മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍: ധന സഹായത്തിന്‍റെ വേറിട്ട വഴി

മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍: ധന സഹായത്തിന്‍റെ വേറിട്ട വഴി
  • ജൂൺ 10, 2022
  • ഇബ്റാഹീം ശംനാട്

ഉപജീവന മാര്‍ഗം കണ്ടത്തെുക എന്നത് നമ്മുടെ നിലനില്‍പിന് അനിവാര്യമായ ഘടകമാണ്. അത് കൃഷിയൊ, കച്ചവടമൊ, ഉദ്യോഗമൊ എന്തുമാവാം. ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധം വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടങ്ങള്‍ താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ ആഗോളവല്‍കരണത്തിന്‍റെയും ഉദാരവല്‍കരണത്തിന്‍റെയും ഫലമായി ജനക്ഷേമ കാര്യങ്ങളില്‍ നിന്ന് പൊതുവെ സര്‍ക്കാറുകള്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

വിദ്യഭ്യാസത്തിന് പ്രചാരം ലഭിച്ചതോടെ കലാലയങ്ങളില്‍ നിന്ന് ബിരുദവും ബിരദാനന്തര ബിരുദവും നേടി പുറത്ത് വരുന്നവര്‍ക്കെല്ലാം ജോലി ലഭ്യമാക്കുക എന്നത് സര്‍ക്കാറുകള്‍ക്ക് ഭാരമായി മാറിയിരിക്കുകയാണ്. കോര്‍പറേറ്റ് കമ്പനികള്‍ക്കും തൊഴില്‍ സൃഷ്ടിക്കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമായി, അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ജീവിതായോധന മാര്‍ഗം കണ്ടത്തൊന്‍ അവരെ സഹായിക്കേണ്ടത് സര്‍ക്കാറുകളുടെ മാനുഷിക ബാധ്യതയാണ്.

ആ നിലക്ക് തൊഴിലന്വേഷകരെ സ്വയം സംരംഭരാക്കുകയും അവര്‍ക്ക് ഒരു കൈതാങ്ങ് നല്‍കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ അഭിമുഖീകരിക്കുന്ന ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാനും അവര്‍ക്ക് മതിയായ ജീവിത നിലവാരം ഉറപ്പ് വരുത്താനും അതിലൂടെ സാധിക്കും. ഇവിടെയാണ് മൈക്രോ ഫൈനാന്‍സ് അഥവാ ധന സഹായത്തിന്‍റെ വേറിട്ട വഴി പ്രസക്തമാവുന്നത്. സ്വയം സംരംഭകരെ അലട്ടുന്ന പ്രശ്നമാണ് മൂലധന സമാഹരണം.

ബംഗ്ളാദേശ് മാതൃക
പൊതുവെ പരമ്പരാഗത ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് കടം നല്‍കാന്‍ വൈമനസ്യം പ്രകടിപ്പിക്കുകയൊ അല്ലെങ്കില്‍ കടുത്ത ഉപാധികളോടെ അവരെ വീര്‍പ്പ് മുട്ടിക്കുകയൊ ചെയ്യുന്നു. ഇതിനെ നേരിടാന്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നു എന്നത് ശുഭോതര്‍ക്കമാണ്. അത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതിന്‍റെ മാതൃക ബംഗ്ളാദേശ് പോലുള്ള രാജ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

ബംഗ്ളാദേശില്‍ ഇത്തരം പദ്ധതികളുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ഡോ.മുഹമ്മദ് യൂനുസിന് നോബല്‍ സമ്മാനം നേടികൊടുത്തതില്‍ അദ്ദേഹത്തിന്‍റെ മൈക്രോ ഫൈനാന്‍സ് ചിന്തകള്‍ക്ക് വലിയ പങ്കുണ്ട്. സാധാരണക്കാരുടെ ആളോഹരി വരുമാനം വര്‍ധിപ്പിക്കാനും അവരുടെ ജീവിതം പരിവര്‍ത്തിപ്പിക്കാനും ദാരിദ്ര്യത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനും സാധിച്ചതാണ് ഡോ.മുഹമ്മദ് യൂനുസിനെ ശ്രദ്ധേയനാക്കാന്‍ കാരണം.

ഇത് സംബന്ധമായ അദ്ദേഹത്തിന്‍റെ സുചിന്തിത കാഴ്ചപ്പാട് ഈ വാക്കുകളില്‍ വ്യക്തമാണ്: “ദാരിദ്ര്യം എന്ന പ്രശ്നം പാവപ്പെട്ടവര്‍ സൃഷ്ടിച്ചതല്ല. നിലവിലുള്ള സാമൂഹ്യ ഘടനയുടേയും സമൂഹം പിന്തുടര്‍ന്ന് വന്ന നയനിലപാടുകളുടേയും തിക്ത ഫലമാണത്. അത്കൊണ്ട് ഘടന മാറ്റുക; അപ്പോള്‍ പാവപ്പെട്ടവര്‍ അവരുടെ ജീവിത രീതി മാറ്റുന്നത് നിങ്ങള്‍ക്ക് കാണാം.”

മൈക്രോ ഫൈനാന്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍
സമൂഹത്തില്‍ നിന്ന് ദാരിദ്ര്യ വിപാടനം ചെയ്യുക, പാവപ്പെട്ടവര്‍ക്ക് ധനസഹായവും കടവും നല്‍കുക, സമ്പാദിക്കാന്‍ പ്രേരിപ്പിക്കുക, അതിനുള്ള സംവിധാനം ഉണ്ടാക്കുക, മറ്റ് സാമ്പത്തിക സേവനങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി അവരെ സഹായിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നു. ദുര്‍ബലരും വിധവകളുമായ നിരവധി സ്ത്രീകളെ സ്വയം പര്യപ്തരാക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

കോര്‍പറേറ്റുകളെ സഹായിക്കുകയാണ് പരമ്പരാഗത ബാങ്കുകള്‍ ചെയ്ത്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് ഭീമമായ തുക കടം നല്‍കുകയും അത് ദീര്‍ഘകാലത്തിന് ശേഷം എഴുതി തള്ളുകയും ചെയ്യുന്നു. വന്‍കിടക്കാരെ സഹായിക്കുന്ന ബാങ്കുകള്‍ ചെറുകിട സംരംഭകരോട് ഉദാസീന നയം കൈകൊള്ളുന്നതിനെ നേരിടാനുള്ള ശക്തമായ മാര്‍ഗമാണ് മൈക്രോ ഫൈനാന്‍സ്. ചെറുകിട കുടില്‍ വ്യവസായങ്ങളും കച്ചവടങ്ങളും കൃഷിയുമെല്ലാം ചെയ്യാന്‍ പൗരാന്മാരെ സഹായിക്കുമ്പോള്‍ രാജ്യത്തെ ദാരിദ്ര നിര്‍മ്മാര്‍ജനത്തിലും തൊഴില്‍ മേഖലയിലും അത് പുത്തനുണര്‍വ്വ് സൃഷ്ടിക്കും.

മൈക്രോ ഫൈനാന്‍സ് സംവിധാനങ്ങള്‍
മൈക്രോ ഫൈനാന്‍സ് സംവിധാനങ്ങള്‍ ഇന്ന് മുഖ്യമായും മൂന്ന് തലത്തിലാണ് പ്രവൃത്തിച്ച് കൊണ്ടിരിക്കുന്നത്.

1. നാമമാത്ര പലിശ ഈടാക്കുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍. ബംഗ്ളാദേശിലെ ഗ്രാമീണ ബാങ്കുകള്‍ പ്രവൃത്തിച്ച് വരുന്നത് ഇതിന് ഉദാഹരണമാണ്.

2. ജീവകാരുണ്യപരമായ ലക്ഷ്യം മുന്‍നിര്‍ത്തി ലാഭവും നഷ്ടവുമില്ലാതെ പ്രവൃത്തിക്കുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളാണ് രണ്ടാമത്തേത്.

3. ഇസ്ലാമിക ശരീഅത്തിന്‍റെ അടിസ്ഥാനത്തില്‍ ലാഭ-നഷ്ടത്തില്‍ പങ്കാളിത്ത്വം വഹിച്ച്കൊണ്ടുള്ള രീതിയാണ് മൂന്നമത്തേത്. യൂറോപ്പ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ആരംഭിക്കേണ്ടത് എങ്ങനെ?
രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ ചട്ടകൂടിനകത്ത് നിന്ന്, വ്യക്തികളൊ അല്ലെങ്കില്‍ ചെറിയ കൂട്ടായ്മകളൊ ചേര്‍ന്ന് നിയമവിധേയമായി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങാം. മിതമായ ലാഭം പ്രതീക്ഷിക്കാം. നിയമപരമായും സുതാര്യമായും പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്. ഇന്ത്യ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെങ്കിലും, പട്ടിണിയും ദാരിദ്ര്യവും വര്‍ധിക്കുകയാണ്. അതിനുള്ള പരിഹാരമെന്ന നിലയില്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പാവപ്പെട്ടവരെ സഹായിക്കാന്‍ സാധിക്കും.

ലോക ബാങ്ക് ഈയിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 7000 തോളം മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്നുണ്ട്. 16 മില്യന്‍ ആളുകള്‍ക്ക് ഇതിന്‍റെ നേരിട്ടുള്ള പ്രയോജനം കിട്ടുന്നു. മൊത്തം വരുമാനം 2.5 ബില്യന്‍ ഡോളര്‍ ആണ്. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനും ഇല്ലാത്തവരെ കൈപിടിച്ചുയര്‍ത്താനും മൈക്രോ ഫൈനാന്‍സ് സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് ഈ പഠനത്തില്‍ നിന്ന് വ്യക്തമാണ്.

നിരവധി മേഖലകള്‍
മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ കഴിയുന്ന മേഖലകള്‍ നിരവധിയാണ്. ചില്ലറ വില്‍പന കടകള്‍, തെരുവ് കച്ചവടം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, വിവിധ തരം സേവനങ്ങള്‍ നല്‍കല്‍,ഭക്ഷ്യ സംസ്കരണം തുടങ്ങിയ നിരവധി മേഖലകളില്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്ക് സഹായിക്കാനാവും. പരമ്പരാഗത ബാങ്കുകളുടെ അമിതമായ പലിശ നിരക്ക് ചെറുകിട സംരംഭങ്ങളെ നിരുല്‍സാഹപ്പെടുത്തുമ്പോള്‍, മൈക്രൊ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ അവര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്നു.

പരിമിധികള്‍
എല്ലാ കാര്യങ്ങള്‍ക്കും അതിന്‍റെ മേന്മകള്‍ ഉള്ളതോടൊപ്പം പരിമിധികളുണ്ടാവുക സ്വാഭാവികമാണ്. കടംകൊടുത്ത തുക തിരിച്ചുപിടിക്കാന്‍ കഴിയാതെ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാവുന്നു. കടം വാങ്ങുന്നവരെ തിരിച്ചടവിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഈ പരിമിധികളെ മറികടക്കാം. കടംപറ്റിയ സ്ഥാപനങ്ങളെ നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കുകയും ചെയ്യുക. സ്വര്‍ണ്ണമൊ മറ്റൊ ഈടായി വാങ്ങുകയും സാക്ഷികളെ നിര്‍ത്തി മാത്രം കടം നല്‍കുക. പങ്കാളിത്ത കച്ചവടത്തെ കുറിച്ചും ആലോചിക്കാം. സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുകയും ചെയ്യാവുന്നതാണ്.