സാമ്പത്തിക അഭിവൃദ്ധിക്ക് ആത്മീയ വഴികള്‍

സാമ്പത്തിക അഭിവൃദ്ധിക്ക് ആത്മീയ വഴികള്‍
  • മെയ്‌ 24, 2022
  • ഇബ്റാഹീം ശംനാട്

സാമ്പത്തിക അഭിവൃദ്ധി നമ്മെളെല്ലാവരുടെയും ജീവിതത്തിലെ മഹത്തായ അഭിലാഷങ്ങളില്‍ ഒന്നാണ്. ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ നമ്മുടെയും കുടംബാംഗങ്ങളുടെയും ക്ഷേമത്തിന് സാമ്പത്തിക അഭിവൃദ്ധി അനിവാര്യമാണ്. നവലോക ഉദാര വ്യവസ്ഥിതിയില്‍, ഭരണകൂടം ക്ഷേമകാര്യങ്ങളില്‍ നിന്നും മുഖം തിരിക്കുകയാണ്. ഇത് നമ്മുടെ സാമ്പത്തിക ചുമതലകള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.

ഭൗതികവും അഭൗതികവുമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണം നമ്മുടെ ജീവിതത്തിന്‍്റെ സുഖമമായ പ്രയാണത്തിന് അനിവാര്യമാണ്. തൊഴില്‍,കച്ചവടം,കൃഷി,ഉദ്യോഗം തുടങ്ങിയ ജീവസന്ധാരണ മാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുന്നത് നമ്മുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണ്. ഭൗതികമായ പ്രയത്നം കൂടാതെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുക എന്നത് ഭക്ഷണം കഴിക്കാതെ ആരോഗ്യം ഉണ്ടാവണം എന്ന് പറയുന്നത് പോലെ നിരര്‍ത്ഥകമാണ്.

എന്ത് സമ്പാദിക്കണം, എന്ത് സമ്പാദിച്ചു കൂടാ,എങ്ങനെ സമ്പാദിക്കണം,എവിടെ നിന്നെല്ലാം സമ്പാദിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അധ്വാനിക്കാന്‍ ആഹ്വാനം ചെയ്യുന്ന മതമാണ് ഇസ്ലാം. യാചിക്കാന്‍ പുറപ്പെട്ട ഒരു അനുചരനോട് വീട്ടിലുള്ള പുതപ്പെടുത്ത് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് മഴു വാങ്ങി മരം മുറിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രവാചക നിര്‍ദ്ദേശം വിശ്രുതമാണ്. അതോടൊപ്പം ആത്മീയ വഴികളും ആവശ്യമാണെന്ന് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിച്ചിട്ടുണ്ട്.

ആത്മീയ വഴികള്‍
സാമ്പത്തിക അഭിവൃദ്ധിക്ക് അദ്ധ്വാനത്തോടൊപ്പം, ആത്മീയ വഴികളും പിന്തുടരണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആ വഴികള്‍ പിന്തുടര്‍ന്നാല്‍, മനശ്ശാന്തിയും അവന്‍്റെ മഹത്തായ അനുഗ്രഹങ്ങളും ലഭിക്കും. അതില്‍ ഏറ്റവും പ്രധാനം ഇസ്തിഗ്ഫാറാണ്. ഞാന്‍ പാപമോചനാഭ്യര്‍ത്ഥന നടത്തുന്നു എന്ന് പ്രാര്‍ത്ഥിക്കലാണ് അത്. എല്ലാ സന്ദര്‍ഭങ്ങളിലും ഉരുവിടാവുന്ന പ്രാര്‍ത്ഥന. ഇസ്തിഗ്ഫാറിന്‍്റെ മാധുര്യം നാവിലുണ്ടാവുമ്പോള്‍ ദാരിദ്ര്യത്തെ· ഇല്ലാതാക്കാനും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനും കഴിയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:

നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവീന്‍. അവങ്കലേക്ക് പാശ്ചാതപിച്ച് മടങ്ങുവീന്‍. എങ്കില്‍ ഒരു നിശ്ചിത കാലയളവ് വരേ അവന്‍ നിങ്ങള്‍ക്ക് മെച്ചമായ ജീവിത വിഭവങ്ങള്‍ നല്‍കുന്നതാകുന്നു. ശ്രേഷ്ടതയുള്ളവര്‍ക്ക് അവരുടെ ശ്രേഷ്ടതയനുസരിച്ച് പ്രതിഫലം നല്‍കുന്നതാകുന്നു. എന്നാല്‍ പിന്തിരിയുകാണെങ്കിലൊ, ഞാന്‍ ഭീകരമായ ഒരു മഹാ ദിനത്തിലെ ശിക്ഷയെ ഭയപ്പെടുന്നു. 11:3-4

ഖലീഫ ഉമര്‍ രാജ്യം ഭരിച്ച് കൊണ്ടിരിക്കെ ഒരു വര്‍ഷം വരള്‍ച്ച നേരിട്ടപ്പോള്‍ അദ്ദേഹം മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കുകയുണ്ടായി. ആ പ്രര്‍ത്ഥനയില്‍ പാപമോചനാഭ്യര്‍ത്ഥന മാത്രമേ അദ്ദേഹം നിര്‍വ്വഹിച്ചുള്ളൂ.ആളുകള്‍ ഖലീഫയോട് ബോധിപ്പിച്ചു: ‘‘അങ്ങ് മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചില്ലല്ളോ. അദ്ദേഹം പറഞ്ഞു: ‘‘ഞാന്‍ ആകാശത്തിന്‍്റെ മഴ വര്‍ഷിക്കുന്ന വാതിലുകള്‍ മുട്ടിയിട്ടുണ്ട്.’’ അനന്തരം അദ്ദേഹം സൂറ നൂഹിലെ ഈ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു.

നൂഹ് പറഞ്ഞു: ‘റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുവനാകുന്നു. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്ത·രും.’ 71:10-12

അല്ലാഹുവിനെ ഭയപ്പെട്ട് അവന്‍്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുക അഥവാ തഖ്വാപരമായ ജീവിതം നയിക്കുകയാണ് നമ്മടെ ആഹാരമുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കിട്ടാനുള്ള മറ്റൊരു മാര്‍ഗ്ഗം. അങ്ങനെ ഭക്തിയോടെ ജീവിതം നയിക്കുന്നവര്‍ക്ക് ഈ ലോകത്ത് തന്നെ പ്രതിഫലമുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:

ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന് വിഷമങ്ങളില്‍ നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗ്ഗമുണ്ടാക്കി കൊടുക്കും.ഊഹിക്കുക പോലും ചെയ്യാത്ത മാര്‍ഗ്ഗത്തിലൂടെ അവന് വിഭവമരുളുകയും ചെയ്യും. (65:2,3) അല്ലാഹുവിനെ കുറിച്ച സദാബോധമാണ് തഖ്വ കൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ നന്മയല്ലാതെ മറ്റൊന്നും ചെയ്യാന്‍ നാം മുതിരുകയില്ല.

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കുക. ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിച്ചാല്‍ അവന് അല്ലാഹു മതി എന്ന് ഖുര്‍ആന്‍ പറയുന്നു. നബി (സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ട വിധം ഭരമേല്‍പിച്ചാല്‍,വിശന്ന വയറുമായി പുറപ്പെടുകയും നിറഞ്ഞ വയറുമായി തരിച്ച് വരുകയും ചെയ്യുന്ന പറവകളെപോലെ നിങ്ങളേയും അല്ലാഹു അന്നം ഊട്ടുന്നതാണ്.

ഒരു ഹജ്ജ് വേളയില്‍ ഖലീഫ ഉമര്‍ (റ) യാചിക്കുന്ന കുറേ പേരെ കാണനിടയായി. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ ആരാണ്? അവരുടെ പ്രതികരണം: ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍. ഉമര്‍ ഗര്‍ജ്ജിച്ചു: കളവാണ് നിങ്ങള്‍ പറഞ്ഞത്. അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍ എന്ന് പറഞ്ഞാല്‍ ഭൂമിയില്‍ വിത്തിടുകയും പിന്നെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്തവരാണ്.

അല്ലാഹുവിന്‍്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കലാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള മറ്റൊരു വഴി. നബി (സ) പറഞ്ഞു:നീ ചിലവഴിക്കുക. നിനക്ക് വേണ്ടിയും ചിലവഴിക്കപ്പെടും. ധര്‍മ്മിഷ്ടനായ ഒരു വ്യാപാരിയുടെ ഒര കഥ ഇങ്ങനെ: കച്ചവട ലാഭത്തിന്‍്റെ നാലിലൊരംശം അദ്ദേഹം ദാനധര്‍മ്മങ്ങള്‍ക്കായി നീക്കിവെക്കുമായിരുന്നു. ഇത് കാരണമായി അല്ലാഹു അദ്ദേഹത്തിന് അളവറ്റ നന്മകള്‍ ചൊരിഞ്ഞ് കൊടുത്തു. സമ്പത്ത് വര്‍ധനവിന്‍്റെ രഹസ്യം അന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞു: നാലില്‍ ഒന്ന് ദൈവ മാര്‍ഗ്ഗത്തില്‍ നീക്കിവെക്കുന്നതാണ് അതിന്‍്റെ പൊരുള്‍ എന്ന്.

കുടുംബബന്ധം പുലര്‍ത്തുകയാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള മറ്റൊരു ആത്മീയ വഴി. നബി ി (സ) പറഞ്ഞു: ഒരാളുടെ റിസ്ഖ് വര്‍ധിപ്പിക്കുന്നതിലെ രഹസ്യങ്ങളില്‍പ്പെട്ടതാണ് കുടുംബ ബന്ധം ചാര്‍ത്തല്‍. ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ തുടര്‍ച്ചയായി നിര്‍വ്വഹിക്കുന്നത് ദാരിദ്രത്തെ ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ആത്മീയ മാര്‍ഗ്ഗങ്ങളാണ്. തീ ഇരുമ്പിലെ കീടങ്ങള്‍ നീക്കം ചെയ്യുന്നത് പോലെ ഹജ്ജ്, ഉംറ ദാരിദ്ര്യവും പാപങ്ങളും ഇല്ലാതാക്കുമെന്ന് നബി (സ) പറഞ്ഞു.

വന്‍പാപങ്ങള്‍ വര്‍ജ്ജിക്കുകയാണ് സാമ്പത്തിക വര്‍ധനവിനുള്ള മറ്റൊരു വഴി. അല്ലാഹു നിശ്ചയിച്ച പരിഥി ലംഘിക്കുന്നത് അവന്‍്റെ കോപത്തിന് കാരണമാവും. മുകളില്‍ വിവരിച്ച കാര്യങ്ങള്‍ നടപ്പിലാക്കി, അധ്വാനിച്ചാല്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാവുമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പക്ഷെ പലപ്പോഴും മനുഷ്യന്‍ ആ സമൃദ്ധിക്ക് ശേഷം അല്ലാഹുവിനെ വിസ്മരിക്കുന്നു. അതിന് തിരിച്ചടി ഇഹലോകത്തും പരലോകത്തും ലഭിക്കും.

ആഹാരമുള്‍പ്പടെയുള്ള മനുഷ്യന്‍്റെ ആവിശ്യപൂര്‍ത്തീകരണം ഖുര്‍ആനിലും നബി വചനങ്ങളിലും നിരവധി തവണ പരാമര്‍ശിച്ച വിഷയങ്ങളാണ്. അല്ലാഹുവിന്‍്റെ തീരുമാനമനുസരിച്ച് അവന്‍ കണക്കാക്കിയ വിഹിതം ലഭിക്കുമെന്നും അത് ഒരു നിശ്ചിത കലാവധിവരെയാണെന്നും മറ്റുള്ളവരുടെ വിശപ്പിന്‍്റെ വേദന അനുഭവിക്കണമെന്നും അമിതമായ ആശങ്കകള്‍ ആവിശ്യമില്ളെന്നുമാണ് ആ ഉദ്ബോധനങ്ങളുടെ കാതല്‍. ഖുര്‍ആന്‍ പറയുന്നു:

എത്ര എത്ര ജന്തുക്കള്‍! അവ തങ്ങളുടെ അന്നവും ചുമന്ന് നടക്കുന്നില്ല. അല്ലാഹു അവക്ക് അന്നം നല്‍കുന്നു. നിങ്ങളുടേയും അന്നദാതാവ് അവന്‍ തന്നെ. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (29:60) പാവപ്പെട്ടവനായി ഒരാള്‍ ജനിക്കുന്നത് അയാളുടെ പാപമല്ല. എന്നാല്‍ അയാള്‍ പാവപ്പെട്ടവനായി മരണമടയുന്നത് അയാളുടെ തെറ്റാണ് എന്ന് ബില്‍ ഗെയ്റ്റ് പറഞ്ഞത് എത്ര അന്വര്‍ത്ഥം!