത്?
  • മെയ്‌ 29, 2021
  • ഇബ്റാഹീം ശംനാട്

നിരവധി ഉദ്ദേശ്യങ്ങളോടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നേര്‍വഴികാണിച്ചുതരിക എന്നതാണ് ഖുര്‍ആന്‍റെ മുഖ്യലക്ഷ്യമെങ്കിലും, അത് നമ്മുടെ ആത്മീയവും മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് ചികില്‍സയാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആനില്‍ രോഗശമനം എന്ന ആശയം ധ്വനിപ്പിക്കുന്ന ‘ശിഫാഅ്’ എന്ന പദം നാല് പ്രാവിശ്യം ആവര്‍ത്തിച്ചതായി കാണാം. അതില്‍ ഒരു പ്രാവിശ്യമാകട്ടെ തേനിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

രോഗവും അശ്വസ്ഥതയുമുണ്ടാവുമ്പോള്‍ ഈ ആയതുകള്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നത് രോഗം ശമിക്കാന്‍ സഹായകമായിരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. യൂനുസ് 57, അന്നഹ് ല് 69, അല്‍ ഇസ്റാഅ് 82, ഫുസ്സിലത് 44 എന്നിവയിലാണ് ശിഫാഅ് എന്ന പദം പരാമര്‍ശിച്ചിട്ടുള്ളത്. കോവിഡ് പിടിപ്പെട്ട് ശ്വാസതടസ്സമുള്‍പ്പടെയുള്ള പല അശ്വസ്ഥതകളുമുണ്ടായപ്പോള്‍, ഈ ആയതുകള്‍ പാരായണം ചെയ്തത്, എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയാത്തവിധം, വലിയ ആശ്വാസമായിരുന്നു ലഭിച്ചത്.

അപാരമായ ശക്തിവിശേഷങ്ങളുള്ള ദൈവിക വചനമാണ് ഖുര്‍ആന്‍. പക്ഷെ അത് നമുക്ക് ബോധ്യപ്പെടാത്തതിന് കാരണം, ആശയം ഗ്രഹിച്ച് വായിക്കുന്നില്ല എന്നതാണ്. ലോകത്ത് ആശയം ഗ്രഹിക്കാതെ വായിക്കുന്ന ഏതെങ്കിലും ഗ്രന്ഥമുണ്ടാവുമെന്ന് തോന്നുന്നില്ല. ആശയം ഉള്‍കൊള്ളാതെ വായിക്കുന്നത്, അതിന് അല്ലാഹു പ്രതിഫലം നല്‍കുന്നത് അവന്‍റെ കാരുണ്യത്തിന്‍റെ ഭാഗമാണ്, സമയവും അധ്വാനവും നഷ്ടമാണ്.

അന്ത്യനാളില്‍ ഖുര്‍ആന്‍ മനസ്സിലാക്കാതെ വയിച്ചു എന്ന് പറയുന്നത് നല്ലതാണൊ? ഖുര്‍ആനിനെ നമ്മുടെ ജീവിതത്തിന്‍റെ ‘സംഖ്യകക്ഷി’യാക്കുകയും അതിലെ നിയമങ്ങളും ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും ശിരസാവഹിക്കുകയും ചെയ്യുകയാണെങ്കില്‍, ആ നിമിഷം നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. ചരിത്രത്തില്‍ അതിന് നിരവധി ഉദാഹരണങ്ങള്‍ കാണാം.

ദുര്‍ബല രാജ്യങ്ങള്‍ അധികാരം നിലനിര്‍ത്താന്‍ വന്‍ശക്തി രാജ്യങ്ങളെ സംഖ്യകക്ഷിയാക്കുന്ന കാര്യം നമുക്ക് പരിചിതമാണ്. ആ സംരക്ഷണത്തിലാണ് ദുര്‍ബല രാജ്യങ്ങള്‍ നിലനില്‍ക്കുന്നത്. സംഖ്യകക്ഷിയാവുക എന്നതിന്‍റെ താല്‍പര്യം, ആ കക്ഷിയോട് തികഞ്ഞ വിധേയത്വം പുലര്‍ത്തുക എന്നതാണ്. ഖുര്‍ആനിനെ നമ്മുടെ ജീവിതത്തിലെ സംഖ്യകക്ഷിയായി സ്വീകരിക്കാന്‍ കഴിയുമൊ? അപ്പോള്‍ അതിന്‍റെ സംരക്ഷണം ലഭിക്കുന്നത് അമ്പരപ്പോടെയല്ലാതെ നോക്കി കാണാന്‍ കഴിയില്ല.

ഖുര്‍ആന്‍ പാരായണം ചെയ്യേണ്ട പോലെ പാരായണം ചെയ്യുകയും കേള്‍ക്കേണ്ടത് പോലെ കേള്‍ക്കുകയും ഗ്രഹിക്കേണ്ടത് പോലെ ഗ്രഹിക്കുകയും ചെയ്താല്‍, അതിന്‍റെ ഫലം കാണുക തന്നെ ചെയ്യും. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. പക്ഷെ അതിന് കന്നുകാലികള്‍ കേള്‍ക്കുന്നത് പോലെ ശബ്ദം കേട്ടത്കൊണ്ട് കാര്യമില്ല. എങ്ങനെ വയിക്കണരമെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് ശ്രദ്ധിക്കൂ: “നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിവേകശാലികള്‍ പാഠമുള്‍ക്കോള്ളാനും.” 38:29

ഖുര്‍ആന്‍ സ്വയം വിശേഷിപ്പിക്കുന്നത് അതിശ്രേഷ്ടമായ ഖുര്‍ആന്‍ എന്നാണ് (50:1). മനുഷ്യര്‍ അതില്‍ നിന്ന് നേടുന്ന മാര്‍ഗ്ഗദര്‍ശനത്തിനനുസരിച്ചായിരിക്കും അവര്‍ക്ക് ശ്രേഷ്ടത ലഭിക്കുക എന്നാണ് അതിശ്രേഷ്ടമായ ഖുര്‍ആന്‍ എന്ന സൂക്തത്തിന്‍റെ സാരം. ഖുര്‍ആനിന് നമ്മെ ഒരു ആവശ്യവുമില്ല. ദുര്‍ബലരായ നമുക്ക് ഖുര്‍ആനിനെ എല്ലാ നിലക്കും ആവശ്യമാണ്. അതിന് നാം ഖുര്‍ആനിനെ ചേര്‍ത്ത് പിടിക്കുകയും നമ്മെ സഹായിക്കുന്ന സംഖ്യകക്ഷിയായി പരിഗണിക്കുകയും ചെയ്യുക മാത്രമെ രക്ഷയുള്ളൂ.