കുടുംബം തണലായിത്തീരാന്‍ 10 പദ്ധതികള്‍

കുടുംബം തണലായിത്തീരാന്‍ 10 പദ്ധതികള്‍
  • ജനുവരി 30, 2025
  • ഇബ്‌റാഹിം ശംനാട്

കുടുംബം ദൈവികവും പവിത്രവുമായ ഒരു സാമൂഹിക സ്ഥാപനമാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നൂം ഭൂമിയിലേക്ക് നിയോഗിതരായ ആദമിന്‍റെയും ഹവ്വയുടെയും ദാമ്പത്യബന്ധങ്ങളിലൂടെ കിളര്‍ത്ത്, പടര്‍ന്ന് പന്തലിച്ചതാണ് വസുദൈവ കുടുംബകം. അത് തണല്‍ നല്‍കുന്ന, പരിമളം വിശൂന്ന ഒരു വിശുദ്ധ സ്ഥാപനമാക്കണൊ അതല്ല, ചുട്കാറ്റ് അടിച്ചു വീശുന്ന, ഊഷര ഭൂമിയാക്കണൊ എന്ന് തീരുമാനിക്കേണ്ടത് അതത് കുടുംബാംഗങ്ങളാണ്.

ഒരു കുടുംബത്തിലെ അംഗങ്ങളുടെ വിവിധാവിശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും അവരെ വളര്‍ത്തികൊണ്ടുവരുന്നതിനും സാമ്പത്തിക ശേഷിക്കനുസരിച്ച് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതോടെ, കുടുംബാംഗങ്ങള്‍ക്കിടയില്‍ ബന്ധങ്ങള്‍ ഊഷ്മളമാവുകയും സഹകരണം വര്‍ധിക്കുകയും ചെയ്യും. അതിന് സഹായകമാവുന്ന ഏതാനും മാതൃക പദ്ധതികള്‍ ചുവടെ:

1. എല്ലാ കുടുംബങ്ങളിലും വൈവിധ്യമാര്‍ന്ന കഴിവുകളുള്ള കുട്ടികളെ കണ്ടത്തൊന്‍ കഴിയും. സര്‍ഗാത്മക ശേഷിയും നൈപുണ്യവുമുള്ള മിടുക്കന്മാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. അവര്‍ക്ക് പ്രോല്‍സാഹനമെന്ന നിലയില്‍ അവാര്‍ഡുകള്‍ നല്‍കി അവരെ ആദരിക്കുന്നത് അവര്‍ക്ക് പ്രോല്‍സാഹനവും മറ്റുള്ളവര്‍ക്ക് അത് പ്രചോദവുമായിരിക്കും.

2. കുടുംബത്തിലെ പിതാമഹന്മാരുടെ പേരില്‍ ഏതെങ്കിലും മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് ഒരു അവാര്‍ഡ് നല്‍കാവുന്നതാണ്. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ച് കൃത്യമായ മാനദണ്ഡങ്ങളും ഉപാധികളും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്.

3. സെക്കന്‍റെറി, ഹൈയര്‍ സെക്കന്‍റെറി പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ, അവരുടെ അഭിരുചിയും താല്‍പര്യവും മനസ്സിലാക്കി, ഉപരി പഠനത്തിന് അയക്കുവാന്‍ കുടുംബത്തില്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടായാല്‍ കുട്ടികളുടെ പഠനത്തിന് കാര്യക്ഷമത വര്‍ധിക്കുന്നതാണ്.

4. കുട്ടികളുടെ പഠനം പൂര്‍ത്തിയായ ശേഷം അവരുടെ നൈപുണ്യത്തിനനുസരിച്ച തൊഴിലുകളില്‍ പ്രവേശിപ്പിക്കുന്നത് ലക്ഷ്യംവെച്ച്, തൊഴില്‍ സഹായ പദ്ധതി ആവിഷ്കരിക്കാം. പഠനാനന്തരം അവര്‍ തൊഴിലിലൊന്നും ഏര്‍പ്പെടാതെ, സമയം പാഴാക്കുന്നത്, കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇടയാക്കിയേക്കും.

5. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യ സംരക്ഷണത്തിനായി ഒരു സംവിധാനം ആവിഷ്കരിക്കാവുന്നതാണ്. ഇന്‍ഷൂറന്‍സില്‍ ചേരണമെന്നുണ്ടെങ്കില്‍, കുടുംബത്തിന് ഒന്നിച്ച് ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍, പ്രീമിയത്തിന്‍റെ കാര്യത്തില്‍ സാമ്പത്തികമായ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

6. ഭവന നിര്‍മ്മാണം ഓരോ കുടുംബത്തിന്‍റെയും പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നാണ്. ഒരു മധ്യവര്‍ത്തി കുടുംബത്തെ സംബന്ധിച്ചേടുത്തോളം ഇന്ന് വീടെന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ പരസ്പര സഹായം കൂടിയേതീരു. ഈ ഇടത്തിലേക്കാണ് ഇന്ന് റിയല്‍ എസ്റ്റേറ്റ്കാരും പലിശ മുതലാളിമാരും കടന്നുവരുകയും അവരെ പലിശ കെണിയില്‍പ്പെടുത്തുകയും ചെയ്യുന്നത്.

7. പ്രായപൂര്‍ത്തിയായ കുട്ടികളുടെ വൈവാഹിക ആവശ്യത്തിനുള്ള സഹയങ്ങള്‍ നല്‍കുകയാണ് മറ്റൊരു പദ്ധതി. ഇന്ന് യുവതി യുവാക്കള്‍ നേരിടുന്ന വെല്ലുവളിയാണ് വൈവാഹിക ജീവിതം. സാമ്പത്തിക ബാധ്യതയും മറ്റു ഉത്തരവാദിത്വങ്ങളും അവരെ വിവാഹം കഴിക്കുന്നതില്‍ നിന്നും തടയുന്നു. ഇതിനെ മറികടക്കാന്‍ ഓരോ കുടുംബത്തിലും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാവുന്നതാണ്.

8. സ്ത്രീകളെ ശാക്തീകരിക്കാതെ ഒരു സമൂഹത്തിനും പുരോഗതി കൈവരിക്കുക സാധ്യമല്ല. അവരെ കൈപിടിച്ചുയര്‍ത്തുന്നതിനും സ്വയം പര്യപ്തരാക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ ഓരോ കുടുംബത്തിലും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്താല്‍, സ്ത്രീകളുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ്.

9. ഒരു കുടുംബത്തിന്‍റെ ഭാവി അവരുടെ ഇളം തലമുറയെ ആശ്രയിച്ചാണിരിക്കുന്നത്. അവരുടെ മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചക്ക് സഹായകരമായ പദ്ധതികള്‍ നടപ്പാക്കുകയും എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാനുള്ള വേദി ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്.

10. കുടുംബത്തിലെ മുതിര്‍ന്നവരെയും രോഗികളെയും പരിചരിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ആലോചിച്ച് നടപ്പാക്കാവുന്നതാണ്. മാസത്തില്‍ ഒരിക്കല്‍ കൂടിയിരുന്ന് ഏത് പദ്ധതി എങ്ങനെ, എപ്പോള്‍, ആരുടെ നേതൃത്വത്തില്‍ നടപ്പാക്കും എന്ന് കൂടി തീരുമാനിച്ചാല്‍, കുടുംബം ഓരോരുത്തര്‍ക്കും തണലായി മാറുന്നതാണ്.

ഈ കാര്യങ്ങളെല്ലാം ഏറെക്കുറെ നമ്മുടെ പല കുടുംബങ്ങളിലും ചെയ്തുവരുന്നുണ്ടാവാം. എന്നാല്‍ അതെല്ലാം ഒരു വ്യവസ്ഥാപിത രൂപത്തില്‍, ഒരു കുടുംബ നേതൃത്വത്തിന് കീഴില്‍ ചെയ്താല്‍, അതിന്‍റെ ഫലം വര്‍ധിക്കുകയും അത് കാലങ്ങളോളം നിലനില്‍ക്കുന്ന സുസ്ഥിര പദ്ധതികളായി മാറുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.