ജീവിത വ്യവസ്ഥയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങള്‍

ജീവിത വ്യവസ്ഥയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങള്‍
  • ജനുവരി 16, 2025
  • ഇബ്‌റാഹിം ശംനാട്

സാമൂഹ്യ ജീവിയായ മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഒരു വ്യവസ്ഥ അനിവാര്യമാണ്. പ്രസ്തുത വ്യവസ്ഥയുടെ അടിസ്ഥാനത്തിലും ലക്ഷ്യത്തിലും വിതിരിക്തത ഉണ്ടാവാമെങ്കിലും, യാതൊരുവിധ നിയമങ്ങളൊ വ്യവസ്ഥകളൊ ഇല്ലാത്ത മനുഷ്യ വര്‍ഗം ഭൂലോകത്തുണ്ടാവുകയില്ല. വനാന്തരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പോലും അവരുടേതായ വ്യവസ്ഥയും നിയമങ്ങളുണ്ട്. സമാധാനവും സുരക്ഷിതത്വവും ഐശ്വര്യവും ലഭ്യമാക്കുകയാണ് ഏതൊരു സാമൂഹ്യ വ്യവസ്ഥയുടെയും പ്രധാന ലക്ഷ്യം. മനുഷ്യ സമൂഹത്തിന് നിര്‍ണ്ണിത വ്യവസ്ഥയില്ലെങ്കില്‍, അവരുടെ ജീവിതം ക്ലേശകരവും നരകതുല്യവുമായിരിക്കും.

അപ്പോള്‍ ഒരു വ്യവസ്ഥ (System) എന്നാല്‍ എന്താണ്? ഒരു സംവിധാനം രൂപപ്പെടുത്താന്‍ പല ഘടകങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് ഒരു വ്യവസ്ഥ എന്ന് പറയുന്നത്. ഉദാഹരണമായി, ഹാര്‍ഡ് വെയറുകളും സോഫ്റ്റ് വെയറുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന് കംമ്പ്യൂട്ടര്‍ സിസ്റ്റം എന്ന് പറയുന്നു. അത്പോലെ, കൃത്യമായ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെ പ്രാപഞ്ചിക വ്യവസ്ഥ എന്നും മനുഷ്യ ജീവിതത്തെ ക്രമപ്പെടുത്തുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുന്ന വ്യവസ്ഥയെ ജീവിത വ്യവസ്ഥ എന്നും പറയുന്നു.

വാഹനവും യാത്രക്കാരും
ഒരു വ്യവസ്ഥിതിക്ക് കീഴില്‍ ജീവിക്കുന്നവരെ യാത്രക്കാരോടും അവര്‍ യാത്രചെയ്യുന്ന വാഹനത്തോടും ഉപമിക്കാം. വാഹനം സവാരിക്കനുയോജ്യമല്ലങ്കില്‍, യാത്രക്കാര്‍ക്ക് യാത്ര ദൂരിതമുണ്ടാവുക സ്വാഭാവികമാണ്. അത്പോലെയാണ് മനുഷ്യന്‍റെ ജീവിത വ്യവസ്ഥയും. ജീവിത വ്യവസ്ഥ അന്യൂനമല്ലങ്കില്‍, അതില്‍ ജീവിക്കുന്ന മനുഷ്യര്‍ ദുരിതമനുഭവിക്കുക സ്വഭാവികമാണ്. മനുഷ്യര്‍ മനുഷ്യര്‍ക്കായി നിര്‍മ്മിക്കുന്ന വ്യവസ്ഥിതികളില്‍ പ്രകൃത്യ തന്നെ അനേകം ന്യൂനതകളുണ്ട്. ഇത് മറികടക്കാനാണ്, പരിഷ്കൃതമെന്ന ഓമനപ്പേര് വിളിച്ച്, മനുഷ്യ നിര്‍മ്മിത വ്യവസ്ഥിതികളില്‍ ഇടക്കിടെ മാറ്റ തിരുത്തലുകള്‍ വരുത്തികൊണ്ടിരിക്കൂന്നത്.

ജീവിത വ്യവസ്ഥയുടെ മൂന്ന് ഘടകങ്ങള്‍
ഭൗതിക ജീവിത വ്യവസ്ഥകള്‍ക്ക് അവയുടേതായ ഘടകങ്ങളും വിത്യസ്ത മതങ്ങള്‍ക്ക് അവയുടേതായ ഘടകങ്ങളുമുണ്ട്. എന്നാല്‍ ഇസ്ലാമിന്‍റെ ജീവിത വ്യവസ്ഥ, മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നാണ് രൂപപ്പെടുത്തീട്ടുള്ളത്. വിശ്വാസങ്ങളും ആരാധനകളും (Principles) ഉള്‍കൊള്ളുന്ന ഒന്നാമത്തെ അടസ്ഥാന ഘടകവും മൂല്യങ്ങള്‍ (Values) രണ്ടാമത്തേതും നിയമങ്ങള്‍ (Rules & Regulations) മൂന്നാമത്തേതുമാണ്. ഈ കാര്യങ്ങള്‍ പ്രതിപാതിക്കുന്ന ഖുര്‍ആനിലെ രണ്ടാം അധ്യായം 177 ാം സൂക്തത്തിന്‍റെ പരിഭാഷ ഇങ്ങനെ:

“നിങ്ങള്‍ കിഴക്കൊട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും നല്‍കുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധവേളയിലും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. സൂക്ഷ്മത പുലര്‍ത്തുന്നവരും അവര്‍ തന്നെ.” ( 2:177 )

മുകളില്‍ പരാമര്‍ശിച്ച ഖുര്‍ആന്‍ സുക്തം വിശ്ളേഷണം ചെയ്താല്‍, മനുഷ്യ സമൂഹത്തിന്‍റെ വ്യവഹാരങ്ങളെ ഉള്‍കൊള്ളുന്ന ജീവിത വ്യവസ്ഥയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങള്‍ (തത്വങ്ങളും മൂല്യങ്ങളും നിയമങ്ങളും) സമജ്ഞസമായി ഈ സൂക്തത്തില്‍ അടയാളപ്പെടുത്തീട്ടുണ്ട്. ആഴത്തില്‍ പഠനവിധേയമാക്കേണ്ട ഖുര്‍ആനിലെ സൂക്തങ്ങളില്‍ ഒന്നാണിത്.

ഉത്തമ ജീവിത വ്യവസ്ഥ
ഉത്തമ ജീവിത വ്യവസ്ഥയുടെ ഉദാഹരണം ഖുര്‍ആനില്‍ ആലംങ്കാരികമായി ഇങ്ങനെ വിവരിച്ചിരിക്കുന്നു: “നല്ല ഭൂമി അതിന്‍റെ റബ്ബിന്‍റെ ഹിതത്താല്‍, ഉത്തമ ഫലങ്ങള്‍ വിളയിക്കുന്നു. കെട്ട ഭൂമിയോ, മോശപ്പെട്ട വിളവുകള്‍ മാത്രമേ ഉല്‍പാദിപ്പിക്കുകയുള്ളൂ. നന്ദിയുള്ള ജനത്തിനുവേണ്ടി, നാം ദൃഷ്ടാന്തങ്ങളെ ഈ രീതിയില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാകുന്നു”. ( 7:58 )

മുകളില്‍ വിവരിച്ച ഉപമാലങ്കാരത്തിലെ ഭൂമിയെ ഒരു വ്യവസ്ഥയോട് ഉപമിച്ചുനോക്കു. അപ്പോള്‍ ഉത്തമ വ്യവസ്ഥിതി ഉത്തമ ഫലങ്ങള്‍ നല്‍കുകയും കെട്ട ഭൂമി മോശമായ വിളകളുമാണ് നല്‍കുക എന്ന ആശയം സ്പഷ്ടമാണ്. ഖുര്‍ആനിലെ മറ്റൊരു സൂക്തത്തില്‍ അല്ലാഹു ഇസ്ലാമിനെ ഉത്തമ ഫലം നല്‍കുന്ന ഉത്തമ വൃക്ഷത്തോടും ഉപമിച്ചിരിക്കുന്നു. ശക്തിയും അധികാരവുമുള്ള മനുഷ്യര്‍ നിര്‍മ്മിക്കുന്ന വ്യവസ്ഥിതി അവരുടെ താല്‍പര്യമാണ് സംരക്ഷിക്കുക. എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങള്‍ നീതിപൂര്‍വ്വം സംരക്ഷിക്കാന്‍ മുകളില്‍ വിവരിച്ച മൂന്ന് അടിസ്ഥനങ്ങളില്‍ പണിത ഇസ്ലാമിക വ്യവസ്ഥിതിക്ക് മാത്രമെ സാധിക്കൂ എന്നതിന് ചരിത്രം സാക്ഷിയാണ്.