റജബ് മാസം: റമദാനിലേക്കുള്ള കവാടം

റജബ് മാസം: റമദാനിലേക്കുള്ള കവാടം
  • ജനുവരി 13, 2026
  • ഇബ്‌റാഹിം ശംനാട്

ഹിജ്റ കലണ്ടർ പ്രകാരം ഏഴാമത്തെ മാസമായ റജബ് മാസത്തിലാണു നാമുള്ളത്. പുണ്യമാസമായ റമദാനിലേക്ക് പ്രവേശിക്കാൻ ഇനി ഒരു മാസവും ഏതാനും ദിവസങ്ങളും മാത്രമേ ഉള്ളൂ. റമദാനിനെ വരവേൽക്കാൻ നാം നേരത്തെ തയ്യാറായി നിൽക്കേണ്ടതുണ്ട്.

ഒരു അതിവിശിഷ്ടനായ അതിഥി നമ്മുടെ വീട് സന്ദർശിക്കാൻ വരുന്നു എന്ന വിവരം കിട്ടിയാൽ നാം ആ വിശിഷ്ട വ്യക്തിയെ സ്വീകരിക്കാൻ എത്രമാത്രം ഉൽസുകനായിരിക്കുമൊ, അത്പോലെയൊ അതിലേറെയൊ താൽപര്യത്തോടെയായിരിക്കണം പുണ്യമാസമായ റമദാനിനെ സ്വീകരിക്കേണ്ടത്. അതിനുള്ള സമയമാണ് റജബ് മാസം.

റജബ് മാസത്തിെന്റ പ്രത്യേകതയെ സൂചിപ്പിച്ചുകൊണ്ട് ഖുർആൻ പറയുന്നു ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക………………………..” അധ്യായം 9:36
പവിത്ര മാസമെന്ന നിലയിൽ റജബ് മാസത്തിൽ സൽകർമ്മങ്ങൾ അനുഷ്ടിക്കുന്നതിന് വലിയ പ്രതിഫലമാണുള്ളതെന്ന് ഇബ്നു അബ്ബാസ് ഉൾപ്പടെയുള്ള പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ഇബ്നു റജബ് അൽ ഹമ്പലി പറയുന്നു: ‘വിത്ത് വിതക്കാനുള്ള മാസമാണ് റജബ്. ശഅ്ബാൻ മാസമാകട്ടെ വെള്ളം നനക്കാനും റമദാൻ മാസം ഫലം കൊയ്തെടുക്കാനുമുള്ളതാണ്’.

റമദാനിെന്റ ഉമ്മറപ്പടിയായ റജബ് മാസം നമ്മുടെ ഹൃദയത്തെ ഉണർത്തുകയും മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാർത്ഥനകളിലൂടെയും നോമ്പിലൂടെയും, ദിക്ർ, ഇസ്തിഗ്ഫാർ, സദഖ എന്നിവയിലൂടെ റമദാനിലേക്ക് തയ്യാറെടുപ്പ് നടത്തേണ്ട മാസമാണിത്.

യുദ്ധം നിരോധിക്കപ്പെട്ട മാസമെന്ന നിലയിൽ വ്യക്തിപരമായ ശണഠകൂടലുകളും തർക്കവിതർക്കങ്ങളും ഒഴിവാക്കുകയും പാപങ്ങൾ വർജ്ജിക്കുകയും ചെയ്യേണ്ടതാണ്. പവിത്ര മാസങ്ങളിലേക്ക് പ്രവേശിച്ചാൽ, ജാഹിലിയ്യ കാലത്ത് പോലും ആളുകൾ ആയുധങ്ങൾ താഴെ വെക്കുകയും യുദ്ധത്തിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്യുമായിരുന്നു.

റമദാനിലേക്ക് എത്തിച്ചേരാനും കൂടുതൽ സൽക്കർമ്മങ്ങൾ അനുഷ്ടിച്ച് പ്രതിഫലം കരസ്ഥമാക്കാനും വേണ്ടി,  നമ്മുടെ പൂർവ്വിക പണ്ഡിതന്മാർ റജബിൽ പ്രത്യേകമായി ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു: ” അല്ലാഹുവേ! റജബ്, ശഅ്ബാൻ മാസങ്ങളിൽ ഞങ്ങളെ അനുഗ്രഹിക്കേണമേ. റമദാൻ മാസത്തെ ഞങ്ങൾക്ക് എത്തിക്കുകയും ചെയ്യേണമേ.”

اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ