ഈമാന്‍ ദുര്‍ബലമാവുന്നതിന്‍റെ ലക്ഷണങ്ങള്‍

മനസ്സില്‍ ബോധ്യപ്പെട്ട്, നാവിലൂടെ ഉച്ചരിച്ച്, അവയവങ്ങൾകൊണ്ട് സല്‍കര്‍മ്മങ്ങള്‍ ചെയ്യലാണ് ഇസ്ലാമിക വീക്ഷണത്തില്‍ ‘ഈമാന്‍’ എന്ന് പറയുന്നത്. ഒരാളെ സ്വര്‍ഗ്ഗത്തിലേക്കും മറ്റൊരാളെ നരകത്തിലേക്കും എത്തിക്കുന്ന ഉരകല്ലാണത്. ഇഹപര വിജയത്തിന്‍റെ മാനദണ്ഡവും സത്യവും അസത്യവും വേര്‍തിച്ചറിയാനുള്ള വഴിയും ഈമാന്‍ തന്നെ. ഒരാള്‍ ഈമാന്‍ സ്വീകരിക്കുന്നതോടെ, അയാളുടെ പൂര്‍വ്വകാല പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നു. പുതിയൊരു മനുഷ്യനായി അയാള്‍ പുനര്‍ജനിക്കുന്നു.
ഈമാന്‍ സ്വീകരിക്കുക എന്നത് നിലപാടിന്‍റെ പ്രശ്നമാണ്. അഖിലസാര പ്രപഞ്ചത്തിന് ഒരേ ഒരു സൃഷ്ടാവാണുളളതെന്നും അവന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണെന്നുള്ള ബോധ്യവുമാണ് ഈമാനിന്‍റെ കാതും കാമ്പും. ആ വിശ്വാസത്തിലാണ് തന്‍റെ യഥാര്‍ത്ഥ ജീവിത വിജയം നിലകൊള്ളുന്നത്. എന്നാല്‍ ഈമാന്‍ ഒരേ ലെവലില്‍ നിലകൊള്ളുന്ന പ്രതിഭാസമല്ല. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യാം.
ഈമാന്‍ ശക്തമാണെങ്കില്‍ സല്‍കര്‍മ്മങ്ങള്‍ ധാരാളമായി ചെയ്യുകയും ദുര്‍ബലമാവുകയാണെങ്കില്‍ അതിനോട് വിരക്തി തോന്നുകയും ചെയ്യുന്നു. കപട വിശ്വാസികളെ കുറിച്ച് ഖുര്‍ആന്‍ അവരുടെ ഹൃദയത്തില്‍ രോഗമുണ്ട് എന്ന് പറയുന്നത് ഈമാന്‍ കുറയുന്നത് മൂലം സംഭവിക്കുന്ന മൂല്യച്ച്യൂതിയെ കുറിച്ചാണ്. സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദത്താലും വിശ്വാസ ദൗര്‍ബല്യത്താലും ഈമാന്‍ കുറഞ്ഞുപോവാന്‍ ഇന്ന് ധാരാളം സാധ്യതകളുണ്ട്. ഈമാന്‍ കുറഞ്ഞ് കുറഞ്ഞ് കുഫ്റിലേക്ക് എത്തുന്നത് ഇന്ന് കണ്ടുവരുന്ന ഗുരുതര പ്രശ്നമാണ്. കാരണം അത് നരക പ്രവേശനത്തിന് കാരണമായേക്കാം.
ഗുരുവും ശിഷ്യനും
ഒരാള്‍ ഒരു പണ്ഡിതനോട് ചോദിച്ചു: ഈമാന്‍ വര്‍ധിക്കുമൊ?
അദ്ദേഹം പറഞ്ഞു: അതെ. അത് വളര്‍ന്ന് വളര്‍ന്ന് പര്‍വതങ്ങളോളം വലുതാവും.
വീണ്ടും ശിഷ്യന്‍ ചോദിച്ചു: ഈമാന്‍ കുറയുമോ?
അദ്ദേഹം പറഞ്ഞു: അതെ. അത് കുറഞ്ഞു കുറഞ്ഞു പാതാളത്തോളം താഴ്ന്ന്പോവുകയും ചെയ്യും.
ലക്ഷണങ്ങള്‍
വൃക്ഷത്തിന് വെള്ളവും വളക്കൂറും ലഭിക്കാതിരിക്കുമ്പോള്‍, അത് ക്ഷയിക്കുന്നത് പോലെ മതപരമായ അറിവ് ലഭിക്കാതിരുന്നാല്‍, ഈമാന്‍ ക്ഷയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്കൊണ്ടാണ് നബി (സ) പറഞ്ഞത് “നിങ്ങളുടെ ഈമാനിനെ നവീകരിക്കൂ.” ഈമാനിനുള്ള പോഷകാഹാരമാണ് അറിവ്. അല്ലങ്കില്‍, ഭൗതികതയുടെ സുനാമിയില്‍ ഈമാന്‍ ആടി ഉലയുകയും ദുര്‍ബലമാവുകയും ചെയ്യും. ഇന്ന് നാം അത്തരക്കാരെ ദിനേന കണ്ടുകൊണ്ടിരിക്കുന്നു.
രോഗം നിര്‍ണ്ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ക്കുള്ള പ്രധാന്യം പറയേണ്ടതില്ല. ഈമാന്‍ ദുര്‍ബലമാവുന്നത് രോഗലക്ഷണമാണ്. അഥവാ രോഗലക്ഷണങ്ങളാണ് രോഗത്തെ നിര്‍ണ്ണയിക്കുന്നത്. ചിലര്‍ റമദാന്‍ വരുമ്പോള്‍ സജീവമാവുകയും റമദാന്‍ വിടപറഞ്ഞാല്‍ നിര്‍ജീവമാവുകയും ചെയ്യുന്നു. അവര്‍ നോമ്പെടുക്കുമെങ്കിലും നമസ്കാരത്തില്‍ വീഴ്ച വരുത്തുന്നു. കപടവിശ്വാസികള്‍ക്ക് ഭാരമുള്ള രണ്ട് നമസ്കാരങ്ങളാണ് ഫജ്റും ഇശാ നമസ്കാരവും. അതിന്‍റെ ഗുണം അറിഞ്ഞിരുന്നുവെങ്കില്‍, അവര്‍ ഇഴഞ്ഞിട്ടെങ്കിലും വരുമായിരുന്നു എന്ന് ഹദീസിലുണ്ട്.
ഈമാന്‍ ദുര്‍ബലരായവര്‍ക്ക് ഖുര്‍ആന്‍ പാരായണം അവരുടെ ഹൃദയത്തില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. അതിലെ സന്തോഷ വാര്‍ത്തകള്‍ അവര്‍ക്ക് ആനന്ദം പകരുകയോ മുന്നറിയിപ്പുകള്‍ അവരുടെ കണ്ണുകളെ ഈറനണിയിക്കുകയോ ചെയ്യുന്നില്ല. ഈമാന്‍ കുറഞ്ഞവര്‍ വിപത്തുകളെ അതൃപ്തിയോടേയും വെറുപ്പോടെയുമാണ് സ്വീകരിക്കുക. അല്ലാഹുവിന്‍റെ ‘ഖദാ ഖദ്റിലുള്ള’ വിശ്വാസം അത്തരക്കാര്‍ക്ക് ദഹിക്കുന്നതല്ല. അതിനെ ക്ഷമയോടെ നേരിടുന്നതിന് പകരം പഴി പറഞ്ഞുകൊണ്ടിരിക്കുന്നു.
അല്ലാഹുവിനെ കുറിച്ച ഭയം കുറയുകയും രഹസ്യമായി തെറ്റ് ചെയ്യാനുള്ള പ്രവണത വര്‍ധിക്കുകയും ചെയ്യുന്നത് ഈമാന്‍ ദുര്‍ബലമാവുന്നത്കൊണ്ടാണ്. മുസ്ലിം സമൂഹം ലോകത്തുടനീളം കടുത്ത പീഡനം അനുഭവിക്കുമ്പോള്‍ അതിനോട് താദാത്മ്യപ്പെടാന്‍ കഴിയാതെ അന്യം നില്‍ക്കുന്നതും ഈമാനിന്‍റെ തീപ്പൊരിനാളം അണയുന്നത് കൊണ്ടാണ്. അല്ലാഹുവിന്‍റെ നിയമങ്ങളോട് പുഛവും ഭൗതികതയോട് ആര്‍ത്തിയും ഉണ്ടാവുന്നതും ശുഭലക്ഷണമല്ല.
ഉദാഹരണങ്ങള്‍
ദേഹേഛയാണ് ഈമാനിനെ ദുര്‍ബലപ്പെടുത്തുന്ന മറ്റൊരു കാര്യം. ഖുര്‍ആനില്‍ മൂന്ന് അധ്യായങ്ങളിലായി പരാമര്‍ശിക്കപ്പെട്ട ഹിജാബ് വിഷയം എടുത്ത് നോക്കു. അത് കേവലം ഒരു തുണികഷ്ണമല്ല. സ്വത്വബോധത്തിന്‍റെ പ്രതിനിധാനമാണ് ഹിജാബ്. അല്ലാഹുവിനോടുള്ള സമര്‍പ്പണവും പ്രതിബദ്ധതയുമാണ് ഹിജാബ് ധരിക്കല്‍. ഇത്തരം നിയമങ്ങളെ നിരാകരിക്കുന്നത് ദേഹേഛ കാരണം ഈമാന്‍ ദുര്‍ബലമാവുന്നത് കൊണ്ടാണ്. നബി (സ) യുടെ സുന്നത്തുകളെ നിരാകരിക്കുന്നതും ഹദീസുകളെ നിഷേധിക്കുന്നതും ഇതേ മനോഭാവംകൊണ്ട് തന്നെ.
മുസ്ലിം സംഘടനകളില്‍ ഇസ്ലാമിക സംസ്കാരത്തിന് നിരക്കാത്ത പലതും കാണുന്നതും ഇസ്ലാം നിരോധിച്ച കാര്യങ്ങള്‍ മുസ്ലിം ഭരണാധികാരികള്‍ തങ്ങളുടെ രാജ്യത്ത് അനുവദനീയമാക്കുന്നതും ഈമാന്‍ ക്ഷയിക്കുന്നതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ തന്നെ. പലരിലും പല ലക്ഷണങ്ങളാണ് ഈമാന്‍ കുറയുന്നതിന്‍റെ അടയാളങ്ങളായി കണ്ടുവരുന്നത്. ഈ ഉദാഹരണങ്ങള്‍ മുമ്പില്‍വെച്ച് നമ്മുടെ ഈമാനിന്‍റെ ഗ്രാഫ് നിരീക്ഷിക്കുക. അതിലൂടെ നമ്മുടെ ദൗര്‍ബല്യം മനസ്സിലാക്കാന്‍ കഴിയുകയും ശക്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം.