വിഷാദരോഗത്തിന് ഇസ്‍ലാമിക പ്രതിവിധികള്‍

വിഷാദരോഗത്തിന് ഇസ്‍ലാമിക പ്രതിവിധികള്‍
  • ഫെബ്രുവരി 25, 2025
  • ഇബ്‌റാഹിം ശംനാട്

മനുഷ്യന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ദൈവിക ജീവിത വ്യവസ്ഥയാണ് ഇസ്ലാം. മനുഷ്യന്‍റെ ഏത് പ്രശ്നങ്ങള്‍ പരിശോധിച്ചാലും അവക്കെല്ലാം ഇസ്ലാമികമായ ഒരു പ്രതിവിധി കണ്ടത്തൊന്‍ കഴിയുന്നതാണ്. ഖുര്‍ആന്‍, പ്രവാചകചര്യ, ഈ രണ്ട് പ്രമാണങ്ങളില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളില്‍ ഇസ്ലാമിക പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം, ഒരു കാര്യത്തെ മറ്റൊന്നുമായി തുലനം ചെയ്ത് പരിഹാരം തേടല്‍ തുടങ്ങിയ രീതികളിലൂടെ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്നതാണ് ഇസ്ലാമിനെ കാലത്തോടൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്നത്.

ഈ കാലഘട്ടത്തിലെ പ്രതിവിധി കാണേണ്ട ഒരു മാനസിക രോഗമാണ് വിഷാദം. ഖുര്‍ആനിലും ഹദീസിലും കൂടാതെ ഇമാം ഗസ്സാലിയെ പോലുള്ള മഹാപണ്ഡിതന്മാരും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചതായി കാണാം. സന്തോഷത്തിന്‍റെയും വിഷാദത്തിന്‍റെതുമായ രണ്ട് അവസ്ഥകളിലൂടെയാണ് മനുഷ്യ മനസ്സ് കടന്ന് പോവുന്നത്. മനസ്സിന്‍റെ സന്തോഷാവസ്ഥ നമ്മെ ക്രിയാത്മകതയിലേക്കും ഉന്മേഷത്തിലേക്കും ഊര്‍ജ്ജസ്വലതയിലേക്കും നയിക്കുമ്പോള്‍, വിഷാദാവസ്ഥ നമ്മെ നിഷ്ക്രയത്വത്തിലേക്കും നിരുന്മേഷത്തിലേക്കും കര്‍മ്മവിമുഖതയിലേക്കുമാണ് നയിക്കുന്നത്. വിഷാദരോഗത്തിനുള്ള ലളിതമായ ഇസ്ലാമിക പ്രതിവിധികള്‍ ചുവടെ:

1. വിശുദ്ധ ഖുര്‍ആന്‍ പരായണം ചെയ്യുക
നമ്മുടെ രോഗങ്ങള്‍ക്കുള്ള ശമനാഷൗധമാണ് ഖുര്‍ആന്‍ പരായണം. പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഇബ്നു തൈമിയ പറഞ്ഞു:
ശരീരത്തെ സംരക്ഷിക്കുകയും സന്തോഷം ഉറപ്പ് വരുത്തുകയും ചെയ്യുന്ന അല്ലാഹുവിന്‍റെ ഗ്രന്ഥമായ ഖുര്‍ആന്‍ പരായണം ചെയ്യുന്നതിനെക്കാള്‍ മനസ്സിനേയും ആത്മാവിനേയും സന്തോഷിപ്പക്കുന്ന ഒരു കാര്യവും ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു: അതിന് ഖുര്‍ആന്‍ എത്ര പേജ് പാരായണം ചെയ്യേണ്ടതുണ്ട്?
ശൈഖ് പറഞ്ഞു: നിങ്ങള്‍ക്ക് ആവശ്യമായ സന്തോഷത്തിന്‍റെ അളവിന് തുല്യം. അഥവാ വിഷാദം നീങ്ങുന്നത് വരെ പരായണം ചെയ്യുക.

2. അല്ലാഹുവിന്‍റെ ഉത്തമ നാമങ്ങള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുക
അല്ലാഹുവിന്‍റെ നാമങ്ങള്‍ മഹത്തായ ആശയങ്ങളെ പ്രതിനിധീകരിക്കുന്നു. അവന്‍റെ നാമം ഉഛരിച്ച് പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള ശമനമായിത്തീരുന്നതാണ്. ഉദാഹരണമായി രോ​ഗത്താൽ പ്രയാസപ്പെടുന്ന ഒരാള്‍ ‘യാ ഷാഫി’ (രോഗം ഭേദമാക്കുന്നവനെ) എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് രോഗം ഭേദമാവാനുള്ള അല്ലാഹുവിന്‍റെ സഹായം ഉണ്ടാവുന്നതാണ്. പ്രവാചകന്‍ അരുളി: “അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അത് നന്നായി അറിയുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.”

3. നമസ്കാരം നിര്‍വ്വഹിക്കുക
പ്രവാചകന്‍ (സ) ഏറ്റവും ആശ്വാസം കണ്ടത്തെിയിരുന്നത് നമസ്കാരത്തിലൂടെയായിരുന്നുവെന്നത് സുവിതിതമാണ്. അനുചരനായ ബിലാലിനെ വിളിച്ച് നമ്മെ ആശ്വസിപ്പിക്കൂ എന്ന് അവിടന്ന് കല്‍പിക്കുകയും നമസ്കാരത്തിന് വിളിക്കുകയും ചെയ്തിരുന്നു. നമ്മുടെ വിവിധ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വിവിധ ഇനം നമസ്കാരങ്ങള്‍ നബി (സ) കാണിച്ചുതന്നിട്ടുണ്ട്. അതിലൊന്നാണ് ‘സലാതുല്‍ ഹാജത്’ അഥവാ ഒരു പ്രത്യേക ആവശ്യപൂര്‍ത്തീകരണത്തിനായുള്ള നമസ്കാരം. അംഗശുദ്ധി വരുത്തി രണ്ട് റകഅത് നമസ്കരിച്ച് പ്രശ്ന പരിഹാരത്തിനായി പ്രാര്‍ത്ഥിക്കലാണ് അതിന്‍റെ രീതി.

4. നബി തിരുമേനിയുടെ മേല്‍ ‘സലാത്’ ഉരുവിടുക
അറബികളുമായി ഇടകലര്‍ന്ന് ജീവിക്കുന്നവര്‍ക്ക് അറിയുന്ന കാര്യമാണ് ഇടക്കിടെ അവര്‍ നബി തിരുമേനിയുടെ മേല്‍ സലാത് ചൊല്ലല്‍. വിഷാദം നീങ്ങികിട്ടാനും സമാധാനമുണ്ടാവാനും സഹായിക്കുന്ന ഒരു പ്രാര്‍ത്ഥനാവചനമാണ് ‘സലാത്’ ഉരുവിടല്‍. നമസ്കാരത്തിലും മറ്റു സന്ദര്‍ഭങ്ങളിലും മുസ്ലിംങ്ങള്‍ പതിവായി ആ പ്രാര്‍ത്ഥന ഉരുവിടാറുണ്ട്. തന്‍റെ പ്രയാസം നീക്കി തരേണമെ എന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഫലം വര്‍ധിക്കുന്നു. നബി (സ) പറഞ്ഞു: എന്‍റെ പേരില്‍ സ്വലാത്ത് ചൊല്ലുക. വല്ലവനും എനിക്ക്വേണ്ടി ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനെ 10 വട്ടം ആശംസിക്കുന്നതാണ്.

5. അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കുക
വിഷാദമുണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ അത് തരണം ചെയ്യാനുള്ള നല്ല മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. എല്ലാ ആരാധനകളുടേയും മജ്ജയാണ് പ്രാര്‍ത്ഥന എന്ന് പ്രവാചകന്‍ അരുളുകയുണ്ടായി. ഏത് പ്രശ്നങ്ങള്‍ക്കും അല്ലാഹുവിനോട് മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കുമെന്ന് മാത്രമല്ല, അത് വലിയ ആശ്വാസവും സമാധാനവും നല്‍കുകയും ചെയ്യും. ഖുര്‍ആന്‍ പറയുന്നു: “നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം…………….” 40:60

6. ‘തവസ്സൂല്‍’ അഥവാ അല്ലാഹുവിലേക്ക് അടുക്കാനുള്ള വഴിതേടുക
ജീവിത വിജയത്തിന് വിശ്വാസികള്‍ അവലംബിക്കേണ്ട മാര്‍ഗമാണ് ‘തവസ്സൂല്‍’. ഖുര്‍ആന്‍ പറയുന്നു: “വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അവനിലേക്ക് അടുക്കാനുള്ള വഴിതേടുക. അവന്‍റെ മാര്‍ഗത്തില്‍ പരമാവധി ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുക. നിങ്ങള്‍ വിജയം വരിച്ചക്കോം.” ഖുര്‍ആന്‍ 5:35 അല്ലാഹുവിനോടടുക്കാന്‍ അവന്‍ നിശ്ചയിച്ചു തന്ന നിയമങ്ങളും നിരോധങ്ങളും പാലിക്കുകയാണ് ചെയ്യേണ്ടത്. താന്‍ ചെയ്ത ഏതെങ്കിലും സല്‍ക്കര്‍മത്തെ മാധ്യമമാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കല്‍ ഇതിലുള്‍പ്പെടുന്നതാണ്.

7. അപരനെ സന്തോഷിപ്പിക്കൂക
നമ്മുടെ സഹജീവികളെ ദിനേന എന്നോണം സന്തോഷിപ്പിച്ചുകൊണ്ടിരിക്കുക. അപരന്‍റെ മുഖത്തുള്ള സന്തോഷമാണ് നമ്മുടെ മുഖത്ത് പ്രതിബിംബിക്കുന്നത്. മറ്റൊരാളെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു നിങ്ങളേയും സഹായിച്ചുകൊണ്ടേയിരിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ടല്ലോ? ഇത്തരം സുകൃതങ്ങള്‍ ചെയ്യുന്നത് നമ്മുടെ മാനസിക സംഘര്‍ഷത്തിന് അയവുണ്ടാവുമെന്ന് മാത്രമല്ല, മരണാനന്തര ജീവിതത്തിലും നമ്മുടെ സല്‍കര്‍മ്മങ്ങളുടെ മടിത്തട്ട് കനംവെക്കാനും അങ്ങനെ സ്വര്‍ഗ്ഗം കരസ്ഥമാക്കാനും സാധിക്കുന്നതാണ്. ഇതിലൊന്നും വിഷാദം നീങ്ങുന്നില്ലെങ്കില്‍, ഒരു വിദ​ഗ്ധനെ സമീപിച്ച് പരിഹാരം ആരായുക. അപ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പതിവ് ചര്യകളില്‍ ഉള്‍പ്പെടുത്താം.