ഇസ്ലാമിനെ സരളമായി പരിചയപ്പെടാം

മനുഷ്യ പ്രകൃതിക്കിണങ്ങിയ മതമാണ് ഇസ്ലാം. ഈ ജീവിതത്തിലും പാരത്രിക ജീവിതത്തിലും സന്തോഷം ലഭിക്കാന്‍ അല്ലാഹു നമുക്ക് കനിഞ്ഞേകിയ വിശുദ്ധ മാര്‍ഗ്ഗമാണത്. മനുഷ്യരുടെ സ്വകാര്യ ജീവിതത്തില്‍ മാത്രം പരിമിതമായ ഒരു മതമല്ലാത്തതിനാല്‍, ഇസ്ലാം സാധാരണ അര്‍ത്ഥത്തിലുള്ള ഒരു പാരമ്പര്യ മതമല്ല. അത് മനുഷ്യൻ്റെ സകല മേഖലകളേയും ചൂഴ്ന്ന് നില്ക്കുന്ന സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയാണ്.
ഭൗതിക കാര്യങ്ങള്‍, ധാര്‍മ്മികവും സാമ്പത്തികവും സാംസ്കാരികവും നിയമപരവും ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ മേഖലകളിലും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇസ്ലാം നല്കീട്ടുണ്ട്. അതിൻ്റെ അദ്ധ്യാപനങ്ങളാകട്ടെ ലളിതവും യുക്തിഭദ്രവുമാണ്. നാം ജീവിച്ച്കൊണ്ടിരിക്കുന്ന ഈ ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതാണ് ഏറ്റവും ഉത്തമമായ കര്‍മ്മം. ലോകം നമുക്കെല്ലാവര്‍ക്കുമുള്ളതാണെന്ന് ബോധ്യമാവാന്‍ അത് സഹായിക്കുന്നു. ഖുര്‍ആന്‍ പറയുന്നു:
“മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” 49:13
ആധികാരിക ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി, ഇസ്ലാമിനെ ഹൃസ്വമായി പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ് ലക്ഷ്യമാക്കുന്നത്. അറബി ഭാഷയില്‍ ‘സില്മ്’ അഥവാ ‘സലാമ:’ എന്ന പദത്തില്‍ നിന്ന് നിഷ്പദിച്ച പദമാണ് ഇസ്ലാം. സമാധാനം, സമഗ്രത, സമര്‍പ്പണം, എന്നീ അര്‍ത്ഥങ്ങളാണ് അതിനുള്ളത്. നമുക്കും നമ്മുടെ സഹജീവികള്‍ക്കും ശാന്തിയും സമാധാനവും ലഭിക്കുന്നത് നാം ദൈവേഛക്ക് വിധേയമായി ജീവിക്കുമ്പോഴാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
മുഹമ്മദ് നബിക്ക് അവതരിച്ച ഒരു നൂതന മതമല്ല ഇസ്ലാം. പൂര്‍വ്വ പ്രവാചകന്മാര്ക്ക് അവതരിച്ചിരുന്ന മതത്തിൻ്റെ സാരസന്ദേശമാണ് മുഹമ്മദ് നബിക്കും അല്ലാഹു അവതരിച്ചത്. നോഹയും അബ്രഹാമും മോസസും യേശുവും ഈ ഗണത്തില്‍പ്പെട്ട പ്രവാചകന്മാരാണ്. മുസ്ലിംങ്ങള്‍ അവരില്‍ എല്ലാവരിലും നിര്‍ബന്ധമായും വിശ്വസിച്ചിരിക്കുകയും അവര്‍ക്കിടയില്‍ യാതൊരുവിധ വിവേചനത്തിന്്റെ ഭിത്തികള്‍ ഉണ്ടാക്കാനും പാടുള്ളതല്ല. ഖുര്‍ആന്‍ പറയുന്നു:
“നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കോടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പ്പെട്ട് കഴിയുന്നവരത്രെ.” 2:136 ഈ ആമുഖത്തിന് ശേഷം ഇസ്ലാമിൻ്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍ പരിശോധിക്കാം.
1. ഏകദൈവ വിശ്വാസം
പ്രപഞ്ചത്തിൻ്റെ സൃഷ്ടാവ്, സംരക്ഷകന്‍, പരമാധികാരി എന്നീ നിലകളില്‍ ഒരേ ഒരു ദൈവിക ശക്തിയിലുള്ള വിശ്വാസമാണ് ഏകദൈവ വിശ്വാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
2. മാലാഖമാരിലുള്ള വിശ്വാസം
അല്ലാഹുവിൻ്റെ മഹത്വം വാഴ്തുന്ന, അവൻ്റെ ആജ്ഞകള്‍ ശിരസാവഹിക്കുന്ന അഭൗതിക ഉണ്മയുള്ള മലാഖമാരില് വിശ്വസിക്കലാണത്.
3. വേദഗ്രന്ഥത്തിലുള്ള വിശ്വാസം
പ്രവാചകന്മാര്ക്കുള്ള ദൈവിക സന്ദേശം അടങ്ങിയതാണ് വേദഗ്രന്ഥങ്ങള്‍. തൗറാത്ത്, സുവിശേഷങ്ങള്‍, അവസാനം അവതരിച്ച ഖുര്‍ആന്‍ എല്ലാം വേദഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുന്നു. ഖുര്‍ആന്‍ അവതരിച്ചത് മുതല്‍ ഇന്ന്വരേയും സംരക്ഷിക്കപ്പെട്ട്കൊണ്ടിരിക്കുന്നു.
4. പ്രവാചകന്മാരിലുള്ള വിശ്വാസം
വിവിധ കാലഘട്ടങ്ങളില്‍ അല്ലാഹു നിശ്ചയിച്ച പ്രവാചകന്മാരില് വിശ്വസിക്കലാണ് അത്കൊണ്ട് ഉദ്ദ്യേശിക്കുന്നത്. നാം അനുകരിക്കേണ്ട മാതൃകാ വ്യക്തിത്വങ്ങളാണ് അവര്‍.
5. നന്മയും തിന്മയും ദൈവനിശ്ചയം
നന്മയും തിന്മയും ദൈവനിശ്ചയമാണെന്ന് വിശ്വസിക്കലാണ് ഇസ്ലാമിലെ മറ്റൊരു വിശ്വാസപ്രമാണം.
6. അന്ത്യദിനത്തിലുള്ള വിശ്വാസം
മനുഷ്യരെല്ലാവരും അല്ലാഹുവിൻ്റെ വിചാരണ നേരിടേണ്ടി വരുമെന്ന വിശ്വാസമാണത്. നമ്മുടെ നന്മ തിന്മകളെല്ലാം കൃത്യമായി അറിയുന്ന അല്ലാഹു അതിന് പ്രതിഫലവും ശിക്ഷയും നല്‍കുന്നതാണ്.
ഈ ആറ് വിശ്വാസ പ്രമാണങ്ങളോടൊപ്പം, സുപ്രധാനമായ അഞ്ച് കര്‍മ്മങ്ങള്‍ കൂടി ഒരു മുസ്ലിം നിര്‍വ്വഹിക്കേണ്ടതുണ്ട്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അവ ചുവടെ:
1. സത്യസാക്ഷ്യം നിര്‍വ്വഹിക്കുക
ആരാധനക്കര്‍ഹനായി അല്ലാഹു മാത്രമേയുള്ളൂ എന്ന് വിശ്വസിക്കലാണ് അത്കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു മുസ്ലിമിന്‍്റെ പരമമായ കടപ്പാടും അവനോട് മാത്രം. ഈ വിശ്വാസം നമ്മില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കുന്നു.
2. അഞ്ച് നേരം നമസ്കരിക്കല്‍
ഇസ്ലാമിലെ രണ്ടാമത്തെ സ്തംഭമാണ് നമസ്കാരം. പുരോഹിതനൊ മധ്യവര്ത്തിയൊ ഇല്ലാതെ അല്ലാഹുവിനോട് നേരിട്ട് സംഭാഷണം നടത്തലാണ് നമസ്കാരം. ശാന്തിയുടേയും സമാധാനത്തിൻ്റെ മറ്റൊരു തുരുത്താണ് നമസ്കാരം.
3. സകാത്ത് നല്കല്
സ്ത്രീ പുരഷ ഭേദമന്യേ തൻ്റെ സമ്പാദ്യത്തിന്്റെ ഒരു നിശ്ചിത ശതമാനം അശണര്‍ക്കും ആലംബഹീനര്‍ക്കും നിര്‍ബന്ധമായും നല്‍കലാണ് സകാത്ത്. ഇത് കൂടാതെ അല്ലാഹുവിൻ്റെ മാര്‍ഗ്ഗത്തില്‍ വിശ്വാസികള്‍ സമ്പത്ത് ചിലവഴിക്കാന്‍ ബാധ്യസ്ഥരാണ്.
4. റമദാനിലെ വൃതാനുഷ്ടാനം
സഹസൃഷ്ടികളോടുള്ള ആദ്രതയും അനുകമ്പവും വളര്‍ത്തി എടുക്കാനുള്ള ശക്തമായ മാര്‍ഗ്ഗമാണ് ഇസ്ലാമിലെ വൃതാനുഷ്ടാനം. അത്യാഗ്രഹത്തിൻ്റെ അടിവേരുകളെ അത് പിഴുതെറിയുകയൂം ആത്മീയമായ അനുഭൂതി സൃഷ്ടിക്കുകയും ചെയ്യുന്നു.
5. ഹജ്ജ് കര്‍മ്മം
പൂര്‍വ്വ പ്രവാചകരായ ഇബ്റാഹീമും ഇസ്മായിലും മക്കയില്‍ പണിതീര്‍ത്ത വിശുദ്ധഗേഹത്തിലേക്കുള്ള തീര്‍ത്ഥാടനമാണ് ഹജ്ജ്. വര്‍ണ്ണ വംശ വിത്യാസമില്ലാതെ മനുഷ്യരെല്ലാവരും ഒരുമിച്ച് നില്ക്കുന്ന അപൂര്‍വ്വ തീര്‍ത്ഥാടന സംഗമമാണ് ഹജ്ജ്. മനുഷ്യരെ എല്ലാവരേയും യോജിപ്പിക്കുന്ന മഹത്തായ കണ്ണി. ദൈവേഛക്ക് വിധേയമായി ജീവിക്കാന്‍ പരിശീലിപ്പിക്കുകയാണ് ഇസ്ലാമിലെ ആറ് വിശ്വാസപ്രമാണങ്ങളുടേയും അഞ്ച് അനുഷ്ടാനങ്ങളുടേയും ഉദ്ദ്യേശം. ഇതോടൊപ്പം സൃഷ്ടികളോട് കാരുണ്യം കാണിക്കുക എന്നതും ഇസ്ലാം മുഖ്യമായി പരിഗണിക്കുന്ന വിഷയം തന്നെയാണ്.
“ഇസ്ലാമില്‍ ഏറ്റവും നല്ല കര്മ്മമേതാണെന്ന് ആരാഞ്ഞപ്പോള്‍ നബി (സ) പറഞ്ഞു: വിശന്നവരെ ഭക്ഷിപ്പിക്കുക. നിനക്കറിഞ്ഞവരോടും അറിയാത്തവരോടും സമാധാനത്തിൻ്റെ അഭിവാദ്യം അര്‍പ്പിക്കുക.” വിശ്വസ്തത, സത്യസന്ധത, നീതി, കാരുണ്യം, നന്മ കല്പിക്കല്, തിന്മ തടയല്‍ തുടങ്ങിയ മുല്യങ്ങള്‍ക്ക് വലിയ പ്രധാന്യം നല്കിയ മതമാണ് ഇസ്ലാം. സദാ നന്മയിലധിഷ്ടിതമായ ജീവിതം നയിക്കുക. മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കരുത്. ശരിയായ ചിന്ത, ശരിയായ സംസാരം, ശരിയായ കര്‍മ്മം ഇതാണ് ഇസ്ലാം നല്കുന്ന സരളമായ സന്ദേശം. ശക്തമായ ആത്മീയബോധം ഉണ്ടാവുക, നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക. പ്രയാസമുണ്ടാവുമ്പോള്‍ ക്ഷമ കൈകൊള്ളുക, ഉള്ളത്കൊണ്ട് സംതൃപ്തനാവുക ഇതെല്ലാമാണ് ഇസ്ലാം മാനവരാശിയെ ഉദ്്ബോധിപ്പിക്കുന്നത്.
വിവ: ഇബ്റാഹീം ശംനാട്