‘നമസ്കാരം’: ജീവിത വിജയത്തിനുളള പരിശീലനം

ഇസ്ലാമിൻെറ രണ്ടാമത്തെ അടിസ്ഥാനവും സുപ്രധാനമായ ആരാധനയുമാണ് നമസ്കാരം. ഒരാൾ സത്യവിശ്വാസം സ്വീകരിച്ചതിന് ശേഷമുള്ള ഏറ്റവും നല്ല കർമ്മമാണത്. അന്ത്യദിനത്തിൽ ആദ്യം ചോദ്യംചെയ്യപ്പെടുന്നതും നമസ്കാരത്തെ കുറിച്ച് തന്നെ.നമസ്കാരം പ്രകാശമാണ്. നബി (സ) മരണശയ്യയിലായിരിക്കെ തന്റെ ഉമ്മതിനോട് അവസാനമായി പറഞ്ഞ കാര്യങ്ങളിൽ ഒന്ന് നമസ്കാരം തന്നെ. അത് കൺകുളിർമ്മയും ഇഹ പര വിജയത്തിലേക്കുള്ള വഴിയുമാണ്.
അറബി ഭാഷയിൽ അത് സ്വലാത് എന്നാണ് അറിയപ്പെടുന്നത്. ‘സ്വല’ എന്ന അടിസ്ഥാന പദത്തിൽ നിന്ന് നിഷക്രമിച്ചതാണ് സ്വലാത്. ബന്ധം ചേർക്കുക എന്നാണർത്ഥം. നമസ്കാരം നിർവ്വഹിക്കുക വഴി അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തലാണ് നമസ്കാരത്തിെൻറ ലക്ഷ്യം. ദിനേന അഞ്ച് നേരം നിർബന്ധമായും നിർവ്വഹിക്കേണ്ട ഈ അനുഷ്ടാനത്തിലേക്ക്, ക്ഷണിക്കുന്ന ബാങ്കിെൻറ, അവസാനത്തിൽ പറയുന്ന വചനം, സ്വലാതിലേക്ക് വരൂ….. വിജയതിലേക്ക് വരൂ എന്നാണ്.
വിജയം കൈവരിച്ച സത്യവിശ്വാസികളുടെ വിശേഷണങ്ങളിൽ ഒന്നായി ഖുർആൻ പറയുന്നത്, അവർ തങ്ങളുടെ സ്വലാതിൽ ഭയഭക്തിയുള്ളവരാണ് എന്നാണ്. അവര്‍ (സത്യവിശ്വാസികൾ) തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുന്നവരാണ്. (23:2) വിശ്വാസികളുടെ ജീവിതത്തെ സംശുദ്ധമാക്കുകയും ക്രമപ്പെടുത്തുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്നതാണ് നമസ്കാരത്തിെൻറ മുഖ്യ സവിശേഷത. അനന്തമായി ഭൂമിയിൽ കൃഷി ചെയ്യാൻ, അതിനെ പ്ലോട്ടുകളായി തിരിക്കുന്നത് പോലെ, സമയത്തെ കൈപിടിയിലൊതുക്കി ഫലപ്രദമാക്കാനുള്ള വഴികൂടിയാണ് അഞ്ച് വിത്യസ്ത സമയത്ത് നിർവ്വഹിക്കുന്ന നമസ്കാരം.
റമദാനിൽ കൃത്യമായി നമസ്കാരം നിർവ്വഹിച്ചിരുന്നവർ അത് അവസാനിച്ച ശേഷം, നമസ്കാരം ഉപേക്ഷിക്കുകയൊ അലസത കാണിക്കുകയൊ ചെയ്യുന്ന പ്രവണത കാലങ്ങളായി തുടർന്ന് വരുകയാണ്. ഇന്നും അതിന് വലിയ മാറ്റം വന്നിട്ടില്ല. റമദാൻ അവസാനിക്കുന്നതോടെ അല്ലാഹുവെ കുറിച്ച ഭയം കുറഞ്ഞുവരുകയും തങ്ങളുടെ ദേഹേഛക്ക് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ് നമസ്കാരത്തിൽ വീഴ്ച വരുത്തന്നവർ. അതാകട്ടെ ഇസ്ലാം ഗുരുതരമായ പാപമായി കാണുന്നു.
പലതരം സമീപനങ്ങൾ
നമസ്കാരത്തിൽ വീഴ്ച വരുത്തുന്നവർ പലതരം സമീപനങ്ങളാണ് അതിനോട് സ്വീകരിച്ചുവരുന്നത്. മുസ്ലിംങ്ങളിലെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ഉപേക്ഷ വരുത്തുന്ന ആദ്യത്തെ നിർബന്ധ ആരാധനയാണ് നമസ്കാരം. പിന്നീടങ്ങോട്ട് ഇസ്ലാമിക മൂല്യങ്ങളിൽ നിന്നും മുക്തമായ ജീവിതമാണ് അവർ നയിക്കുന്നത്. പരലോകത്ത് ആദ്യം ചോദ്യം ചെയ്യുന്ന ആരാധനയുടെ കാര്യത്തിലാണ് ഈ ഉദാസീന സമീപനം സ്വീകരിക്കുന്നത്.
മറ്റുചിലർ നമസ്കരിക്കാറുണ്ടെങ്കിലും, അശ്രദ്ധമായ രുപത്തിലാണ് അവർ അത് നിർവ്വഹിക്കുന്നത്. അത്തരം നമസ്കാരക്കാരെ ഖുർആൻ ശപിച്ചിട്ടുണ്ട്. (107:5,6) വേറെ ചിലരാകട്ടെ നമസ്കാരം നിർവ്വഹിക്കുന്നതിന് മുമ്പും ശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. നമസ്കാരത്തിെൻറ ലക്ഷ്യം വിവരിച്ചുകൊണ്ട് അവതരിച്ച സൂക്തം അവർ പരിഗണിക്കുന്നില്ല. ഖുർആൻ പറയുന്നു: ……………..നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു…………… (29:45)
നമസ്കാരത്തിന് നിൽക്കുേമ്പാൾ മനസ്സിൻെറ ഫോക്കസ് പലതിലേക്കും തിരിഞ്ഞുപോവുന്നവരുണ്ട്. അതിനെ പരമാവധി തടഞ്ഞുനിർത്തേണ്ടത് അനിവാര്യമാണ്. വേറെ ചിലർക്ക് ചില നമസ്കാരങ്ങൾ വലിയ ഭാരമായി അനുഭവപ്പെടുന്നു. വിശിഷ്യ ഫജ്റും അസറും നമസ്കാരങ്ങൾ. നമസ്കാരം ഉറക്കത്തെക്കാൾ ഉത്തമമാണ് എന്ന് കൂടി ഫജ്റ് നമസ്കാരത്തിലേക്കുളള ക്ഷണത്തിൽ (ബാങ്ക് വിളിയിൽ) കൂട്ടിച്ചേർക്കുന്നു. ജീവിത വിജയത്തിന് പ്രഭാതത്തിൽ ഉണരേണ്ടതിൻെറ ആവശ്യകത ഇന്ന് എല്ലാ തരം വ്യക്തിത്വവികസന ക്ലാസുകളിലും ഊന്നിപ്പറയുന്ന കാര്യമാണ്.
നമസ്കാരം റമദാൻ പോലുള്ള, വിശേഷ ദിനങ്ങളിൽ മാത്രം അനുഷ്ടിക്കേണ്ട കർമ്മമല്ല. അത് ഗണിത കൃത്യതയോടെ, സമയ ബന്ധിതമായി, പ്രവാചകൻ തിരുമേനി കാണിച്ചു തന്ന രൂപത്തിൽ നിർവ്വഹിക്കേണ്ടതാണ്. അപ്പോഴാണ് അത് വിജയത്തിലേക്കുള്ള സോപാനമായിത്തീരുന്നത്. നമസ്കാരത്തെ വേണ്ടത്ര ഗൗരവമായി പരിഗണിക്കാത്തതിനാലാവാം ഉദ്ദിഷ്ട ഫലം ലഭിക്കാത്തത്.
ജീവിത വിജയം ലഭിക്കാൻ
നമസ്കാരത്തിലേക്ക് വരൂ……. വിജയത്തിലേക്ക് വരൂ…… എന്ന നമസ്കാരത്തിലേക്കുള്ള ആഹ്വാനം അല്ലാഹുവിെൻറ വ്യാജ വാഗ്ധാനമൊ പ്രവാചകെൻറ കപട പ്രസ്താവനയൊ അല്ല. അപ്പോൾ എവിടെയാണ് അതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴവുണ്ടായത് എന്നതിനെ കുറിച്ച് ആലോചിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ടത് ജീവിത വിജയത്തിനും നമ്മുടെ സ്വർഗലബ്ദിക്കും നിർബന്ധമാണ്.
മുകളിൽ വിവരിച്ച രീതികളിൽ നിന്ന് മുക്തമായാൽ മാത്രമെ നമ്മുടെ നമസ്കാരത്തിന് അല്ലാഹു വാഗ്ധാനം ചെയ്ത പ്രതിഫലം ലഭിക്കുകയുളളൂ. ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ട് രൂപത്തിൽ അനുഷ്ടിക്കാം. സ്നേഹത്തോടെയും ഭയപ്പാടോടെയും. അല്ലാഹുവിനെ കുറിച്ച സ്നേഹത്തോട് കൂടി നമസ്കാരം നിർവ്വഹിക്കുക എന്നതാണ് അതിനുള്ള ഒരു വഴി. അല്ലാഹുവിനോടുള്ള നിഷ്കളങ്കമായ സ്നേഹത്തിൽനിന്നും പ്രചോദിതമായി ചെയ്യുന്ന നമസ്കാരം അല്ലാഹുവിൻെറ മഹത്തായ പ്രതിഫലത്തിന് അർഹമായിരിക്കും.
നമസ്കാരം എൻെറ രക്ഷിതാവിനോട് സംസാരിക്കാനുള്ള അവസരമാണ് എന്ന് കരുതി നിർവ്വഹിക്കുക. അഞ്ച് പ്രാവിശ്യം അല്ലാഹുവുമായി സന്ധിക്കാനുള്ള അസുലഭ സന്ദർഭമായും തൻെറ നീറുന്ന പ്രശ്നങ്ങൾ അല്ലാഹുവിൻെറ മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള അവസരമായും നമസ്കാരത്തെ കരുതുക.
ഏതെങ്കിലും നമസ്കാരത്തിലൊ അല്ലെങ്കിൽ രണ്ട് നമസ്കാരങ്ങൾക്കിടയിലെ ഒരു സമയത്ത് വച്ചൊ നാം ഈ ലോകത്തോട് വിടപറയേണ്ടി വരുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അത്കൊണ്ട് ഓരോ നമസ്കാര വേളയിലും ഇത് തൻെറ അവസാന നമസ്കാരമായിരിക്കാം എന്ന ബോധത്തോടെ നിർവ്വഹിക്കുന്നത് നമസ്കാരം ഫലപ്രദമാവാനുളള മറ്റൊരു വഴിയാണ്.
നമസ്കാരം നിർവ്വഹിക്കുന്നതിലൂടെ ചെറിയ പാപങ്ങൾ അപ്പോൾ തന്നെ കഴുകി കളയുന്നു. അംഗശുദ്ധീകരണം ചെയ്യുേമ്പാൾ അവയവങ്ങൾ ശുദ്ധിയാവുന്നത് പോലെ. ഖുർആൻ പറയുന്നു: പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്‌വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്‌ബോധനമാണിത്. (11:114)
നമസ്കാരത്തെ നാം കേവലം ഒരു ആത്മീയ അനുഷ്ടാനമായി വിലകുറച്ചു കാണരുത്. വളരെ ശക്തമായ സ്വാധീനമുള്ള ആരാധനയാണത്. സമയനിഷ്ഠ, അച്ചടക്കം,നേതൃപാഠവശേഷി, നല്ലൊരു പിന്തുടർച്ചക്കാരൻ (Follower) തുടങ്ങിയ നിരവധി നൈപുണ്യങ്ങൾ ആർജ്ജിക്കാൻ നമസ്കാരം ഫലപ്രദമായി നിർവ്വഹിക്കുന്നതിലൂടെ സാധിക്കുന്നതാണ്.